കൽപ്പറ്റ∙ രാഹുൽ ഗാന്ധിയുടെ ഓഫിസിലേക്ക് മാർച്ച് നടത്തിയതിന് എസ്എഫ്ഐയെ പഠിപ്പിക്കാൻ സിപിഐയുടെ ജില്ലാ സെക്രട്ടറി വരണ്ടെന്ന് എസ്എഫ്ഐ വയനാട് മുൻ ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി. ആദ്യം നാട്ടിലെ ഏതെങ്കിലും ഒരു കോളജിൽ എഐഎസ്എഫിന് രണ്ട് പേരെയെങ്കിലും ഉണ്ടാക്കി കൊടുക്കാൻ നോക്കണം. എംപി ഓഫിസിൽ നടന്നത് വൈകാരിക സമരമാണെന്നും രാഹുൽ ഗാന്ധിയുടെ മാപ്പ് എസ്എഫ്ഐയ്ക്ക് വേണ്ടെന്നും ജിഷ്ണു ഷാജി പറഞ്ഞു.
‘സമാധാനപരമായ സമരത്തിനാണ് ഞങ്ങൾ നേതൃത്വം നൽകിയത്. പക്ഷേ പൊലീസ് സമരക്കാരെ മർദിച്ചതോടെയാണ് സമരം വൈകാരികമായി മാറിയത്. ഞങ്ങൾക്കെന്താ അടികൊണ്ടാൽ വേദനിക്കില്ലേ? പ്രത്യേക താൽപര്യമുള്ള, കോൺഗ്രസിനു വേണ്ടി പണിയെടുക്കുന്ന പൊലീസാണ് എസ്എഫ്ഐയ്ക്കെതിരെ തിരിഞ്ഞത്. വയനാട്ടിലെത്തിയ രാഹുൽ പറഞ്ഞത് എസ്എഫ്ഐ കുട്ടികളോട് ക്ഷമിച്ചുവെന്നാണ്. പ്രിയ രാഹുൽഗാന്ധി, എസ്എഫ്ഐയ്ക്കാർക്ക് നിങ്ങളുടെ ക്ഷമ വേണ്ട. നിങ്ങൾ ആദ്യം നിങ്ങളുടെ കോൺഗ്രസ് പ്രവർത്തകരോട് ക്ഷമിച്ചുവെന്ന് പറയുക. കാരണം അവരാണ് ഗാന്ധിജുടെ ഫോട്ടോ എറിഞ്ഞുപൊട്ടിച്ചത്. ഇവിടത്തെ മണ്ടന്മാരായ കോൺഗ്രസുകാർ പേപ്പറിൽ എഴുതിത്തരുന്നത് അതുപോലെ വായിക്കുന്ന പരിപാടി നിർത്തിയിട്ട് നാട്ടിലേക്ക് ഇറങ്ങണം. ഇവിടത്തെ പ്രശ്നങ്ങൾ നേരിട്ട് പഠിക്കണം. മനസ്സിലായില്ലെങ്കിൽ ഇടതുപക്ഷവും എസ്എഫ്ഐയും വിഷയങ്ങൾ എത്തിച്ചുതരാം.’–ജിഷ്ണു പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ഓഫിസിൽ നടന്ന അക്രമ സംഭവങ്ങൾക്ക് പിന്നാലെ ജിഷ്ണു ഷാജി സെക്രട്ടറിയായിരുന്ന എസ്എഫ്ഐ ജില്ലാ കമ്മറ്റി പിരിച്ചു വിട്ടിരുന്നു.
English Summary: Rahul Gandhi office attack: SFI slams CPI and Congress