ADVERTISEMENT

വാഷിങ്ടൻ∙ റഷ്യയില്‍നിന്ന് എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്ന രാജ്യങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന കടുത്ത ഉപരോധത്തില്‍നിന്ന് ഇന്ത്യക്ക് ഇളവ് നല്‍കുന്ന നിയമഭേദഗതി യുഎസ് ജനപ്രതിനിധി സഭ ശബ്ദവോട്ടോടെ പാസാക്കി. ചൈനയില്‍നിന്നുള്ള വെല്ലുവിളി നേരിടാനാണ് ഇന്ത്യ റഷ്യന്‍ മിസൈല്‍ സംവിധാനം വാങ്ങുന്നത്. നാഷനല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്ടിന്റെ (എന്‍ഡിഎഎ) പരിഗണനയ്ക്കിടെ ഏകകണ്ഠമായാണ് നിയമനിര്‍മാണ ഭേദഗതി പാസാക്കിയത്.

ചൈനയെപ്പോലുള്ള ആക്രമണകാരികളെ തടയാന്‍ സഹായിക്കുന്നതിന് അമേരിക്കയുടെ എതിരാളികള്‍ക്കുള്ള ഉപരോധ നിയമത്തില്‍ (സിഎഎടിഎസ്എ) ഇന്ത്യയ്ക്ക് ഇളവ് നല്‍കുന്നതിന് അധികാരം ഉപയോഗിക്കാന്‍ ബൈഡന്‍ ഭരണകൂടത്തോട് ആവശ്യപ്പെടുന്നുവെന്ന് ഭേദഗതിയില്‍ പറയുന്നു. ചൈനയില്‍ നിന്നുള്ള ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ അമേരിക്ക ഇന്ത്യയ്ക്കൊപ്പം നില്‍ക്കണമെന്ന് ഭേദഗതി അവതരിപ്പിച്ച റോ ഖന്ന പറഞ്ഞു.

2014-ല്‍ റഷ്യ ക്രിമിയ പിടിച്ചടക്കിയതിനും 2016-ലെ യുഎസ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ ഇടപെട്ടതിനും മറുപടിയായി റഷ്യയില്‍നിന്ന് പ്രതിരോധ സംവിധാനം വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ യുഎസ് ഭരണകൂടത്തെ അധികാരപ്പെടുത്തുന്ന നിയമമാണ് സിഎഎടിഎസ്എ. 2017-ല്‍ കൊണ്ടുവന്ന ഈ നിയമം റഷ്യന്‍ പ്രതിരോധ, രഹസ്യാന്വേഷണ മേഖലകളുമായി ഇടപാടുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏതൊരു രാജ്യത്തിനും എതിരെ അമേരിക്കയുടെ ശിക്ഷാ നടപടികള്‍ക്ക് വ്യവസ്ഥ ചെയ്യുന്നു.

2018 ഒക്ടോബറിലാണ് ഇന്ത്യ 5 ബില്യണ്‍ യുഎസ് ഡോളറിന്റെ ഇടപാട് റഷ്യയുമായി ഒപ്പുവയ്ക്കുന്നത്. എസ്-400 വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ 5 യൂണിറ്റുകള്‍ വാങ്ങുന്നതിനാണ് കരാര്‍. കരാറുമായി മുന്നോട്ടുപോകുന്നത് യുഎസിന്റെ ഉപരോധത്തിനു കാരണമായേക്കുമെന്ന് ട്രംപ് ഭരണകൂടം അന്നു നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചാണ് ഇന്ത്യ ഒപ്പുവച്ചത്. 2019ല്‍ ഇന്ത്യ 800 മില്യണ്‍ യുഎസ് ഡോളര്‍ ആദ്യ വിഹിതം നല്‍കുകയും ചെയ്തു. റഷ്യയുടെ ഏറ്റവും മികച്ച ദീര്‍ഘദൂര സര്‍ഫസ് ടു എയര്‍ മിസൈല്‍ പ്രതിരോധ സംവിധാനമെന്നാണ് എസ്-400 അറിയപ്പെടുന്നത്. എസ്-400 വാങ്ങിയ തുര്‍ക്കിക്ക് നേരെയും യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

English Summary: US House Votes For India Sanctions Waiver Over Russian S-400 Missile Deal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com