ADVERTISEMENT

1956ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബന്ദാരനായകെ വാക്കുപാലിച്ചു. രാജ്യവ്യാപക പ്രതിഷേധങ്ങളെ അവഗണിച്ച് അദ്ദേഹം ‘സിംഹള മാത്രം’ നിയമം പാസാക്കി. തമിഴ് ന്യൂനപക്ഷ പാർട്ടികളും ഇടതുസ്വഭാവമുള്ള സിംഹള പാർട്ടികളും പാർലമെന്റിൽ ഈ നിയമത്തെ നഖശിഖാന്തം എതിർത്തെങ്കിലും ഫലമുണ്ടായില്ല. ഈ നിയമത്തെ പരാമർശിച്ച് ഇടതുപക്ഷ പാർട്ടിയായ എൽഎസ്എസ്പിയിലെ കോൾവിൻ ആർ.ഡിസിൽവ പാർലമെന്റ് പ്രസംഗത്തിൽ ചോദിച്ചത് നമുക്ക് ഒറ്റ സിലോൺ വേണമോ, രണ്ട് സിലോൺ വേണമോ എന്നായിരുന്നു.

ഈ നിയമം പാസാക്കുമ്പോൾ ശ്രീലങ്കൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ 30 ശതമാനവും പ്രഫഷനൽ സേവനരംഗത്ത് 50 മുതൽ 60 വരെ ശതമാനവും സായുധ സേനകളിൽ 40 ശതമാനത്തോളവും തമിഴ് വംശജരായിരുന്നു. ഭരണഭാഷ സിംഹള ആകുന്നതോടെ സർക്കാർ ജോലി സാധ്യത കുറയുമെന്നതും സിംഹള ഭാഷ അറിയാത്തതിനാൽ നിലവിലുള്ള ജോലി നഷ്ടപ്പെടുമെന്നതും അവരെ അസ്വസ്ഥരാക്കി. ഇടതുകക്ഷികളായ എൽഎസ്എസ്പി, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ശ്രീലങ്ക, തമിഴ് പാർട്ടികളായ തമിഴ് അരസു കക്ഷി, ഓൾ സിലോൺ തമിഴ് കോൺഗ്രസ് തുടങ്ങിയവർ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ, അതുവരെ ശത്രുക്കളായിരുന്ന ഫ്രീഡം പാർട്ടിയും യുഎൻപിയും നിയമത്തെ അനുകൂലിച്ചു. സിംഹള വോട്ടുബാങ്കായിരുന്നു അവരുെട ലക്ഷ്യം.

SWRD Bandaranaike
എസ്‍‍.ഡബ്ല്യു.ആർ.ഡി.ബന്ദാരനായകെ

തമിഴ് പാർട്ടിയായ ഫെഡറൽ പാർട്ടി പാർലമെന്റിനുമുന്നിൽ നടത്തിയ സമാധാനപരമായ പ്രതിഷേധത്തിനെതിരെ ഏക് സത് ബിക്കു പെരുമന എന്ന സിംഹള സംഘടന ആക്രമണം അഴിച്ചുവിട്ടു. നിരവധി പേർക്കു പരുക്കേറ്റു. ‘സിംഹളർ മാത്രം’ നിയമത്തെ എതിർക്കുന്ന തമിഴ് വംശജരെ തങ്ങളുടെ ശത്രുക്കളായി പ്രഖ്യാപിച്ചുകൊണ്ട് കെ.എം.പി. രാജരത്നെയുടെ നേതൃത്വത്തിൽ ഒരു വിഭാഗം കൊളംബോയിലുടനീളം കലാപങ്ങൾ അഴിച്ചുവിട്ടു. തമിഴ് വംശജരുടെ നൂറുകണക്കിന് വ്യാപാരശാലകൾ കൊള്ളയടിച്ചു, സ്ഥാപനങ്ങളും ബസ്സുകളും അഗ്നിക്കിരയാക്കി.

കലാപം പൊലീസ് നിയന്ത്രണവിധേയമാക്കിയെങ്കിലും തമിഴ് ഭൂരിപക്ഷമുള്ള വടക്കു കിഴക്കൻ മേഖലകളിൽ സിംഹളർക്കെതിരെ തമിഴ് വിഭാഗവും വ്യാപകമായ ആക്രമണങ്ങൾ നടത്തി. ബട്ടിക്കലോവയിൽ സിംഹള പെൺകുട്ടിയെ തമിഴ് വംശജർ ബലാൽസംഗം ചെയ്തെന്ന വ്യാജവാർത്തയെ തുടർന്ന് സിംഹള ഭൂരിപക്ഷ മേഖലയായ ഗാൽ ഓയയിൽ തമിഴർക്കെതിരെ വ്യാപക അക്രമമുണ്ടായി. നൂറ്റി അൻപതിൽപരം തമിഴ് വംശജരാണ് ആറ് ദിവസത്തോളം നീണ്ടുനിന്ന കലാപങ്ങളിൽ കൊല്ലപ്പെട്ടത്. ആധുനിക ശ്രീലങ്കയുടെ ചരിത്രത്തിലെ ആസൂത്രിതമായ തമിഴ് വംശഹത്യകളുടെ തുടക്കവും ഏറെ ചോരപ്പുഴ ഒഴുക്കിയ 1956 ജൂണിലെ ഗാൽ ഓയ കൂട്ടക്കൊലയിൽ നിന്നുമായിരുന്നു.

തമിഴരുടെ പൗരാവകാശങ്ങൾ സംരക്ഷിക്കുവാനായി ഫെഡറൽ പാർട്ടി 1956 ഓഗസ്റ്റ് 20ന് ട്രിങ്കോമാലിയിൽ ഒരു കൺവൻഷൻ വിളിച്ചു. അവകാശ സംരക്ഷണത്തിനായി ഗാന്ധിയൻ മാർഗത്തിൽ സത്യാഗ്രഹ സമരം നടത്തുവാൻ ഈ സമ്മേളനത്തിൽ തീരുമാനിക്കുകയും നാല് പ്രധാന ആവശ്യങ്ങൾ ബന്ദാരനായകെ സർക്കാരിനുമുന്നിൽ വയ്ക്കുകയും ചെയ്തു. തമിഴ് ഭൂരിപക്ഷ മേഖലകളിൽ സ്വയംഭരണ സംസ്ഥാനങ്ങൾ രൂപീകരിക്കുക, സിംഹള ഭാഷയ്ക്കൊപ്പം തമിഴ് ഭാഷയും ഔദ്യോഗിക ഭാഷയാക്കുക, ഡ്രൈ ലാൻഡ് കോളനിവത്കരണം എന്ന പേരിൽ തമിഴ് ഭൂരിപക്ഷ മേഖലകളിൽ സിംഹളരെ കുടിയിരുത്തുന്നത് അവസാനിപ്പിക്കുക, ഇന്ത്യൻ കുടിയേറ്റ തമിഴ് വംശജർക്ക് ഏർപ്പെടുത്തിയിരിക്കുന്ന പൗരത്വവിലക്ക് പിൻവലിക്കുക എന്നിവയായിരുന്നു ആ ആവശ്യങ്ങൾ.

SRI LANKA-POLITICS-ECONOMY-UNREST
2022 ജൂലൈ 14ന് കൊളംബോയിലെ പ്രസിഡൻഷ്യൽ സെക്രട്ടേറിയറ്റിൽ പ്രതിഷേധക്കാർ ഒത്തുകൂടിയപ്പോൾ. ചിത്രം: Arun SANKAR / AFP

1957 ഓഗസ്റ്റ് 20നകം ഇവ പരിഹരിച്ചില്ലെങ്കിൽ ഗാന്ധിയൻ അഹിംസാ മാർഗത്തിൽ ലക്ഷ്യപ്രാപ്തി കൈവരിക്കുന്നതു വരെ തങ്ങൾ സമരം തുടരുമെന്നും പാർട്ടി പ്രഖ്യാപിച്ചു. വീണ്ടുമൊരു കലാപം ഭയന്ന ബന്ദാരനായകെ തമിഴ് നേതാക്കളായ എസ്.ജെ.പി.ചെൽവനായകം, ഡോ:ഇ.എം.വി.രാമനാഥൻ, വി.എ.കാണ്ഡിയ, വി.നവരത്നം, എൻ.ആർ. രാജ വരോത്തയം എന്നിവരുമായി ചർച്ചകൾ നടത്തി.

ബന്ദാരനായകെ-ചെൽവനായകം കരാർ എന്ന പേരിൽ ഒരു കരാറുണ്ടാക്കുകയും ചെയ്തു.. സ്വയംഭരണ സംസ്ഥാനങ്ങൾ, ഫെഡറൽ ഭരണഘടന, തമിഴ് ഭാഷയ്ക്ക് തുല്യപദവി നൽകൽ തുടങ്ങിയ ആവശ്യങ്ങൾ ബന്ദാരനായകെ നിരാകരിച്ചു. പകരം തമിഴ് ഭൂരിപക്ഷമേഖലകളിൽ കൗൺസിൽ രൂപീകരിക്കാം, തമിഴിനെ ന്യൂനപക്ഷ ഭാഷയായി അംഗീകരിക്കാം തുടങ്ങിയ ധാരണകളിലെത്തി. തമിഴ് കുടിയേറ്റക്കാരുടെ പൗരത്വപ്രശ്നത്തിൽ ധാരണയാകാത്തതിനാൽ അത് കരാറിൽ ഉൾപ്പെടുത്തിയില്ല. ശ്രീലങ്കയുടെ വംശീയ സംഘർഷ ചരിത്രത്തിലെ ആദ്യത്തെ ഉടമ്പടിയായിരുന്നു ഇത്.

എന്നാൽ തമിഴ് കോൺഗ്രസ് നേതാവ് ജി.ജി.പൊന്നുമംഗലം അടക്കമുള്ള തമിഴ് നേതാക്കൾ കരാറിനെതിരെ രംഗത്ത് വന്നു. തമിഴരുടെ അവകാശങ്ങൾ ഈ കരാറിലൂടെ അടിയറവുവച്ചു എന്നായിരുന്നു ആരോപണം. സ്വയംഭരണ അവകാശം ലഭിക്കാത്തതിലും കുടിയേറ്റ തമിഴർക്ക് പൗരത്വം ലഭിക്കാത്തതിലും തമിഴർ പൊതുവെ നിരാശരുമായിരുന്നു. ഭൂരിപക്ഷമായ തങ്ങളെ ബന്ദാരനായകെ ഈ കരാറിലൂടെ വഞ്ചിച്ചുവെന്ന നിലപാടായിരുന്നു സിംഹളപക്ഷത്തിന്. യുഎൻപി. നേതാവ് ജെ.ആർ.ജയവർധനെ കരാറിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുവാൻ മുന്നിട്ടിറങ്ങിയതോടെ ശ്രീലങ്കയിൽ വംശീയ സംഘർഷത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി.

കരാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജയവർധനെ തമിഴ് വിരുദ്ധ ക്യാംപെയ്നുകളും കാൻഡിയിലേക്കു മാർച്ചും പ്രഖ്യാപിച്ചു. ബന്ദായനായകെ മാർച്ച് നിരോധിച്ചെങ്കിലും ജയവർധനെ വഴങ്ങിയില്ല. 1957 ഒക്ടോബർ 4ന് കൊളംബോയിൽനിന്നു ഡഡ്‌ലി സേനാനായകെയുടെയും ജയവർധനെയുടെയും നേതൃത്വത്തിൽ ആയിരങ്ങൾ കാൻഡി മാർച്ച് ആരംഭിച്ചു. പക്ഷേ ഫ്രീഡം പാർട്ടി പ്രവർത്തകർ മാർച്ചിനുനേരെ ആക്രമണം നടത്തി. സംഘർഷം രൂക്ഷമായതോടെ മാർച്ച് പാതിവഴിയിൽ നിർത്തി ജയവർധനെ വാഹനത്തിൽ കാൻഡിയിലെത്തുകയായിരുന്നു.

SRI LANKA-POLITICS-ECONOMY
ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിക്കിടെ കൊളംബോയിലെ ഒരു ചന്തയിൽനിന്നുള്ള കാഴ്ച. ചിത്രം: Arun SANKAR / AFP

കാൻഡി മാർച്ച് തമിഴ്-സിംഹള വിഭാഗങ്ങൾക്കിടയിലെ അകൽച്ച രൂക്ഷമാക്കി. ബന്ദാരനായകെ തങ്ങളെ വഞ്ചിച്ചുവെന്ന് സിംഹളപക്ഷം കരുതി. അവരെ പാട്ടിലാക്കാൻ വാഹനങ്ങളുടെ നമ്പർപ്ലേറ്റിൽ സിംഹള ഭാഷയിലെ ശ്രീ എന്ന അക്ഷരം ഉപയോഗിക്കണമെന്ന നിയമം ബന്ദാരനായകെ കൊണ്ടുവന്നു. തമിഴ് വംശജർ ഈ നിയമം അംഗീകരിക്കുവാൻ തയാറായില്ല. അവർ അതു ടാർ കൊണ്ടു മായ്ച്ചു. അതിനെതിരെ സിംഹള ഭൂരിപക്ഷ മേഖലയിലെ തമിഴ് ബോർഡുകൾ ടാർ പയോഗിച്ച് സിംഹളരും മായ്ച്ചു. പലയിടങ്ങളിലും തമിഴർക്കു നേരെ ആക്രമണങ്ങളും വെടിവയ്പും ഏതാനും മരണങ്ങളും ഉണ്ടായി.

1958 ഏപ്രിൽ 9 ന് നൂറോളം ബുദ്ധസന്യാസിമാരും മുന്നൂറോളം സിംഹളരും പ്രധാനമന്ത്രി ബന്ദാരനായകെയുടെ ഔദ്യോഗിക വസതിക്കു മുന്നിൽ പ്രതിഷേധത്തിനെത്തി. ബന്ദാരനായകെ-ചെൽവനായകം ഉടമ്പടി ഉടൻ റദ്ദുചെയ്യണമെന്നായിരുന്നു ആവശ്യം. ബന്ദാരനായകെ പ്രതിഷേധക്കാരെ അനുനയിപ്പിക്കുവാൻ ശ്രമിച്ചു എങ്കിലും അവർ പിരിഞ്ഞുപോകുവാൻ കൂട്ടാക്കിയില്ല. ഒടുവിൽ കരാർ പിൻവലിക്കാമെന്ന് ബന്ദാരനായകെ ഉറപ്പുകൊടുക്കുകയും കരാറിന്റെ പ്രധാന പകർപ്പ് പ്രതിഷേധക്കാരുടെ മുന്നിൽവച്ച് പരസ്യമായി കീറിയെറിയുകയും ചെയ്തു. ശ്രീലങ്കൻ തമിഴർക്കും സിംഹളർക്കുമിടയിൽ സമാധാനത്തിനും സൗഹാർദ്ദത്തിനുമായി ആദ്യം രൂപംകൊണ്ട കരാർ ഇതോടെ നാമാവശേഷമായി.

ബന്ദാരനായകെ-ചെൽവനായകം കരാർ റദ്ദായപ്പോൾ തമിഴ് വിഭാഗം വീണ്ടും നിരാശരായി. 1958 മേയിൽ നടന്ന ഫെഡറൽ പാർട്ടി കൺവൻഷനിൽ തമിഴരുടെ അവകാശങ്ങൾ നേടിയെടുക്കുവാനായി രാജ്യമെങ്ങും സമാധാനപരമായ സത്യാഗ്രഹ സമര പരമ്പര ആരംഭിക്കുമെന്നു പ്രഖ്യാപനം ഉണ്ടായി.

ശ്രീലങ്ക അതുവരെ കണ്ടതിൽവച്ച് ഏറ്റവും വലിയ തമിഴ് വംശഹത്യയ്ക്ക് 1958 സാക്ഷ്യം വഹിച്ചു. ഒരു സിംഹള വ്യാപാരി വെടിയേറ്റു മരിച്ചതിനെത്തുടർന്നുണ്ടായ പ്രശ്നം വൻ കലാപമാകുകയും തമിഴർക്കുനേരെ ആക്രമണങ്ങളും കൊള്ളയും കൊലയും നടക്കുകയും ചെയ്തു. തമിഴ് ഭൂരിപക്ഷ മേഖലകളിൽ സിംഹളർക്കുനേരെയും ആക്രമണങ്ങൾ നടന്നു. കലാപമേഖലകളിൽ പലപ്പോഴും പൊലീസ് നിഷ്ക്രിയരായത് ആക്രമണങ്ങളുടെ ശക്തി വർധിപ്പിച്ചു.

SRI LANKA-POLITICS-ECONOMY-PROTEST
ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയുടെ പ്രസിഡ‍ന്റ് സ്ഥാനത്തുനിന്നു രാജിവച്ചതിനു പിന്നാലെആഘോഷത്തിന്റെ ഭാഗമായി 2022 ജൂലൈ 15ന് കൊളംബോയിലെ പ്രസിഡൻഷ്യൽ സെക്രട്ടേറിയറ്റിൽ പ്രതിഷേധക്കാർ മധുരം വിതരണം ചെയ്യുന്നു. ചിത്രം: Arun SANKAR / AFP

മേയ് 27ന് പ്രധാനമന്ത്രി ബന്ദാരനായകെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കലാപം അവസാനിക്കുമ്പോൾ അത് ശ്രീലങ്കയെയും ലോകത്തെയും പിടിച്ചുകുലുക്കിയ വലിയൊരു വംശഹത്യയായി മാറിയിരുന്നു. 1500ൽ പരം പേർ കൊലചെയ്യപ്പെട്ടതിൽ ബഹുഭൂരിപക്ഷവും തമിഴ് വംശജരായിരുന്നു. 12,000ത്തിൽ പരം തമിഴ് വംശജരാണ് സിംഹള ഭൂരിപക്ഷ മേഖലകളിൽനിന്നും കൊളംബോയ്ക്ക് സമീപമുള്ള അഭയാർത്ഥി ക്യാംപുകളിൽ അഭയം പ്രാപിച്ചത്. ഈ വംശഹത്യയ്ക്കു ശേഷം തമിഴരെ അനുനയിപ്പിക്കുവാൻ സർക്കാർ മുന്നോട്ടുവന്നു. 1958 സെപ്റ്റംബർ 3ന് പൊതുസേവനങ്ങൾക്കും പ്രവേശനങ്ങൾക്കും പൊതുപരീക്ഷകൾക്കും സംസ്ഥാനങ്ങളുടെ ഭരണപരമായ ആവശ്യങ്ങൾക്കും വടക്കുകിഴക്കൻ മേഖലകളിൽ തമിഴ് ഭാഷ ഉപയോഗിക്കുവാനുള്ള നിയമം നിലവിൽവന്നു.

‘സിംഹളർ മാത്രം’ മുദ്രാവാക്യം മൂലം സിംഹളർ തമിഴരെ വംശീയശത്രു എന്നതിലുപരി രാജ്യത്തിന്റെ ശത്രുവായി കണ്ടുതുടങ്ങി. അധികാര രാഷ്ട്രീയത്തിന് വേണ്ടി ബന്ദാരനായകെ തുറന്നുവിട്ട ‘സിംഹള മാത്രം’ എന്ന ദുർഭൂതം സിംഹളരെയും, തമിഴരെയും ഒരുപോലെ അദ്ദേഹത്തിന്റെ ശത്രുക്കളാക്കി.

1959 സെപ്റ്റംബർ 26ന് ബന്ദാരനായകെയെ സന്ദർശിക്കാനെത്തിയ സോമരാമ എന്ന ബുദ്ധസന്യാസി അദ്ദേഹത്തെ വെടിവച്ചുവീഴ്ത്തി. പിറ്റേന്ന് ബന്ദാരനായകെ മരണത്തിനു കീഴടങ്ങി. സിംഹള ദേശീയത മുദ്രാവാക്യമാക്കി മാറ്റിയ നേതാവിനെ സിംഹള വംശജനായ ബുദ്ധസന്യാസി തന്നെ വധിച്ചപ്പോൾ അത് ശ്രീലങ്കൻ ചരിത്രത്തിലെ ഒരു കറുത്ത ഏടായി മാറുകയായിരുന്നു.

(തുടരും)

English Summary: Sri Lanka Economic Crisis and the history of the Island - Special web series

(ലേഖകന്റെ അഭിപ്രായങ്ങൾ വ്യക്തിപരം)

∙ ഒന്നാം ഭാഗം- ക്ഷോഭമടങ്ങാതെ ലങ്ക; ‘അരി വില’ ഹർത്താൽ, കുടുംബവാഴ്ച; ‘സിംഹള മാത്രം’ മുദ്രാവാക്യവും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com