ADVERTISEMENT

തിരുവനന്തപുരം∙ മാത്യു കുഴൽനാടൻ എംഎൽഎയുടെ അവകാശലംഘന നോട്ടിസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം തേടി സ്പീക്കർ എം.ബി.രാജേഷ്. നടപടി മെന്റർ വിവാദത്തിൽ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നാണ് അവകാശലംഘന നോട്ടിസിൽ പറയുന്നത്. മുഖ്യമന്ത്രിയുടെ മകൾ വീണ പിഡബ്ല്യുസി ഡയറക്ടർ ജെയിക് ബാലകുമാറിനെ മെന്റർ എന്നു വിശേഷിപ്പിച്ചു എന്നായിരുന്നു കുഴൽനാടന്റെ പരാമർശം. എന്നാൽ മകൾ അങ്ങനെ വിശേഷിപ്പിച്ചിട്ടില്ലെന്നും കുഴൽനാടൻ പറഞ്ഞത് കള്ളമാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിനെതിരയാണ് കുഴൽനാടൻ അവകാശ ലംഘന നോട്ടിസ് നൽകിയത്. 

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയ നോട്ടിസ് പ്രതിപക്ഷം നൽകുകയും അതിന്മേൽ ചർച്ച നടത്താന്‍ സർക്കാർ തീരുമാനിക്കുകയും ചെയ്തിരുന്നു. ഈ ചർച്ചയിൽ സംസാരിക്കുമ്പോഴാണ് മാത്യു കുഴൽനാടൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്കെതിരെ ചില പരാമർശങ്ങൾ നടത്തിയത്. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് (പിഡബ്ലുസി) ഡയറക്ടർ ജെയ്ക് ബാലകുമാർ മെന്ററെപ്പോലെയാണെന്നു മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ തന്റെ എക്സാലോജിക് സൊലൂഷൻസ് കമ്പനിയുടെ വെബ്സൈറ്റിൽ കുറിച്ചിരുന്നു എന്നാണു കുഴൽനാടൻ ആരോപിച്ചത്. സ്വപ്ന സുരേഷിന് ഐടി വകുപ്പിനു കീഴിലെ സ്പേസ് പാർക്കിൽ ജോലി ലഭിച്ചതു കൺസൽറ്റൻസി കമ്പനിയായ പിഡബ്ല്യുസി വഴിയാണ് എന്ന ആരോപണം വന്നതിനു പിന്നാലെ വീണയുടെ കമ്പനിയുടെ വെബ്സൈറ്റ് ‘ഡൗൺ’ ആയി. പിന്നീട് ‘അപ്’ ആയപ്പോൾ ഈ പരാമർശം നീക്കിയിരുന്നുവെന്നും കുഴൽനാടൻ പറഞ്ഞു.

ഇതിനോട് വളരെ രൂക്ഷമായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പച്ചക്കള്ളമാണു പറയുന്നതെന്നും പിഡബ്ല്യുസി ഡയറക്ടറെ ഒരു ഘട്ടത്തിലും മെന്ററായി തന്റെ മകൾ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വീട്ടിലിരിക്കുന്നവരെ ആക്ഷേപിക്കുന്നതല്ല സംസ്കാരമെന്നും അതിനല്ല നിയമസഭയെന്നും മുഖ്യമന്ത്രി പറഞ്ഞു. പിന്നീട് വാർത്താ സമ്മേളനത്തിൽ ഇതു സംബന്ധിച്ച വിശദാംശങ്ങൾ കുഴൽനാടൻ പുറത്തുവിടുകയും ചെയ്തു. അതിനു പിന്നാലെ മുഖ്യമന്ത്രി സഭയെ തെറ്റിധരിപ്പിച്ചു എന്നു കാണിച്ച് അവകാശലംഘന നോട്ടിസും നൽകി. 

English Summary : Speaker seeks explanation from CM Pinarayi Vijayan in breach of privilege motion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com