ADVERTISEMENT

തിരുവനന്തപുരം∙ രാഷ്ട്രീയ കേരളത്തിനു മുന്നിൽ ഇപ്പോഴും നിഗൂഢമായി തുടരുന്ന എകെജി സെന്റര്‍ ആക്രമണത്തിനു നാളെ ഒരു മാസം. പ്രതിയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയോടെ ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം ഏറ്റെടുക്കും. ഒരു മാസം അന്വേഷിച്ചിട്ടും പ്രതിയെ തിരിച്ചറിയാന്‍ പോലും സാധിക്കാതിരുന്ന പൊലീസ് രാത്രി കാലങ്ങളില്‍ എകെജി സെന്ററിനു മുന്നില്‍ സുരക്ഷയും പരിശോധനയും കര്‍ശനമാക്കിയതു മാത്രമാണു കാര്യക്ഷമമായി ചെയ്യുന്ന ഏക നടപടി.

രാത്രി പത്ത് കഴിയുന്നതോടെ എകെജി സെന്ററിനു മുന്നിലെ റോഡില്‍ ബാരിക്കേഡും പൊലീസും നിരക്കും. എല്ലാ വണ്ടികളും തടയും. പേരും യാത്രാ ലക്ഷ്യവുമെല്ലാം രേഖപ്പെടുത്തി മാത്രമേ ജനറല്‍ ആശുപത്രിയിലേക്കുള്ളവരടക്കം ഏതൊരാള്‍ക്കും ഇവിടം പിന്നിടാനാകൂ. ആക്രമണത്തിന്റെ പിറ്റേന്നു രാത്രി മുതലാണ് സെക്രട്ടേറിയറ്റിന്റെയോ രാജ്ഭവന്റെയോ മന്ത്രിമന്ദിരങ്ങളുടെയോ മുന്നിലില്ലാത്ത ഈ കനത്ത ജാഗ്രത ആരംഭിച്ചത്.

പക്ഷേ, പടക്കം എറിഞ്ഞയാളെ പിടിക്കാനുള്ള അന്വേഷണത്തിൽ എവിടെയും ഈ ജാഗ്രത ഇപ്പോഴുമില്ലെന്നതാണു വാസ്തവം. അതുകൊണ്ടാണ് ആദ്യം കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയ ഇടതുമുന്നണി കണ്‍വീനര്‍ക്കു പിന്നീട് പ്രതിയെ സുകുമാരക്കുറുപ്പിനോട് ഉപമിക്കേണ്ടി വന്നത്. കണ്‍വീനര്‍ക്കു മാത്രമല്ല, ദൃക്സാക്ഷിയെന്ന് അവകാശപ്പെട്ട കേന്ദ്രകമ്മിറ്റിയംഗത്തിന്റെ വാക്കും പാളി. സ്ഫോടനശേഷി കുറഞ്ഞ ഏറുപടക്കമാണ് എറിഞ്ഞതെന്ന ഫൊറന്‍സിക് ഫലമാണ് ഈ ദൃക്സാക്ഷിവിവരണത്തിന്റെ മുനയൊടിച്ചത്.

നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ച വരെയായ ആക്രമണത്തിന് ഒരു മാസമാകുമ്പോള്‍ പ്രതിയുടെ സിപിഎം ബന്ധമാണ് അന്വേഷണസംഘത്തിന്റെ വഴിമുടക്കിയതെന്ന ആക്ഷേപമാണ് ഉയരുന്നത്. ഈ ആക്ഷേപം തെറ്റെന്നു തെളിയിക്കാന്‍ ക്രൈംബ്രാഞ്ചിനാകുമോ? അതോ പ്രതി മറ്റൊരു സുകുമാരക്കുറുപ്പായി മാറുമോയെന്നാണ് ഇനിയുള്ള നാളുകളില്‍ അറിയേണ്ടത്.

English Summary: One Month Of AKG Centre Attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com