ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യയിൽ കൃഷി പാർക്കുകൾ തുടങ്ങാൻ യുഎഇയുടെ 200 കോടി ഡോളറിന്റെ പദ്ധതി വരുന്നു. ഇസ്രയേൽ, യുഎസ് സഹകരണത്തോടെയാകും ഇത്. പദ്ധതി സംബന്ധിച്ച പ്രഖ്യാപനം ഇന്ന് നടക്കുന്ന ഐ2യു2’ ഉച്ചകോടിയിലുണ്ടാകും. മധ്യപൂർവ ദേശത്തെ ‘ക്വാഡ്’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഉച്ചകോടി ഇതാദ്യമായാണ് നടക്കുന്നത്. ഇന്ത്യ, ഇസ്രയേൽ, യുഎഇ, യുഎസ് എന്നിവയാണ് ഈ കൂട്ടായ്മയിലെ അംഗങ്ങൾ.

പ്രധാനമന്ത്രി നരേന്ദ്രമോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഇസ്രയേൽ പ്രധാനമന്ത്രി യായിർ ലാപിഡ്, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ പങ്കെടുക്കും. കഴിഞ്ഞ വർഷം ഈ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് ഇത്തരത്തിലൊരു കൂട്ടായ്മ ഉരുത്തിരിഞ്ഞത്. 

ജലം, ഊർജം, ഗതാഗതം, ബഹിരാകാശം, ആരോഗ്യം, ഭക്ഷ്യ സുരക്ഷ എന്നീ മേഖലകളിൽ സംയുക്ത നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് കൂട്ടായ്മയുടെ മുഖ്യലക്ഷ്യം. അടിസ്ഥാന സൗകര്യ വികസനത്തിന് സ്വകാര്യ മേഖലയുടെയും വിദഗ്ധരുടെയും പങ്കാളിത്തം ആകർഷിക്കാനും പൊതുജനാരോഗ്യം, ഹരിത സാങ്കേതിക വിദ്യ എന്നിവയുടെ പ്രോത്സാഹനവും  ലക്ഷ്യമിടുന്നു.

ഭീകരവാദ നിർമാർജനത്തിനു പുറമേ ഭക്ഷ്യ സുരക്ഷ പോലെയുള്ള വിഷയങ്ങളിലും ശ്രദ്ധിക്കേണ്ടതുകൊണ്ടാണ് യുഎസ് ഇതിൽ പങ്കാളിയാകുന്നതെന്ന് വൈറ്റ് ഹൗസ് സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ ഓൺലൈൻ വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളോടു പറഞ്ഞു. മേഖലയിലെ നിർണായക ശക്തിയെന്ന നിലയിൽ ഇന്ത്യയുടെ സാന്നിധ്യവും ഈ കൂട്ടായ്മയിൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ 13 സംസ്ഥാനങ്ങളിൽ കൃഷി അധിഷ്ഠിതമായ 150 മാതൃകാ ഗ്രാമങ്ങൾ സ്ഥാപിക്കാനുള്ള ഇസ്രയേൽ പദ്ധതിക്കു പുറമേയാണ് ഈ പദ്ധതി. മേഖലയിലെ ഭക്ഷ്യസുരക്ഷ ലക്ഷ്യമിട്ടാണിത്. ഈ വർഷം 8 സംസ്ഥാനങ്ങളിലെ 75 ഗ്രാമങ്ങളിൽ പദ്ധതിക്കു തുടക്കമിടും. 

English Summary :USD 2 billion agricultural park project in India to be announced at I2U2 summit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com