ADVERTISEMENT

തിരുവനന്തപുരം∙ അട്ടപ്പാടിയിലെ ശിശുമരണത്തെ ചൊല്ലി ഭരണ, പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിൽ കൊമ്പു കോർത്തു. അട്ടപ്പാടിയിലെ ശിശുമരണ വിഷയം സഭയിൽ ഉന്നയിച്ചപ്പോൾ ‘ആരോപണം ഉന്നയിച്ചാൽ പോരാ, എംഎൽഎമാർ സ്ഥലം സന്ദർശിക്കണ’മെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞതാണ് പ്രതിപക്ഷ അംഗങ്ങളെ പ്രകോപിപ്പിച്ചത്. ഇതോടെ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങുകയും തുടർന്ന് നിയമസഭ നിർത്തിവയ്ക്കുകയും ചെയ്തു. 

അട്ടപ്പാടിയിലെ ആദിവാസികൾക്കിടയിലുള്ള നവജാതശിശുമരണമാണ് പ്രതിപക്ഷം നിയമസഭയിൽ ഇന്ന് അടിയന്തര പ്രമേയമായി ഉന്നയിച്ചത്. എൻ.ഷംസുദ്ദീൻ എംഎൽഎയാണ് ഇത് അടിയന്തര പ്രമേയമായി കൊണ്ടുവന്നത്. അദ്ദേഹം സംസാരിക്കുന്ന വേളയിൽ കോട്ടത്തറ ആശുപത്രിയിൽ മതിയായ സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെന്നും അവിടേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചെന്നും മതിയായ ജീവനക്കാരിലെന്നും ആരോപിച്ചു. തുടർന്ന് പ്രതിപക്ഷ നേതാവും കോട്ടത്തറ ആശുപത്രിയെ കുറിച്ച് പരാമർശിച്ചു. അവിടേക്ക് അനുവദിച്ച 12 കോടി രൂപ പെരിന്തൽമണ്ണയിലെ ഇഎംഎസ് ആശുപത്രിക്ക് കൈമാറിയെന്നും ആക്ഷേപം ഉന്നയിച്ചു. ഇതിനെതിരെ ഭരണപക്ഷ അംഗങ്ങൾ ബഹളം വച്ചപ്പോൾ സ്പീക്കറും മുഖ്യമന്ത്രിയും ഇടപെട്ട് മന്ത്രിക്ക് പറയാനുള്ളത് കേൾക്കണമെന്ന് അറിയിച്ചു. 

തുടർന്ന് ഇതിനു മറുപടി പറയാനായി എഴുന്നേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് ഫണ്ട് വകമാറ്റിയെന്ന ആരോപണം നിഷേധിച്ചു. മതിയായ സൗകര്യങ്ങൾ കോട്ടത്തറ ആശുപത്രിയിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നും 117 താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനായി നടപടിയെടുത്തതടക്കം മന്ത്രി ചൂണ്ടിക്കാട്ടി. ഇതിനിടയിൽ വീണ്ടും പ്രതിപക്ഷ നിരയിൽനിന്ന് ബഹളം ഉണ്ടായി. അപ്പോൾ ‘ആരോപണം ഉന്നയിച്ച പ്രതിപക്ഷ അംഗങ്ങൾ അവിടെപ്പോയി സന്ദർശിച്ചിട്ടുണ്ടോ’ എന്ന് മന്ത്രി ചോദിച്ചു. ഇല്ല എന്ന മറുപടി വന്നപ്പോൾ ‘അവിടെ പോയതിനു ശേഷം ആരോപണം ഉന്നയിക്കൂ’ എന്ന് മന്ത്രി പറഞ്ഞു. തുടർന്ന് വീണ്ടും ഭരണ പ്രതിപക്ഷ ബഹളം ഉണ്ടായപ്പോൾ സഭ നിർത്തിവയ്ക്കാൻ സ്പീക്കർ ആവശ്യപ്പെട്ടു. 

ഇടവേളയ്ക്കുശേഷം സഭ ചേർന്നപ്പോൾ, എംഎൽഎയെ ഭരണപക്ഷം അധിക്ഷേപിച്ചു സംസാരിച്ചത് തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മണ്ഡലത്തിൽ പോകാത്തതുകൊണ്ടല്ലല്ലോ മൂന്നാമതും ഷംസുദ്ദീൻ മണ്ഡലത്തിൽ ജയിച്ചതെന്നു പ്രതിപക്ഷ നേതാവ് ചോദിച്ചു. ആരോഗ്യവകുപ്പ് ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. വാചകമടി മാത്രമാണ് നടക്കുന്നത്. എല്ലാ പദ്ധതികളും കടലാസിലാണെന്നും വി.ഡി.സതീശൻ ചൂണ്ടിക്കാട്ടി. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.

അട്ടപ്പാടിയിലെ കുട്ടിയുടെ മരണകാരണം എന്താണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടു കിട്ടിയാൽ മാത്രമേ അറിയാൻ കഴിയൂ എന്ന് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് കുട്ടിയുടെ പോസ്റ്റുമോർട്ടം നടത്തിയത്. പോസ്റ്റുമോർട്ടത്തിനുശേഷം അട്ടപ്പാടിയിലെ ഗതാഗത യോഗ്യമായ കോൺക്രീറ്റ് റോഡ് അവസാനിക്കുന്നതുവരെ ആംബുലൻസിൽ എത്തിച്ചു. തുടർന്ന്, രണ്ടിൽ താഴെ കിലോമീറ്റർ ദൂരം കാൽനടയായാണ് മൃതദേഹം ഊരിൽ എത്തിച്ചത്. കനത്ത മഴയായതിനാലാണ് വാഹനങ്ങൾക്ക് ഈ റോഡിൽ സഞ്ചരിക്കാൻ സാധിക്കാത്തത്. ഈ ദൃശ്യങ്ങളാണ് മാധ്യമങ്ങളിൽ വന്നത്. എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ ഉദ്യോഗസ്ഥർ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു. അട്ടപ്പാടിക്കു പ്രഥമ പരിഗണനയാണ് സർക്കാർ നൽകുന്നതെന്നും മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. 

ആശുപത്രി സഹായം കിട്ടാത്തതു കൊണ്ടല്ല കുട്ടി മരിച്ചത്. കുട്ടി ആരോഗ്യവാനായി അമ്മയോടൊപ്പം കിടന്നതാണ്. രാവിലെയാണ് മരിച്ച നിലയിൽ കണ്ടത്. മിൽക്ക് ആസ്പിരേഷനാണോ കാലിൽ കണ്ട മുറിപ്പാടാണോ മരണകാരണമെന്നു പോസ്റ്റുമോർട്ടത്തിലൂടെ വ്യക്തമാകും. കുട്ടിയുടെ വീടു സ്ഥിതിചെയ്യുന്ന സ്ഥലത്ത് 20 കുടുംബങ്ങളുണ്ട്. അവിടേയ്ക്കു റോഡ് നിർമിക്കണമെങ്കിൽ 30 കോടിവേണം. അവരെ മെച്ചപ്പെട്ട സ്ഥലത്തേക്കു പുനരധിവസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. പലരും വരാൻ കൂട്ടാക്കാത്തത് ഇതിനു തടസമാണ്. അട്ടപ്പാടിയിൽ എല്ലാ സൗകര്യവും ഒരുക്കിയതായും 64 ലക്ഷംരൂപ മുടക്കി ന്യൂ ബോൺ ഐസിയു നിർമിച്ചതായും ആരോഗ്യമന്ത്രി പറഞ്ഞു.

അട്ടപ്പാടിയിൽ കാര്യങ്ങൾക്ക് മാറ്റമുണ്ടാകുന്നില്ലെന്നു പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. നേരത്തെയുള്ള ആരോഗ്യ സംവിധാനങ്ങൾ തുടരുന്നില്ല. കമ്മ്യൂണിറ്റി കിച്ചൻ പകുതിയും പ്രവർത്തിക്കുന്നില്ല. ആവശ്യത്തിന് ജീവനക്കാരും ലാബുമില്ല. അട്ടപ്പാടിയിലെ ആശുപത്രിയിൽ 100 കിടക്കകൾ ആക്കുമെന്ന് പറഞ്ഞിട്ടും നടപ്പിലായിട്ടില്ല.  59 ആശുപത്രി ജീവനക്കാരെ പിരിച്ചു വിട്ടു. അതിൽ ആദിവാസികളുമുണ്ട്. അട്ടപ്പാടിയിലെ ആശുപത്രിയിൽ കൊടുക്കേണ്ട 12 കോടിരൂപ പെരുന്തൽമണ്ണയിലെ ഇഎംഎസ് ആയുർവേദ ആശുപത്രിയിൽ കൊടുത്തു. സംവിധാനങ്ങളുടെ ഏകോപനം ഇല്ല എന്ന ഗുരുതരമായ ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും വി.ഡി.സതീശൻ പറഞ്ഞു. അട്ടപ്പാടിയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുകയാണെന്ന് എൻ.ഷംസുദ്ദീൻ പറഞ്ഞു. പരിഗണന കിട്ടേണ്ട സമൂഹത്തോട് സർക്കാർ കാണിക്കുന്ന അവഗണനയാണ് ഇതിനു കാരണം. സർക്കാർ നടപടികളുമായി മുന്നോട്ടു വന്നില്ലെങ്കിൽ വംശഹത്യയ്ക്കാണ് കൂട്ടുനിൽക്കുന്നതെന്ന് പറയേണ്ടിവരുമെന്നും ഷംസുദ്ദീൻ പറഞ്ഞു.

English Summary : Ruling and opposition parties clash in Assembly over Attappadi child death issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com