ADVERTISEMENT

അമരാവതി ∙ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമുവിനു പിന്തുണ പ്രഖ്യാപിച്ച് തെലുങ്കു ദേശം പാർട്ടി (ടിഡിപി). ‘ഗോത്ര വിഭാഗക്കാരിയായ ആദ്യ രാഷ്ട്രപതി’ ആകുന്ന മുർമുവിനെ പിന്തുണയ്ക്കുകയാണെന്നു ടിഡിപി അധ്യക്ഷനും ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻ.ചന്ദ്രബാബു നായിഡു പറഞ്ഞു.

മുർമുവിനെ ഇന്ത്യയുടെ രാഷ്ട്രപതിയായി കാണുന്നത് അദ്ഭുതകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടിഡിപിക്കു ലോക്സഭയിൽ 3 എംപിമാരും നിയമസഭയിൽ 23 എംഎൽഎമാരുമുണ്ട്. ഇതോടെ സംസ്ഥാനത്തെ രണ്ടു പ്രധാന രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ മുർമു ഉറപ്പിച്ചു. 2019ലെ പൊതുതിരഞ്ഞെടുപ്പ് സമയത്തു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചിരുന്ന നേതാവാണു ചന്ദ്രബാബു നായിഡു. എന്നാൽ, രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ അനുകൂല നിലപാട് എടുത്തതിൽ മറ്റെന്തെങ്കിലും രാഷ്ട്രീയ നീക്കങ്ങളുണ്ടോ എന്നു വ്യക്തമല്ല.

‘ഗോത്ര വിഭാഗത്തിൽനിന്ന് രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണു മുർമു. അതല്ലാതെ മറ്റു പരിഗണനകളൊന്നും അവരെ പിന്തുണയ്ക്കുന്നതിനു പിന്നിലില്ല’– ടിഡിപി പൊളിറ്റ്ബ്യൂറോ അംഗം വൈ.രാമകൃഷ്ണുഡു പറഞ്ഞു. 2024ലെ പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി ടിഡിപിയും ബിജെപിയും അടുക്കുന്നതിന്റെ സൂചനയാണു മുർമുവിനുള്ള പിന്തുണയെന്നു പ്രചാരണമുണ്ട്. രണ്ടു പാർട്ടികളും ഇക്കാര്യം നിഷേധിച്ചു. സംസ്ഥാനം ഭരിക്കുന്ന വൈഎസ്ആർ കോൺഗ്രസ് പാർട്ടി നേരത്തേതന്നെ മുർമുവിനു പിന്തുണ അറിയിച്ചിരുന്നു. വൈഎസ്ആർ കോൺഗ്രസിനു 22 എംപിമാരും 151 എംഎൽഎമാരുമാണുള്ളത്.

English Summary: TDP backs NDA’s presidential nominee Droupadi Murmu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com