സിപിഇസിയിൽ മൂന്നാം രാജ്യം; ‘അനധികൃതം, അംഗീകരിക്കില്ല’: കടുത്ത നിലപാടുമായി ഇന്ത്യ
Mail This Article
ന്യൂഡൽഹി ∙ പാക്ക് അധിനിവേശ കശ്മീരിലെ (പിഒകെ) ഇടപെടലിൽ പാക്കിസ്ഥാനും ചൈനയ്ക്കും എതിരെ കടുത്ത വിമർശനവുമായി ഇന്ത്യ. ചൈന – പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതിയിൽ മൂന്നാമതൊരു രാജ്യത്തെക്കൂടി പങ്കെടുപ്പിക്കാനുള്ള നീക്കത്തിനെതിരെയാണു പ്രതിഷേധം.
‘ഇത്തരം നീക്കങ്ങൾ അനധികൃതമാണ്. ക്രമവിരുദ്ധവും അംഗീകരിക്കാൻ കഴിയാത്തതുമാണ്’– വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്‌ചി വ്യക്തമാക്കി. നിയമവിരുദ്ധമായി പാക്കിസ്ഥാൻ കൈവശം വച്ചിരിക്കുന്ന ഇന്ത്യയുടെ പ്രദേശത്തു കൂടിയുള്ള സിപിഇസി പദ്ധതിയെ ഇന്ത്യ കാലങ്ങളായി എതിർക്കുന്നതാണ്. കഴിഞ്ഞദിവസം ചേർന്ന സിപിഇസി ജോയിന്റ് വർക്കിങ് ഗ്രൂപ്പ് യോഗത്തിൽ, പദ്ധതിയിൽ താൽപര്യമുള്ള മറ്റു രാജ്യങ്ങളെ പാക്കിസ്ഥാനും ചൈനയും സ്വാഗതം ചെയ്തിരുന്നു.
ഇരുരാജ്യങ്ങളുടെ ഈ തീരുമാനമാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്. ‘സിപിഇസി പദ്ധതിയിലേക്കു മറ്റു രാജ്യങ്ങളെയും ക്ഷണിച്ചുകൊണ്ടുള്ള റിപ്പോർട്ടുകൾ ഞങ്ങൾ കണ്ടു. അത്തരം നീക്കങ്ങൾ ആരു നടത്തിയാലും അത് ഇന്ത്യയുടെ പരമാധികാരത്തിലേക്കും മണ്ണിലേക്കുമുള്ള നേരിട്ടുള്ള കടന്നുകയറ്റമാണ്. സിപിഇസി പദ്ധതികളെ തുടക്കംമുതലേ ഇന്ത്യ എതിർക്കുന്നുണ്ട്. അനധികൃത നീക്കങ്ങളെ ഇന്ത്യ അനുയോജ്യമായ തരത്തിൽ നേരിടും’– ബാഗ്‌ചി പറഞ്ഞു.
പാക്ക് അധിനിവേശ കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നു കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാക്ക് അധിനിവേശ കശ്മീരുമായി ബന്ധപ്പെട്ടു പാർലമെന്റിൽ പാസാക്കിയ പ്രമേയത്തോടു ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. കശ്മീർ ഇന്ത്യയുടെ ഭാഗമാണ്. അതു തുടരുക തന്നെ ചെയ്യുമെന്നും രാജ്നാഥ് വ്യക്തമാക്കി.
English Summary: India Slams China, Pak Move To Involve 3rd Nations In Project Through PoK