ADVERTISEMENT

തിരുവനന്തപുരം∙ വടകരയിൽ വാഹനാപകടവുമായി ബന്ധപ്പെട്ടു പൊലീസ് കസ്റ്റഡിയിലെടുത്തയാൾ സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞു വീണു മരിച്ച സംഭവത്തിൽ വടകര പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലംമാറ്റി.  മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് 66 പൊലീസുകാര്‍ക്കെതിരെയുള്ള കൂട്ടനടപടി. നേരത്തേയുള്ള സസ്പെൻഷനു പുറമേയാണിത്. മാനുഷിക ഉത്തരവാദിത്തം  കാട്ടിയില്ല, ആശുപത്രിയിൽ കൊണ്ടു പോയില്ല തുടങ്ങിയ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് നടപടി. ഉദ്യോഗസ്ഥർക്ക് കൂട്ടായ ഉത്തരവാദിത്തം വേണമെന്നും ഭാവിയിൽ ഇത്തരം വീഴ്ചകൾ ആവർത്തിച്ചാൽ കർശന നടപടിയെന്നും മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കല്ലേരി പൊൻമേരി പറമ്പിൽ താഴെ കോലോത്ത് സജീവ(41) ന്റെ മരണത്തിലാണ് പൊലീസുകാർക്കെതിരെ നടപടി. 

വാഹനാപകടവുമായി ബന്ധപ്പെട്ടാണ് 14-ാം തിയതി രാത്രി സജീവൻ, ജുബൈർ, ഷംനാദ് എന്നിവരെ വടകര പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചത്. പ്രശ്‌നം പറഞ്ഞ് തീർത്തതിനു ശേഷം പുറത്തിറങ്ങിയ സജീവൻ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.  പൊലീസ് മർദിച്ചതിനെ തുടർന്നാണു മരണമെന്നു സജീവന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചു. അതേ സമയം, സജീവനെ മർദിച്ചിട്ടില്ലെന്നും, പിറ്റേന്നു ഹാജരാകാൻ നിർദേശിക്കുക മാത്രമാണു ചെയ്തതെന്നുമാണു പൊലീസ് വിശദീകരണം. ശാരീരികാസ്വാസ്ഥ്യമുണ്ടെന്ന് അറിയിച്ചിട്ടും ആശുപത്രിയിലെത്തിക്കാൻ സഹായിക്കാത്തതിനു മൂന്നു പൊലീസുകാരെ സസ്പെൻഡ് ചെയ്‌തിരുന്നു.

സംഭവദിവസം രാത്രി പതിനൊന്നോടെ സജീവനും രണ്ടു സുഹൃത്തുക്കളും സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചിരുന്നു. തുടർന്നു പൊലീസുകാർ ഇരുകൂട്ടരെയും വടകര സ്റ്റേഷനിൽ എത്തിച്ചു. പൊലീസ് ഉദ്യോഗസ്ഥൻ കാറോടിച്ചാണു സജീവനെയും സുഹൃത്തുക്കളെയും സ്റ്റേഷനിൽ എത്തിച്ചത്. പ്രശ്നം രമ്യമായി പരിഹരിക്കാത്തതിനെ തുടർന്ന് കാർ കസ്റ്റഡിയിൽ വച്ച് 3 പേരോടും പിറ്റേന്നു ഹാജരാകാൻ പറഞ്ഞെന്നാണു പൊലീസ് പറയുന്നത്. പൊതുസ്ഥലത്തു മോശമായി പെരുമാറിയതിനും മറ്റും സജീവന്റെയും സുഹൃത്തുക്കളുടെയും പേരിൽ കേസെടുത്തിരുന്നു. ഇതിനിടയിലാണു സജീവൻ സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞു വീണത്.

വാഹനം പൊലീസ് കസ്റ്റഡിയിലായതിനാൽ ആശുപത്രിയിലെത്തിക്കാൻ വിട്ടു കൊടുത്തില്ലെന്നു സജീവന്റെ ഒപ്പമുണ്ടായിരുന്നവർ പറയുന്നു. പൊലീസ് വാഹനവും നൽകിയില്ല. ഏറെ വൈകി ആംബുലൻസ് കൊണ്ടു വന്ന് സഹകരണ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സജീവൻ മരിച്ചിരുന്നു. സ്റ്റേഷനിൽ ഒരു വാഹനവും ഡ്രൈവറും മാത്രമേ ആ സമയം ഉണ്ടായിരുന്നുളളൂവെന്നും ആ വാഹനം പുറത്തു പോയ ശേഷമാണു സജീവൻ കുഴഞ്ഞു വീണത് എന്നുമാണു പൊലീസിന്റെ വിശദീകരണം. എസ്ഐ: എം.നിജീഷ്, എഎസ്ഐ അരുൺ കുമാർ, സിവിൽ പൊലീസ് ഓഫിസർ ഗിരീഷ് എന്നിവരെ സംഭവത്തിനു പിന്നാലെ  കണ്ണൂർ റേഞ്ച് ഡിഐജി രാഹുൽ ആർ.നായർ സസ്പെ‍ൻഡ് ചെയ്‌തിരുന്നു.

English Summary: Suspected custodial torture and death in Vadakara; Action against 66 police officers 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com