ന്യൂഡൽഹി∙ മുഗൾ രാജാവ് ഷാജഹാൻ താജ് മഹൽ നിർമിച്ചില്ലായിരുന്നെങ്കിൽ പെട്രോള്‍ ഇന്ന് 40 രൂപയ്ക്ക് കിട്ടുമായിരുന്നുവെന്ന് ഹൈദരാബാദ് എംപി അസദുദ്ദീൻ ഉവൈസി. ഇന്ത്യയിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം മുഗൾ രാജാക്കന്മാരും മുസ്‌ലിംകളും ആണെന്ന ഭരണകക്ഷിയുടെ കുറ്റപ്പെടുത്തലിനെ ഉപമിച്ച് ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പരിഹസിച്ച് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു ഓൾ ഇന്ത്യ മജ്‌ലിസ് ഇത്തെഹാദുൽ മുസ്‌ലിമീൻ അധ്യക്ഷൻ കൂടിയായ ഉവൈസി.
‘രാജ്യത്തെ യുവാക്കൾ തൊഴിൽരഹിതരാണ്. വിലക്കയറ്റം വർധിക്കുന്നു. ലീറ്ററിന് 102 രൂപയ്ക്കാണ് ഡീസൽ വിൽക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ല, ഔറംഗസേബ് ആണ് ഇതിനെല്ലാം ഉത്തരവാദി. അക്ബർ ചക്രവർത്തിയാണ് തൊഴിലില്ലായ്മയ്ക്ക് ഉത്തരവാദി.
പെട്രോൾ വിലവർധനയ്ക്കു ഉത്തരവാദി താജ് മഹൽ നിർമിച്ചയാളാണ്. അദ്ദേഹം താജ് മഹൽ നിർമിച്ചില്ലായിരുന്നെങ്കിൽ പെട്രോൾ ഇന്ന് 40 രൂപയ്ക്കു വിൽക്കാമായിരുന്നു. മിസ്റ്റർ പ്രൈംമിനിസ്റ്റർ. താജ് മഹലും ചെങ്കോട്ടയും ഷാജഹാൻ നിർമിച്ചത് തെറ്റാണെന്ന് ഞാൻ അംഗീകരിക്കാം. അദ്ദേഹം ആ പണമെല്ലാം സ്വരുക്കൂട്ടിവച്ച് 2014ൽ മോദിജിക്ക് കൊടുക്കണമായിരുന്നു. എല്ലാ വിഷയങ്ങളിലും മുസ്‌ലിംകളും മുഗൾ രാജാക്കന്മാരും ആണ് ഉത്തരവാദികൾ’ ട്വിറ്ററിൽ പങ്കിട്ട വിഡിയോയിൽ പറയുന്നു.
‘മുഗൾ രാജാക്കന്മാർ മാത്രമാണോ ഇന്ത്യ ഭരിച്ചിരുന്നത്? അശോക ചക്രവർത്തി ഭരിച്ചിരുന്നില്ലേ? ചന്ദ്രഗുപ്ത മൗര്യ ഭരിച്ചിരുന്നില്ലേ? എന്നാൽ ബിജെപിക്കാർ മുഗൾ രാജാക്കന്മാരെ മാത്രമേ കാണുകയുള്ളൂ. അവർ മുഗൾ രാജാക്കന്മാരെ ഒരു കണ്ണിലും പാക്കിസ്ഥാനെ മറ്റൊരു കണ്ണിലും കാണുന്നു.
‘മുഗൾ വംശജരുമായോ പാക്കിസ്ഥാനുമായോ ഇന്ത്യയിലെ മുസ്‌ലിംകൾക്ക് ഒരു ബന്ധവുമില്ല. മുഹമ്മദ് അലി ജിന്നയുടെ നിർദേശത്തെ ഞങ്ങൾ തള്ളിക്കളഞ്ഞതാണ്. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ഈ വർഷം ആഘോഷിക്കും. ജിന്നയുടെ നിർദേശത്തെ തള്ളി ഇന്ത്യയിൽ ജീവിക്കാൻ തീരുമാനമെടുത്ത പൂർവപിതാക്കന്മാർക്ക് സാക്ഷികളാണ് ഈ രാജ്യത്തെ 20 കോടി മുസ്‌ലിംകൾ. ഇന്ത്യ ഞങ്ങളുടെ പ്രിയപ്പെട്ട രാജ്യമാണ്. ഞങ്ങൾ ഇന്ത്യയെ ഉപേക്ഷിക്കില്ല. നിങ്ങൾ എത്ര മുദ്രാവാക്യങ്ങൾ വിളിച്ചാലും, പോകണമെന്ന് ആവശ്യപ്പെട്ടാലും ഞങ്ങളിവിടെ ജീവിച്ചു മരിക്കും’ – ഉവൈസി കൂട്ടിച്ചേർത്തു.
English Summary: Asaduddin Owaisi Blames Taj Mahal For Petrol Price Hike, Here's Why