ADVERTISEMENT

‌ന്യൂഡൽഹി∙ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ‘രാഷ്ട്രപത്നി’ എന്ന് വിശേഷിപ്പിച്ചതില്‍ മാപ്പു പറയാമെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്‍ജന്‍ ചൗധരി. രാഷ്ട്രപതിയെ നേരിട്ടു കണ്ടു മാപ്പുപറയാമെന്നു വ്യക്തമാക്കിയ അധീർ കൂടിക്കാഴ്ചയ്ക്കു സമയം തേടി. സംഭവത്തിലേക്കു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ വലിച്ചിഴയ്ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 

‘‘അബദ്ധം സംഭവിച്ചു. രാഷ്ട്രപതിക്കു മോശമായി തോന്നിയെങ്കിൽ അവരെ നേരിൽ കാണാനും മാപ്പ് പറയാനും തയാറാണ്. അവർക്ക് വേണമെങ്കിൽ എന്നെ തൂക്കിക്കൊല്ലാം. ശിക്ഷ ഏറ്റുവാങ്ങാൻ ഞാൻ തയാറാണ്. എന്നാൽ എന്തിനാണു സോണിയ ഗാന്ധിയെ ഇതിലേക്കു വലിച്ചിഴയ്ക്കുന്നത്?. രാഷ്ട്രപത്നി എന്നതു നാക്കുപിഴ സംഭവിച്ചതാണ്. ഞാൻ ബംഗാളിയാണ് സംസാരിക്കുന്നത്, ഹിന്ദിയല്ല. അതുകൊണ്ടാണ് നാക്കുപിഴ സംഭവിച്ചത്. രാജ്യത്തെ ഏറ്റവും ഉന്നത സ്ഥാനത്തിരിക്കുന്നവരെ ആക്ഷേപിക്കണമെന്നു സ്വപ്നത്തിൽപോലും ചിന്തിച്ചിരുന്നില്ല.’’– അധീർ പറഞ്ഞു.

രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ‘രാഷ്‌ട്രപത്നി’യെന്നു കോൺഗ്രസ് ലോക്സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി വിളിച്ചതിനെതിരെ പാർലമെന്റിന്റെ ഇരുസഭകളിലും ബിജെപി പ്രതിഷേധം ശക്തമാക്കിയിരുന്നു. ഒരു ഹിന്ദി ചാനലിനോടു പ്രതികരിക്കവെയാണ് അധീർ രഞ്ജൻ ചൗധരിയുടെ വിവാദ പരാമർശം. 

കോൺഗ്രസ് സ്ത്രീ വിരുദ്ധരും ആദിവാസി വിരുദ്ധരുമാണെന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനി കുറ്റപ്പെടുത്തി. പ്രസ്താവനയ്ക്കെതിരെ ബിജെപി എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധിച്ചു. വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മാപ്പുപറയണമെന്നു കേന്ദ്രമന്ത്രി നിർമല സീതാരാമൻ ആവശ്യപ്പെട്ടു. പരാമർശം തെറ്റായി പോയെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. 

അതേസമയം, ചൗധരിക്കെതിരെ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. പ്രസ്താവന അപകീർത്തികരവും ലിംഗവിവേചനപരവുമാണ്. ചൗധരിക്കെതിരെ നടപടി വേണമെന്ന് സോണിയ ഗാന്ധിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. 

English Summary: Adhir Chowdhury says will apologise to President for 'rashtrapatni' remark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com