രാഹുലിന്റെ വ്യാജവിഡിയോ: അറസ്റ്റ് തടയാന്‍ ചാനല്‍ അവതാരകനെ 'റാഞ്ചി' യുപി പൊലീസ്‌

Rohit Ranjan (Photo - Twitter / @ARanganathan72) | Rahul Gandhi (Photo - Twitter / @RahulGandhi)
1) സീ ടിവി ന്യൂസ് അവതാരകൻ രോഹിത് രഞ്ജൻ (Photo - Twitter / @ARanganathan72). 2) രാഹുൽ ഗാന്ധി (Photo - Twitter / @RahulGandhi)
SHARE

ന്യൂഡൽഹി∙ രാഹുൽ ഗാന്ധി വയനാട്ടില്‍ നടത്തിയ പരാമര്‍ശം വളച്ചൊടിച്ച് വ്യാജ പ്രചാരണം നടത്തിയെന്ന കേസിൽ സീ ടിവി ന്യൂസ് അവതാരകൻ രോഹിത് രഞ്ജനെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. രോഹിതിനെ കസ്റ്റഡിയിലെടുക്കാന്‍ ഛത്തിസ്ഗഡ് പൊലീസ് രോഹിതിന്റെ ഗാസിയാബാദിലെ വീട്ടിലെത്തിയതോടെയാണ് യുപി പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. യുപി പൊലീസിനെ അറിയിച്ചില്ലെന്ന് രോഹിത് നിലപാട് എടുത്തുവെങ്കിലും കോടതി ഉത്തരവുണ്ടെന്നു റായ്പുർ പൊലീസ് അറിയിക്കുകയായിരുന്നു.

ഛത്തിസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ രോഹിത് ഉച്ചത്തിൽ സംസാരിക്കുകയും വാഗ്വാദത്തിൽ ഏർപ്പെടുകയും ചെയ്യുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. പുലർച്ചെ അഞ്ചരയോടെ ഛത്തിസ്ഗഡ് പൊലീസ് വീട്ടിലെത്തിയതിനു പിന്നാലെ രോഹിത് യുപി പൊലീസിന് എസ്ഒഎസ് സന്ദേശം അയയ്ക്കുകയായിരുന്നു. തന്നെ കസ്റ്റഡിയിൽ എടുക്കുന്ന വിവരം പ്രാദേശിക പൊലീസിനെ അറിയിച്ചില്ലെന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം. വാറന്റ് ഉണ്ടെങ്കിൽ മറ്റാരെയും അറിയിക്കേണ്ട കാര്യമില്ലെന്ന നിലപാടാണ് ഛത്തിസ്ഗഡ് പൊലീസ് സ്വീകരിച്ചത്. ഇതിനിടെ ഗാസിയാബാദ് പൊലീസ് എത്തി രോഹിതിനെ കസ്റ്റഡിയില്‍ എടുത്ത് കൊണ്ടുപോകുകയായിരുന്നു. നിലവിൽ ഗാസിയാബാദ് പൊലീസിന്റെ കസ്റ്റഡിയിലാണ് രോഹിത്.

ഓഫിസിൽ അക്രമം നടത്തിയ എസ്എഫ്ഐക്കാരോട് ക്ഷമിച്ചുവെന്നു കഴിഞ്ഞ ദിവസം വയനാട്ടിൽ രാഹുൽ പറഞ്ഞത്, നൂപുർ ശർമയെ അനുകൂലിച്ചതിന്റെ പേരിൽ രാജസ്ഥാനിലെ ഉദയ്പുരിൽ തയ്യൽക്കാരനെ കൊലപ്പെടുത്തിയവരെക്കുറിച്ചാണെന്ന രീതിയിൽ സീ ടിവി ചാനൽ വാർത്ത നൽകിയിരുന്നു. ഇവ പ്രചരിപ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. വിവാദമായതിനെത്തുടർന്ന് വാർത്ത പിൻവലിച്ച് ചാനൽ മാപ്പു പറഞ്ഞിരുന്നു.

Rahul Gandhi (Photo by Prakash SINGH / AFP)
രാഹുൽ ഗാന്ധി (ഫയൽ ചിത്രം) (Photo by Prakash SINGH / AFP)

ഇതേ കേസിൽ ബിജെപി എംപിമാരായ രാജ്യവർധൻ സിങ് രാത്തോഡ്, സുബ്രത് പാഠക് എന്നിവരടക്കം 5 പേർക്കെതിരെ ഛത്തീസ്ഗഡ് പൊലീസ് കേസെടുത്തു. കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. രാജസ്ഥാൻ പൊലീസും രാത്തോഡിനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഡൽഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, യുപി എന്നിവിടങ്ങളിലും ബിജെപി നേതാക്കൾക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.

വ്യാജ വാർത്ത പ്രചരിപ്പിച്ച നേതാക്കൾക്കെതിരെ 24 മണിക്കൂറിനകം കർശന നടപടിയെടുത്തില്ലെങ്കിൽ പൊലീസിനെ സമീപിക്കുമെന്നറിയിച്ച് ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡയ്ക്കു കോൺഗ്രസ് മാധ്യമവിഭാഗം മേധാവി ജയറാം രമേശ് കത്തയച്ചിരുന്നു. നടപടിയെടുക്കാൻ ബിജെപി തയാറാകാത്ത സാഹചര്യത്തിലാണു പൊലീസിനെ സമീപിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.

English Summary: Case against BJP MP's including Rajyavardhan Singh Rathore for fake video on Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS