ADVERTISEMENT

തൃശൂർ ∙ ബിജെപിയുടെ നീക്കം ഫലിച്ചു; കക്ഷിഭേദമന്യേ പിന്തുണ നേടിയ ദ്രൗപദി മുർമു ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയാവുമെന്ന് ഉറപ്പായി. പതിനാറാം രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മൂന്നു ദിവസം മാത്രമുള്ളപ്പോൾ, 60 ശതമാനത്തിലധികം വോട്ടുനേടി ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) സ്ഥാനാർഥിയായ മുൻ ജാർഖണ്ഡ് ഗവർണർ ദ്രൗപദി മുർമു വൻ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നാണ് കണക്കുകൾ നൽകുന്ന സൂചന. 

ഏറെ പ്രതീക്ഷയോടെ ആദ്യം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചെങ്കിലും, സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്കു പ്രതീക്ഷിച്ച മുന്നേറ്റം നടത്താനായില്ല. സിൻഹയ്ക്കു വേണ്ടി തുടക്കം മുതലുണ്ടായിരുന്ന ജെഎംഎം, ജനതാദൾ (എസ്), ശിവസേന കക്ഷികളടക്കം ഒട്ടേറെ പ്രതിപക്ഷ പാർട്ടികളും ടിഡിപിയും അവസാന നിമിഷം മുർമുവിന് പിന്തുണ പ്രഖ്യാപിതോടെ, സിൻഹയുടെ പ്രതീക്ഷയ്ക്കു മങ്ങലേറ്റു. ഇരു പക്ഷത്തുമില്ലാത്ത ആംആദ്മി പാർട്ടി മാത്രമാണ് ഏതെങ്കിലും സ്ഥാനാർഥിക്കു ഇനി പിന്തുണ പ്രഖ്യാപിക്കാനുള്ളത്. 10,86,431 മൂല്യ വോട്ടിൽ ഏഴ് ലക്ഷത്തോളം വോട്ട് മുർമു നേടുമെന്നാണ് വിലയിരുത്തൽ. ഈ മാസം 18 നാണ് തിരഞ്ഞെടുപ്പ്. 

ലോക്സഭയില്‍ ഭൂരിപക്ഷമുണ്ടെങ്കിലും ഇലക്ടറൽ കോളജിൽ വോട്ട് മൂല്യത്തിൽ ഭൂരിപക്ഷമില്ലാതിരുന്ന ബിജെപി മുര്‍മുവിനെ സ്ഥാനാർഥിയായി അവതരിപ്പിച്ച നീക്കം ഫലിച്ചു. പ്രതിപക്ഷ പാർട്ടികൾ ശക്തനായ സ്ഥാനാർഥിയെ നിർത്തി, നരേന്ദ്ര മോദി സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ നീക്കം തുടങ്ങിയതിനു പിന്നാലെയായിരുന്നു ബിജെപിയുടെ ‘ഞെട്ടിക്കൽ’. ചെറുതും വലുതുമായ 18 പാർട്ടികൾ ചേർന്ന് നീണ്ട ചർച്ചകൾക്കൊടുവിലാണ് മുൻ കേന്ദ്രമന്ത്രിയും മുൻ ബിജെപി നേതാവുമായ യശ്വന്ത് സിൻഹയെ സ്ഥാനാർഥിയാക്കിയത്. എന്നാൽ പ്രതിപക്ഷ പ്രഖ്യാപനം വരെ കാത്തിരുന്ന ബിജെപി നേതൃത്വം, പിന്നാലെ മറുതന്ത്രമിറക്കി. 

ദ്രൗപദി മുർമു (Photo: R Senthil Kumar, PTI)
ദ്രൗപദി മുർമു (Photo: R Senthil Kumar, PTI)

ചരിത്രത്തിലാദ്യമായി ഗോത്ര വിഭാഗത്തിൽനിന്നു തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ പ്രതിപക്ഷത്തിന്റെ പ്രതീക്ഷ വെറുതെയായി. വനിത കൂടി ആയതോടെ പ്രതിപക്ഷഐക്യം ശിഥിലമായി. ആദ്യം സിൻഹയെ സഹായിക്കുമെന്ന് കരുതിയവർ പോലും ഗോത്ര വിഭാഗ സ്ഥാനാർഥിയെ എതിർക്കാൻ ധൈര്യം കാട്ടുന്നില്ല. പ്രതിപക്ഷ സഖ്യത്തിലെ പലരും ഓരോ ദിവസവും പതിയെ പിന്നോട്ടു പോകുന്നതാണ് പിന്നീടു കണ്ടത്. പ്രതിപക്ഷ മുന്നണിയിൽ ചേരാതിരുന്ന മിക്ക ബിജെപി ഇതര കക്ഷികളും മുർമുവിന് പിന്തുണ പ്രഖ്യാപിച്ചതോടെ വൻ വിജയമാണ് എൻഡിഎ ഉറപ്പാക്കുന്നത്. ശിവസേന ബിജെപിയെ ‘എതിർക്കുമ്പോഴും’ മുർമുവിനു പിന്തുണ നൽകിയത് അവരുടെ രാഷ്ട്രീയ വിജയത്തിന് അടിവരയിടുന്നു. 

∙ പിന്തുണയ്ക്കാതെ കേരളം

അടുത്ത രാഷ്ട്രപതിക്കു ഒരുപക്ഷേ ഒട്ടും പിന്തുണ കിട്ടാത്ത സംസ്ഥാനം കേരളമായിരിക്കും. മുർമുവിനു വൻ വിജയം പ്രവചിക്കുമ്പോഴും കേരളത്തിൽ ഒരു വോട്ടു പോലും ഉണ്ടാവില്ലെന്നും വിദഗ്ധർ വിലയിരുത്തുന്നു. ഇടതുമുന്നണിയും കോൺഗ്രസും പിന്തുണയ്ക്കുന്ന യശ്വന്ത് സിൻഹയ്ക്ക് എല്ലാ വോട്ടും നേടാനാവുമെന്നാണ് പ്രതീക്ഷ. ഒരുപക്ഷേ, സിൻഹയ്ക്ക് പൂർണ പിന്തുണ കിട്ടുന്ന ഏക സംസ്ഥാനവും കേരളമാവാം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ കേരളത്തിലെ ഒരു വോട്ട് നേടാൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിന് കഴിഞ്ഞിരുന്നു.

യശ്വന്ത് സിൻഹ (Photo: Manvender Vashist, PTI)
യശ്വന്ത് സിൻഹ (Photo: Manvender Vashist, PTI)

ഇത്തവണ വോട്ടെടുപ്പു നടക്കുമ്പോൾ എട്ട് സംസ്ഥാനങ്ങളിൽ ഒഴികെ മറ്റിടങ്ങളിൽ എൻഡിഎ സഖ്യം വ്യക്തമായ ഭൂരിപക്ഷം നേടുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കേരളം, തമിഴ്നാട്, തെലങ്കാന, ബംഗാൾ, കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ സിൻഹ വൻ ഭൂരിപക്ഷം നേടും. മറ്റെല്ലാ സംസ്ഥാനങ്ങളിലും മുർമു ആധിപത്യം ഉറപ്പിക്കുമെന്നുറപ്പാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ സിൻഹയ്ക്ക് നാമമാത്ര വോട്ട് മാത്രമാകും കിട്ടുക. എന്നാൽ, ഇവിടങ്ങളിലെ വോട്ട് മൂല്യം കുറവായത് മുർമുവിന്റെ കുതിപ്പിന് സഹായമാവില്ല. 

∙ ഇലക്ടറൽ കോളജ്

ഇലക്ടറൽ കോളജാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ലോക്സഭയിലെയും രാജ്യസഭയിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും നിയമസഭകളിലെ അംഗങ്ങളും അടങ്ങുന്നതാണ് ഇലക്ടറൽ കോളജ്. രാജ്യത്തെയും സംസ്ഥാനത്തെയും ജനസംഖ്യയ്ക്ക് ആനുപാതികമായി ഓരോ അംഗത്തിന്റെയു വോട്ടിന് മൂല്യം നിർണയിച്ചിട്ടുണ്ട്. 1971ലെ സെൻസസ് അടിസ്ഥാനമാക്കിയാണ് ഇപ്പോഴും മൂല്യം നിർണയിക്കുന്നത് എന്നത് പ്രത്യേകതയാണ്. 

ജനസംഖ്യയെ പാർലമെന്റ് സീറ്റിന്റെയും നിയമസഭാ സീറ്റിന്റെയും എണ്ണം കൊണ്ട് ഭാഗിച്ചാണ് മൂല്യം നിശ്ചയിക്കുന്നത്. അങ്ങനെ പാർലമെന്റ് അംഗത്തിന്റെ ഒരു വോട്ടിന്റെ മൂല്യം ഇത്തവണ 700 ആണ്. സംസ്ഥാനങ്ങളിൽ ഇത് ജനസംഖ്യാനുപാതികമായി വ്യത്യാസപ്പെടും. ജമ്മു കശ്മീരിൽ നിയമസഭ ഇപ്പോൾ നിലവിലില്ല. ലോക്സഭയിലെ 543 ഉം രാജ്യസഭയിലെ തിരഞ്ഞെടുക്കപ്പെട്ട 233 പേരുടെയും ഉൾപ്പെടെ 776 പേരുടെ മൊത്തം മൂല്യം 5,43,200 ആണ്. (543+233 = 776 X 700 = 5,43,200) നിയമസഭകളിലെ മൊത്തം എംഎൽഎമാരുടെ എണ്ണം 4,089. വോട്ട് മൂല്യം 543,231.

Content Highlights: Presidential Poll, NDA Candidate Draupadi Murmu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com