ADVERTISEMENT

കൊളംബോ∙ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ ബുധനാഴ്‌ച രാജിവയ്ക്കുമെന്നു ഔദ്യോഗികമായി അറിയിച്ചുവെന്നു പ്രധാനമന്ത്രിയുടെ ഓഫിസ്. ഗോട്ടബയ രാജി പ്രഖ്യാപിക്കാതെ പിന്നോട്ടില്ലെന്ന നിലപാട് പ്രക്ഷോഭകർ ആവർത്തിച്ചതോടെയാണു പുതിയ നീക്കം. ശ്രീലങ്കയിൽ ഗോട്ടബയ രാജപക്സെ വീണ്ടും അധികാരത്തിൽ എത്തുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചതോടെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ മൂന്നാം ദിവസവും ജനക്കൂട്ടം തുടരുകയാണ്. പ്രസിഡന്റ് എവിടെയാണെന്നോ തുടർ തീരുമാനങ്ങളെന്തെന്നോ വ്യക്തമാക്കിയിട്ടില്ല. 

ജനമുന്നേറ്റത്തിന്റെ സൂചന ലഭിച്ചതിനു തൊട്ടു മുൻപ്  നാവികസേനാംഗങ്ങളുടെ അകമ്പടിയോടെ പിൻവാതിലിലൂടെയാണ് സൈന്യം  ഗോട്ടബയയെ പുറത്തെത്തിച്ചത്. കടലിൽ സൈനിക കപ്പലിൽ ഗോട്ടബയ അഭയം തേടിയതായും റിപ്പോർട്ടുണ്ട്. ശ്രീലങ്കൻ പ്രസിഡന്റിന്റെ കൊട്ടാരം കയ്യേറിയ സമരക്കാർക്കു മുറിയിൽ നിന്നു കിട്ടിയ 1.75 കോടി ശ്രീലങ്കൻ രൂപ കോടതിയിൽ സമർപ്പിക്കുമെന്നു ശ്രീലങ്കൻ പൊലീസ് അറിയിച്ചു. കെട്ടുകളാക്കി വച്ചിരിക്കുന്ന നോട്ടുകൾ സമരക്കാരാണ് പൊലീസിനു കൈമാറിയത്. 

അതിനിടെ സര്‍വകക്ഷി സര്‍ക്കാരിനായി പ്രതിപക്ഷപാര്‍ട്ടികള്‍ ചര്‍ച്ച തുടങ്ങി. അധികാരമാറ്റത്തിനു വ്യക്തമായ രൂപമില്ലാത്തതിനാല്‍ പ്രക്ഷോഭകര്‍ക്കും ഭരണകൂടത്തിനും ഇടയില്‍ ആശയക്കുഴപ്പവും ആശങ്കയും ശക്തമാണ്. ഇന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ സ്പീക്കര്‍  മഹിന്ദ അബേവർധനയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ഇടക്കാല സര്‍ക്കാര്‍ രൂപീകരണം ചര്‍ച്ച ചെയ്യും. ബുധനാഴ്ച പ്രസിഡന്റും പ്രധാനമന്ത്രിയും സ്ഥാനമൊഴിഞ്ഞാൽ സ്പീക്കർ മഹിന്ദ അബേവർധന പ്രസിഡന്റ് പദവി ഏറ്റെടുക്കുമെന്നും 30 ദിവസത്തിനകം പാർലമെന്റ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുമെന്നുമാണു ധാരണ.

പ്രസിഡന്റും പ്രധാനമന്ത്രിയും ഒഴി‍ഞ്ഞാൽ ഭരണഘടനപ്രകാരം സ്പീക്കർക്കാണു ചുമതല. എന്നാല്‍ പുതിയ പ്രസിഡന്റ് വന്നാല്‍ അടുത്ത രണ്ടുവര്‍ഷത്തെ ഭരണനേതൃത്വം എങ്ങനെയാകുമെന്നതില്‍ ആശയക്കുഴപ്പമുണ്ട്. രാജ്യത്ത് കടുത്ത ഇന്ധനക്ഷാമം തുടരുകയാണ്. സ്കൂളുകള്‍ അടഞ്ഞുകിടക്കുന്നു. രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതത്വം രാജ്യാന്തര നാണ്യനിധിയുമായുള്ള ( ഐഎംഎഫ്) വായ്പ ചർച്ചകളെയും പ്രതിസന്ധിയിലാക്കും. ശ്രീലങ്കയിലെ സംഭവങ്ങൾ നിരീക്ഷിച്ചു വരുകയാണെന്നും പുതിയ സർക്കാർ ചുമതലയേറ്റാൽ ചർച്ച തുടരുമെന്നും ഐഎംഎഫ് വ്യക്തമാക്കി. ധനമന്ത്രിയുടെ ചുമതലയുണ്ടായിരുന്ന പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ഈ മാസം ബജറ്റ് അവതരിപ്പിക്കാനിരുന്നതാണ്.

English Summary: Sri Lanka President Gotabaya Rajapaksa confirms resignation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com