ADVERTISEMENT

തിരുവനന്തപുരം ∙ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ മർദിച്ചെന്ന കേസിൽ അന്വേഷണം ഇഴയുന്നു. മൊഴി രേഖപ്പെടുത്തുന്നതില്‍ പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് കാരണം. വിമാനത്തിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിലെ ജാമ്യ ഉപാധിപ്രകാരം പ്രതികളായ ഫർസീൻ മജീദിനും നവീൻ കുമാറിനും തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കാൻ കഴിയില്ല.

ജാമ്യ വ്യവസ്ഥയുള്ളതിനാല്‍ വലിയതുറ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കാനാവില്ലെന്ന നിലപാടിലാണ് പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ. കണ്ണൂരിലെത്തി മൊഴിയെടുക്കില്ലെന്നാണു പൊലീസിന്റെയും നിലപാട്. ഇതോടെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തതിനപ്പുറം അന്വേഷണം നീങ്ങിയിട്ടില്ല.

വിമാനത്തിലെ പ്രതിഷേധം കഴിഞ്ഞ് 37 ദിവസം ഇ.പി.ജയരാജനെതിരെ കേസെടുക്കാതിരുന്ന പൊലീസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സ്വകാര്യ അന്യായം കോടതി അംഗീകരിച്ചതോടെയാണ് കേസെടുക്കാന്‍ നിര്‍ബന്ധിതരായത്. കേസ് റജിസ്റ്റര്‍ ചെയ്ത് ഒരാഴ്ച പിന്നിട്ടെങ്കിലും തുടങ്ങിയിടത്തു തന്നെ നില്‍ക്കുകയാണ്. പരാതിക്കാരായ കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസുകാരുടെ വിശദമൊഴിയെടുക്കുകയാണ് കേസിന്റെ ആദ്യഘട്ടം. അതിനായി ഫര്‍സീന്‍ മജീദിനോടും നവീന്‍കുമാറിനോടും കേസ് അന്വേഷിക്കുന്ന വലിയതുറ പൊലീസ് സ്റ്റേഷനിലെത്താനായി നോട്ടിസ് നൽകിയിരുന്നു.

അതേസമയം, മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിലെ ജാമ്യ ഉപാധി ചൂണ്ടിക്കാട്ടി കണ്ണൂരിലെത്തി മൊഴി രേഖപ്പെടുത്തണമെന്ന് ഇരുവരും പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിന് പൊലീസും തയാറല്ല. തിരുവനന്തപുരത്തെത്തി മൊഴി നൽകിയാൽ ജാമ്യ ഉപാധി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ജാമ്യം റദ്ദാക്കാനാണ് പൊലീസിന്റെ കരുനീക്കമെന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു.

എന്നാല്‍ പൊലീസ് രേഖാമൂലം നോട്ടിസ് നല്‍കി വിളിക്കുന്നതിനാല്‍ ജാമ്യ ഉപാധി തടസമാവില്ലെന്നു പൊലീസ് വാദിക്കുന്നു. പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ച് ഉപാധിയില്‍ ഇളവ് വാങ്ങി വരട്ടേയെന്ന നിലപാടില്‍ പൊലീസ് കാത്തിരിക്കുകയാണ്. ഇതോടെ ഇടത് കണ്‍വീനറും മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും പ്രതികളായ കേസില്‍ വീണ്ടും കോടതി ഇടപെടേണ്ട സാഹചര്യം വരും.

English Summary: No further development in the Case against EP Jayarajan for attacking Youth Congress activists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com