ADVERTISEMENT

പാലക്കാട്∙ സിപിഎം ഭരണത്തിലുള്ള പാലക്കാട് കണ്ണമ്പ്ര സര്‍വീസ് സഹകരണ ബാങ്കില്‍ 5.45 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നതായി അന്വേഷണ റിപ്പോര്‍ട്ട്. സെക്രട്ടറിയും ജീവനക്കാരും ഭരണസമിതി അംഗങ്ങളും ചേര്‍ന്നു പണം തിരിച്ചടയ്ക്കണമെന്നാണു സഹകരണ വകുപ്പിന്റെ ഉത്തരവ്. സഹകരണ ബാങ്കുകളിലെ കോടിക്കണക്കിനു രൂപയുടെ ക്രമക്കേടുകള്‍ ഓരോ ദിവസവും ചര്‍ച്ചയാകുമ്പോഴാണു കണ്ണമ്പ്രയും വിവാദത്തിലായിരിക്കുന്നത്. 

കണ്ണമ്പ്ര റൈസ് പാര്‍ക്കിന് ഭൂമി വാങ്ങിയതില്‍ ബാങ്കിനു കൂടി പങ്കാളിത്തമുണ്ടായിരുന്ന പാപ്കോസ് വഴി നടത്തിയ കോടികളുടെ അഴിമതിയായിരുന്നു ആദ്യ വിവാദം. പാര്‍ട്ടി കമ്മിഷന്റെ അന്വേഷണത്തില്‍ ബാങ്ക് സെക്രട്ടറി ആര്‍. സുരേന്ദ്രന്റെ പങ്ക് തെളിഞ്ഞതോടെ സിപിഎം ഇദ്ദേഹത്തെ പുറത്താക്കി. സുരേന്ദ്രന്റെ ബന്ധുകൂടിയായ ജില്ലാ നേതാവിനെ തരംതാഴ്ത്തുകയും ചെയ്തു. എന്നാല്‍ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടുകളില്‍ കൂടുതലാളുകള്‍ക്കു പങ്കുണ്ടെന്നാണ് അസിസ്റ്റന്റ് റജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത്. 5,76,57,751 രൂപയുടെ ക്രമക്കേടുണ്ടെന്നാണു കണ്ടെത്തല്‍. ഇതു സെക്രട്ടറിയും ജീവനക്കാരും നേരത്തെയും ഇപ്പോഴത്തെയും ഭരണസമിതി അംഗങ്ങള്‍ ചേര്‍ന്നും തിരിച്ചടയ്ക്കണം.

ഭരണവകുപ്പിന്റെ അനുമതി തേടാതെ പൊതുജനങ്ങളില്‍നിന്നു നിക്ഷേപമായി വാങ്ങിയ അഞ്ച് കോടിയിലധികം രൂപ കെട്ടിട നിര്‍മാണത്തിനായി വിനിയോഗിച്ചു. ഊരാളുങ്കല്‍ സൊസൈറ്റിക്ക് അനുമതിയില്ലാതെ ഒരു കോടി രൂപ മുന്‍കൂറായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു നല്‍കി. കര്‍ഷകസേവന കേന്ദ്രം നടത്തിപ്പിലും ക്രമക്കേട് കണ്ടെത്തി. സ്ഥിരനിക്ഷേപം വകമാറ്റി. ഓണച്ചന്ത നടത്തിപ്പിൽ കിട്ടിയ പണം കൃത്യസമയത്ത് ബാങ്കിലടയ്ക്കാതെ കൈവശം വച്ചതായും റിപ്പോർട്ടിൽ പറയുന്നു.

മലയോര കര്‍ഷകര്‍ ഉള്‍പ്പെടെ സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന കണ്ണമ്പ്ര ബാങ്കിന്റെ നിലവിലെ പ്രവര്‍ത്തനത്തില്‍ സിപിഎം നേതൃത്വവും കടുത്ത അതൃപ്തിയിലാണ്. റിപ്പോര്‍ട്ട് പരിഗണിച്ച് കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ കടുത്ത നടപടിക്കു ശുപാര്‍ശ ചെയ്യുമെന്ന് സഹകരണ മന്ത്രിയുടെ ഓഫിസ് അറിയിച്ചു

English Summary: Kannambra Service Cooperative Bank Money laundering case updates 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com