ADVERTISEMENT

ന്യൂഡൽഹി∙ ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പേരിൽ പിരിച്ചെടുത്ത 13 കോടി രൂപ ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ച് പരിസ്ഥിതി, സാമൂഹിക പ്രവർത്തകയും നർമദാ ബച്ചാവോ പ്രസ്ഥാനത്തിന്റെ സ്ഥാപകയുമായ മേധാ പട്കറിനും മറ്റ് 11 പേർക്കുമെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തു. പ്രീതം രാജ് ബഡോലെ എന്നയാളുടെ പരാതിയിലാണ് നടപടി. 

‘നർമദ നവനിർമാൺ അഭിയാൻ ട്രസ്റ്റ്’ പിരിച്ചെടുക്കുന്ന പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. ബർവാനി ജില്ലയിൽ ഐപിസി സെക്‌ഷൻ 420 പ്രകാരമാണ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്. നർമദ നവനിർമാൺ അഭിയാൻ ട്രസ്റ്റിന്റെ ട്രസ്റ്റിയാണ് മേധാ പട്കർ.

മേധാ പട്കർ മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും ആദിവാസി കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകാനായി പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകയായി ചമഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. അതേസമയം, ആരോപണങ്ങൾ നിരസിച്ച മേധാ പട്കർ, പൊലീസിൽ നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും എല്ലാ ആരോപണങ്ങൾക്കും മറുപടി നൽകാന്‍ തയാറാണെന്നും പറഞ്ഞു.

‘ആരോപണങ്ങൾ ഉന്നയിച്ചയാൾക്ക് ബിജെപിയുടെ വിദ്യാർഥി വിഭാഗമായ അഖില ഭാരതീയ വിദ്യാർഥി പരിഷത്തുമായി (എബിവിപി) ബന്ധമുണ്ട്. മുൻപും ഇത്തരം ആരോപണങ്ങൾ ഞങ്ങൾക്കെതിരെ ഉണ്ടായിട്ടുണ്ട്. സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങൾക്കും ഞങ്ങളുടെ പക്കൽ ഓഡിറ്റ് റിപ്പോർട്ട് ലഭ്യമാണ്. വിദേശ പണം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ഡൽഹി ലെഫ്റ്റനന്റ് ഗവർണറുമായുള്ള കേസ് ഞങ്ങൾ വിജയിച്ചു. ഞങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ എപ്പോഴും ഓഡിറ്റ് ചെയ്യുന്നു’– അവർ പറഞ്ഞു.. 

English Summary: Case Filed Against Activist Medha Patkar For Allegedly Misusing Donation Funds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com