ADVERTISEMENT

തിരുവനന്തപുരം∙ ഭരണഘടനയെ മോശമായി ചിത്രീകരിച്ചുള്ള വിവാദ പ്രസംഗത്തിലൂടെ സാംസ്കാരിക മന്ത്രി സജി ചെറിയാൻ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന ആരോപണത്തിൽ പ്രതികരിച്ച് നിയമവിദഗ്ധർ. ബ്രിട്ടിഷുകാരൻ പറഞ്ഞു കൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാർ എഴുതിവച്ചു എന്ന പരാമർശം ഭരണഘടനാ ശിൽപി ഡോ.ബി.ആർ. അംബേദ്ക്കറോടുള്ള അവഹേളനമാണെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

1971ലെ ദ് പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷനൽ ഹോണർ ആക്ട് അനുസരിച്ച് വാക്കിലൂടെയോ പ്രസംഗത്തിലൂടെയോ ദേശീയ പതാകയെയോ ഭരണഘടനയെയോ അപമാനിച്ചാൽ മൂന്നു വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. ഭരണഘടനയെ മന്ത്രി അവഹേളിച്ചതായി ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ ഗവർണർക്ക് സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെടാം. റിപ്പോർട്ട് പരിശോധിക്കുമ്പോൾ സത്യപ്രതിജ്ഞാ ലംഘനം ഉണ്ടായതായി കണ്ടെത്തിയാൽ മുഖ്യമന്ത്രിയോട് മന്ത്രിയുടെ രാജി ആവശ്യപ്പെടാൻ നിർദേശിക്കാം.

സത്യപ്രതിജ്ഞാ ലംഘനവും ക്രിമിനൽ കുറ്റവുമാണ് മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് റിട്ട.ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. ജനാധിപത്യത്തിൽ ഭരണഘടനയെ ഉൾപ്പെടെ വിമർശിക്കാൻ അവകാശമുണ്ടെങ്കിലും അക്ഷേപിക്കാൻ കഴിയില്ല. രാജ്യത്തിന്റെ ഭരണഘടനയോട് നിർവ്യാജമായ വിശ്വസ്തതയും കൂറും പുലർത്തുമെന്നാണ് ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്യുന്നത്. സത്യപ്രതിജ്ഞാ ലംഘനമാണ് നടന്നിരിക്കുന്നത്. മന്ത്രിയോട് മുഖ്യമന്ത്രി രാജി ചോദിച്ചു വാങ്ങണമെന്നും കെമാൽ പാഷ പറഞ്ഞു.

മന്ത്രി നടത്തിയ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണെന്നു പറയാൻ കഴിയില്ലെന്നു മുൻ ലോക്സഭാ സെക്രട്ടറി ജനറൽ പിഡിടി ആചാരി പറഞ്ഞു. മന്ത്രി പറഞ്ഞ കാര്യങ്ങൾ വിമർശനത്തിന്റെ ഗണത്തിൽപ്പെടുത്താം. ഭരണഘടനയെ വിമർശിക്കുന്നത് കുറ്റമല്ല. ശക്തവും തീഷ്ണവുമായ വിമർശനവും കുറ്റകൃത്യമല്ല. എന്നാൽ, ഭരണഘടനയെ വളരെ മോശമായി ചിത്രീകരിക്കുകയോ കത്തിക്കുകയോ കീറിയെറിയുകയോ ചെയ്താൽ 1971ലെ ദ് പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷനൽ ഹോണർ ആക്ട് അനുസരിച്ച് കേസെടുക്കാം. വിമർശനത്തിന് അപ്പുറത്തേക്കു കാര്യങ്ങൾ പോയാലാണ് ശിക്ഷ വരുന്നത്.

നേരത്തെയും പല നേതാക്കളും ഭരണഘടനയെക്കുറിച്ച് അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്. ഭരണഘടന വിമർശനത്തിന് അതീതമല്ല. ജനാധിപത്യ രാജ്യത്ത് ഭരണഘടനയെ വിമർശിക്കാൻ ജനത്തിന് അവകാശമുണ്ട്. മന്ത്രിയെന്ന സ്ഥാനത്തിരിക്കുമ്പോൾ ഇത്തരം വിമർശനങ്ങൾ ഒഴിവാക്കാമായിരുന്നു എന്ന് പിഡിടി ആചാരി പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുമ്പോൾ ചില സ്വയം നിയന്ത്രങ്ങൾ പാലിക്കണം. അതിനനുസരിച്ചേ സംസാരിക്കാവൂ. വസ്തുതാ വിരുദ്ധമായ കാര്യങ്ങളും പറയരുത്. തൊഴിലാളികളുടെ സ്വാതന്ത്ര്യം ഉറപ്പാക്കുന്ന ഭരണഘടനയാണ് ഇന്ത്യയുടേത്. അത് നടപ്പിലാക്കുന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പിഡിടി ആചാരി പറഞ്ഞു.

English Summary : Is Saji Cherian's constitution remark breach of oath?, explains law experts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com