ADVERTISEMENT

കൊളംബോ∙ മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയോട് രാജ്യം വിടാൻ ശ്രമിക്കരുതെന്നു ശ്രീലങ്കയിലെ സുപ്രീം കോടതി. മഹിന്ദ രാജപക്സെയും മുൻ ധനമന്ത്രി ബേസിൽ രാജപക്സെയും നിലവിലെ സാഹചര്യത്തിൽ രാജ്യം വിടാൻ ആലോചിക്കേണ്ടതില്ലെന്നു കോടതി വ്യക്തമാക്കി. ജൂലൈ 28 വരെ ഇരുവരും അനുമതിയില്ലാതെ രാജ്യം വിടുന്നത് കോടതി വിലക്കി. മുൻ പ്രസിഡന്റും സഹോദരനുമായ ഗോട്ടബയ രാജപക്സെ രാജ്യം വിട്ടതിനു പിന്നാലെയാണ് സുപ്രീം കോടതിയുടെ വിലക്ക്. 

ലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദികൾ രാജപക്സെ കുടുംബാംഗങ്ങളാണെന്നു ചൂണ്ടിക്കാട്ടിയുള്ള ഹർജി പരിഗണിക്കുമ്പോൾ രാജ്യം വിടില്ലെന്നു മഹിന്ദ രാജപക്സെയും ബേസിൽ രാജപക്സെയും കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കേസ് പരിഗണിക്കുന്ന വെള്ളിയാഴ്‌ച വരെ രാജ്യം വിടില്ലെന്നായിരുന്നു അഭിഭാഷകർ മുഖേന നൽകിയിരുന്ന സത്യവാങ്മൂലം. ബേസിൽ രാജ്യം വിട്ടെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു.

ശനിയാഴ്ച രാവിലെ ശ്രീലങ്കൻ പാർലമെന്റ് ചേർന്നിരുന്നു. 13 മിനിറ്റ് മാത്രം നീണ്ടുനിന്ന പ്രത്യേക സെഷനിൽ പാർലമെന്റ് സെക്രട്ടറി ജനറൽ ധമ്മിക ദസ്സനായകെ, ഗോട്ടബയ രാജപക്സെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതായി പ്രഖ്യാപിച്ചു. രാജിക്കത്ത് പാർലമെന്റിൽ വായിക്കുകയും ചെയ്തു. ശ്രീലങ്കയിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനായി പാർലമെന്റിൽ 20നാണ് വോട്ടെടുപ്പ് നടക്കുക. നാടുവിട്ട മുൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ സിംഗപ്പൂരിൽനിന്ന് അയച്ച രാജിക്കത്ത് സ്പീക്കർ മഹിന്ദ അബെവർധന അംഗീകരിച്ചിരുന്നു.

പുതിയ പ്രസിഡന്റിനു പാർലമെന്റിന്റെ അവശേഷിക്കുന്ന രണ്ടു വർഷ കാലാവധി അധികാരത്തിൽ തുടരാം. ആക്ടിങ് പ്രസിഡന്റായി പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു പിന്നാലെ പ്രസിഡന്റിന്റെ കൊട്ടാരം ഉപരോധിച്ചിരുന്ന പ്രക്ഷോഭകർ വീടുകളിലേക്കു മടങ്ങി. 2019ലാണ് ഗോട്ടബയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

English Summary: Parliament meets briefly to announce president’s vacancy, reads out Gotabaya Rajapaksa’s resignation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com