ജനീവ∙ കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദത്തിന്റെ പുതിയ വകഭേദം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ബിഎ.2.75 എന്നാണ് ഈ വകഭേദത്തിന് പേരിട്ടിരിക്കുന്നത്. ഇതു നിരീക്ഷിക്കുന്നുണ്ടെന്നും സംഘടന വ്യക്തമാക്കി.
‘കഴിഞ്ഞ രണ്ടാഴ്ചയായി ലോകവ്യാപകമായി കോവിഡ് കേസുകളിൽ 30 ശതമാനത്തോളം വർധനയുണ്ടായിട്ടുണ്ട്. ഡബ്ല്യുഎച്ച്ഒയുടെ ആറിൽ നാലു സബ്–റീജിയണുകളിലും കഴിഞ്ഞയാഴ്ച കേസുകളിൽ വർധനയുണ്ടായിട്ടുണ്ട്’ – സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഘെബ്രെയെസുസ് അറിയിച്ചു.
‘യൂറോപ്പിലും അമേരിക്കയിലും ബിഎ.4, ബിഎ.5 വകഭേദങ്ങൾ കാര്യമായി വ്യാപിക്കുന്നു. ഇന്ത്യയിൽ ഇതിന്റെ പുതിയ വകഭേദമായ ബിഎ.2.75 കണ്ടെത്തിയിട്ടുണ്ട്. ഇതു പരിശോധിക്കുകയാണ്’ – ഘെബ്രെയെസുസ് കൂട്ടിച്ചേർത്തു. ഈ വകഭേദം ഇന്ത്യയിലാണ് ആദ്യം കണ്ടതെന്നും പിന്നീട് മറ്റു 10 രാജ്യങ്ങളിൽ കണ്ടെത്തിയെന്നും ഡബ്ല്യുഎച്ച്ഒ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു.
ജൂൺ 27 – ജൂലൈ 3 വരെയുള്ള കാലയളവിൽ ലോകവ്യാപകമായി 4.6 മില്യൺ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞയാഴ്ചത്തേതിൽനിന്ന് മരണനിരക്കിൽ 12 ശതമാനത്തിന്റെ കുറവുണ്ട്. ആകെ 8100 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈ ജൂലൈ 3 വരെ ആകെ 546 ദശലക്ഷംപേർക്ക് കോവിഡ് വന്നിട്ടുണ്ട്. 63 ലക്ഷം പേർ മരിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.
English Summary: New Covid Sub-Variant BA 2.75 Detected In India, Says WHO