ADVERTISEMENT

ന്യൂ‌ഡൽഹി∙ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ‘രാഷ്‌ട്രപത്നി’യെന്നു കോൺഗ്രസ് ലോക്സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി വിളിച്ചതിനെതിരെ പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധം ശക്തമാക്കി ബിജെപി. ഒരു ഹിന്ദി ചാനലിനോട് പ്രതികരിക്കവെയാണ് അധീർ രഞ്ജൻ ചൗധരിയുടെ വിവാദ പരാമർശം. കോൺഗ്രസ് സ്ത്രീ വിരുദ്ധരും ആദിവാസി വിരുദ്ധരുമാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി കുറ്റപ്പെടുത്തി.

ദ്രൗപദി മുർമു രാഷ്ട്രപതി സ്ഥാനാർഥിയായപ്പോൾ തന്നെ കോൺഗ്രസ് നിരന്തരം അപകീർത്തിപരമായ പരാമർശങ്ങളാണു നടത്തുന്നതെന്നും രാഷ്ട്രപതിയെ അധിക്ഷേപിച്ചതിൽ കോൺഗ്രസ് മാപ്പു പറയണമെന്നും സ്മൃതി ഇറാനി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. പ്രസ്താവനയ്ക്കെതിരെ ബിജെപി എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധിച്ചു. കോണ്‍ഗ്രസിനെതിരെ ലോക്സഭയിലും രാജ്യസഭയിലും ബിജെപി എംപിമാര്‍ നോട്ടിസ് നല്‍കും.

വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മാപ്പുപറയണമെന്നു കേന്ദ്രമന്ത്രി നിർമല സീതാരാമൻ ആവശ്യപ്പെട്ടു. പരാമർശം തെറ്റായി പോയെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ‘രാഷ്‌ട്രപത്നി’യെന്നു വിശേഷിപ്പിച്ചത് നാക്കുപിഴയാണെന്ന് ‌അധീർ രഞ്ജൻ ചൗധരി പ്രതികരിച്ചു. മാപ്പുപറയേണ്ട കാര്യമില്ലെന്നും ഇതിന്റെ പേരിൽ തൂക്കിലേറ്റണമെങ്കിൽ തൂക്കിലേറ്റാമെന്നും അധീർ രഞ്ജൻ ചൗധരി പറഞ്ഞു.

ഞാൻ ഒരു തവണ മാത്രമാണ് അപ്രകാരം പറഞ്ഞത്. രാഷ്ട്രപതിയെ അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. നാക്കുപിഴയാണെന്ന് അപ്പോൾ തന്നെ വ്യക്ത‌മാക്കിയിരുന്നതുമാണ്. വിവാദങ്ങളിൽനിന്ന് നേട്ടം കൊയ്യാൻ ശ്രമിക്കുന്നതു ബിജെപിയുടെ രീതിയാണെന്നും കൂടുതൽ പ്രതികരണങ്ങൾക്ക് ഇല്ലെന്നും അധീർ രഞ്ജൻ ചൗധരി പ്രതികരിച്ചു.

എന്നാൽ വിവാദ പരാമർശം അധീറിനു പറ്റിയ നാക്കുപിഴയാണെന്നും വിഷയത്തിൽ അദ്ദേഹം നേരത്തെ തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും സോണിയ ഗാന്ധി പ്രതികരിച്ചു. ആദിവാസി വിഭാഗങ്ങളെ വേദനിപ്പിക്കുകയും അപമാനിക്കുകയും ചെയ്യുന്ന പരാമർശമാണ് കോൺഗ്രസ് ലോക്സഭാകക്ഷി നേതാവിൽനിന്ന് ഉണ്ടായതെന്നും ഇത്തരമൊരു ആളെ സഭയിൽ നിയോഗിച്ചതിനു കോൺഗ്രസ് അധ്യക്ഷ മാപ്പു പറയണമെന്നും കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രൽഹാദ് ജോഷി ആവശ്യപ്പെട്ടു.

English Summary: Massive Row Over Congress Leader's "Rashtrapatni" Comment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com