ADVERTISEMENT

തിരുവനന്തപുരം ∙ എട്ടു വയസുകാരിയായ പെൺകുട്ടിയെ അവഹേളിച്ച പിങ്ക് പൊലീസ് ഉദ്യോഗസ്ഥയിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാൻ സർക്കാർ ഉത്തരവ്. പൊലീസ് ഉദ്യോഗസ്ഥയായ രജിതയിൽ നിന്ന് 1,50,000 രൂപയും കോടതി ചെലവുകൾക്കായി 25,000 രൂപയും ഈടാക്കാൻ ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. പെൺകുട്ടിക്ക് നഷ്ടപരിഹാരം നല്‍കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ തുക പൊലീസ് ഉദ്യോഗസ്ഥയിൽനിന്ന് ഈടാക്കുമെന്ന് ഉത്തരവിൽ പറയുന്നു.

കുട്ടിക്കു നഷ്ടപരിഹാരം നൽകണമെന്നും പൊലീസ് ഉദ്യോഗസ്ഥയെ ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റിനിർത്തണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകൾക്ക് നഷ്ടപരിഹാരം നൽകാൻ ബാധ്യതയില്ലെന്നായിരുന്നു സർക്കാർ നിലപാട്. പെൺകുട്ടിക്ക് സർക്കാർ നഷ്ടപരിഹാരം നല്‍കണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിന് സർക്കാർ അപ്പീൽ നൽകി. എന്നാൽ, നഷ്ടപരിഹാരം നൽകാമെന്നും തുക ഉദ്യോസ്ഥയിൽനിന്ന് ഈടാക്കാൻ അനുവദിക്കണമെന്നും സർക്കാർ പിന്നീട് കോടതിയിൽ ആവശ്യപ്പെട്ടു.

പിങ്ക് പൊലീസിന്റെ ജീപ്പിലെ ബാഗിൽ നിന്നു പൊലീസുകാരിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു എന്നാരോപിച്ച് മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും നാട്ടുകാരുടെ മുന്നിൽ ആക്ഷേപിക്കുകയും പരസ്യ വിചാരണ നടത്തുകയും ചെയ്തതെന്നാണ് കേസ്. നടുറോഡിൽ പെൺകുട്ടിയെ വിചാരണ ചെയ്ത വനിതാ പൊലീസ്, അച്ഛനെയും മകളെയും സ്റ്റേഷനിൽ കൊണ്ടുപോയി ദേഹപരിശോധന നടത്തുമെന്നും ഭീഷണിപ്പെടുത്തി. കുട്ടിയെയും കൊണ്ട് മോഷ്ടിക്കാനിറങ്ങിയതാണെന്നു പിതാവിനു നേരെ ആരോപണം ഉയർത്തി.

പൊലീസുകാരിയുടെ മൊബൈൽ ഫോൺ പിന്നീട് ബാഗിൽനിന്നു തന്നെ കണ്ടു കിട്ടി. തുടർന്ന് പെൺകുട്ടിയുടെ പിതാവ് നൽകിയ ഹർജിയിലാണ്, പെൺകുട്ടിക്കു സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും കുറ്റക്കാരിയായ രജിത എന്ന പൊലീസുകാരിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടത്.

English Summary: Pink Police Harassment Case: Order to collect compensation from the police officer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com