ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയുടെ 15-ാം രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ് തുടങ്ങിയവർ സന്ദർശിച്ചു. ഡൽഹിയിലെ മുർമുവിന്റെ വസതിയിൽ എത്തിയ ഇവർ തിരഞ്ഞെടുപ്പു വിജയത്തിൽ അഭിനന്ദനം അറിയിച്ചു. പൂച്ചെണ്ടു നൽകിയാണ് മോദി മുർമുവിനെ അഭിനന്ദിച്ചത്. കക്ഷിരാഷ്ട്രീയഭേദമെന്യെ ദ്രൗപദി മുർമുവിനെ പിന്തുണച്ച എല്ലാ എംപിമാർക്കും എംഎൽഎമാർക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു.

മൂന്നാം റൗണ്ട് വോട്ടണ്ണലിനുശേഷം മുർമുവിന് 50 ശതമാനത്തിലധികം വോട്ടു ലഭിച്ചെന്ന് രാജ്യസഭാ സെക്രട്ടറി പി.സി. മോദി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരുടെ സന്ദർശനം. അതേസമയം, രാജ്യത്ത് പലയിടങ്ങളിലും ബിജെപി ആഘോഷ പരിപാടികൾ സംഘടിപ്പിക്കുകയാണ്. മുർമുവിനെ അഭിനന്ദിച്ചുകൊണ്ടുള്ള ബാനറുകളും പോസ്റ്ററുകളും വിവിധയിടങ്ങളിൽ ഉയർന്നു. ‌

സ്ഥാനമൊഴിയുന്ന രാഷ്ട്രപതി റാം നാഥ് കോവിന്ദ്, രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സ്ഥാനാർഥിയായിരുന്ന യശ്വന്ത് സിൻഹ, കോൺ‌ഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ബിഎസ്പി നേതാവ് മായാവതി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തുടങ്ങിയവരും ദ്രൗപദി മുർമുവിനെ അഭിനന്ദനം അറിയിച്ചു.

∙ കോഴിക്കോട്ടും ആഹ്ലാദപ്രകടനവും മധുരവിതരണവും

ദ്രൗപതി മുർമു രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ ആഹ്ലാദപ്രകടനവും മധുരവിതരണവുമായി ബിജെപി പ്രവർത്തകർ. നടക്കാവ് വണ്ടിപ്പേട്ടയിൽനിന്നാണ് ആഹ്ലാദപ്രകടനം ആരംഭിച്ചത്. ലോകത്തിലെ ഏറ്റവുംവലിയ ജനാധിപത്യരാജ്യത്തിന്റെ രാഷ്ട്രപതിയായി ഗോത്രവർഗത്തിൽനിന്നൊരു വനിത വിജയിക്കുകയെന്നത് ലോകത്തിനുമുന്നിൽ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തുന്നതാണെന്ന് ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ പറഞ്ഞു. ദ്രൗപതി മുർമുവിനെ എതിർത്തതിലൂടെ പ്രതിപക്ഷ രാഷ്ടീയപ്പാർട്ടികൾ ചരിത്രത്തിലെ ഏറ്റവും വലിയ തെറ്റാണു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി കെ.പി.പ്രകാശ് ബാബു, സംസ്ഥാന സമിതി അംഗങ്ങളായ കെ. ശ്രീപത്മനാഭൻ, പി.രമണി ഭായ്, ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ, കൗൺസിലർ സി.എസ് സത്യഭാമ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രവീൺ തളിയിൽ, എൻ.പി.പ്രകാശൻ, വൈസ് പ്രസിഡന്റുമാരായ എം.ജഗനാഥൻ, കെ.പി.പ്രമോദ്, മണ്ഡലം സെക്രട്ടറി മധു കാട്ടുവയൽ എന്നിവർ നേതൃത്വം നൽകി.

English Summary: PM Modi visits Droupadi Murmu to congratulate her on presidential poll win

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com