അധ്യാപികയെ പ്രിൻസിപ്പൽ പീഡിപ്പിച്ചു; ദൃശ്യങ്ങൾ ഇന്റർനെറ്റിൽ: പിന്നാലെ തട്ടിക്കൊണ്ടുപോയി
Mail This Article
ലക്‌നൗ∙ ഉത്തർപ്രദേശിലെ ഷാജഹാൻപുരിൽ 22 വയസ്സുകാരിയായ അധ്യാപികയെ ബലാത്സംഗം ചെയ്‌ത പ്രിൻസിപ്പലിനെതിരെ കേസെടുത്തു. പരാതി നൽകിയതിനു തൊട്ടുപിന്നാലെ പീഡനദൃശ്യങ്ങൾ ഇന്റർനെറ്റിലൂടെ വ്യാപകമായി പ്രചരിപ്പിച്ചതായും യുവതിയെ വീട്ടിൽ നിന്ന് കടത്തിക്കൊണ്ടുപോയതായും അതിജീവിതയുടെ കുടുംബം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പ്രതിയെ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യൽ തുടരുകയാണ്.
രണ്ട് മാസം മുൻപ് സ്‌കൂളിലെ ജോലികളുമായി ബന്ധപ്പെട്ട് വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതിയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു. മയക്കുമരുന്ന് കലർത്തിയ പാനീയം നൽകിയതിനു ശേഷം അബോധാവസ്ഥയിൽ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സംഭവം പുറത്തു പറഞ്ഞാൽ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുമെന്നും വിഡിയോ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ ഇയാൾക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്‌തിരുന്നു.
തുടർന്ന് ഈ കാര്യം പറഞ്ഞ് പലതവണ ഭീഷണിപ്പെടുത്തി ഹോട്ടൽമുറികളിലും മറ്റു സ്ഥലങ്ങളിലും എത്തിച്ച് പീഡിപ്പിച്ചു. ജൂലൈ 26 നാണ് അധ്യാപിക സംഭവം മാതാപിതാക്കളെ അറിയിക്കുന്നത്. തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്‌തു. പരാതി നൽകിയതിനു പിന്നാലെ പീഡന ദൃശ്യങ്ങൾ ഇയാൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടു. ഇതിനു പിന്നാലെ യുവതിയെ വീട്ടിലെത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. ഷാജഹാൻപുരിലെ ഹോട്ടലിൽ വച്ചാണ് പ്രതി പീഡന ദൃശ്യങ്ങൾ പകർത്തിയതെന്ന് എസ്‌പി സഞ്ജീവ് വാജ്‌പേയി മാധ്യമങ്ങളോട് പറഞ്ഞു.
സംഭവുമായി ബന്ധപ്പെട്ട് അതിജീവിതയുടെ കുടുംബം കഴിഞ്ഞ ദിവസം യുപി ധനമന്ത്രി സുരേഷ് ഖന്നയെ നേരിൽ കണ്ട് പരാതി നൽകിയിരുന്നു. മന്ത്രിയുടെ നിർദേശപ്രകാരം യുവതിയെ കണ്ടെത്തുന്നതിനായി നാല് സംഘം പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതായും എസ്‌പി സഞ്ജീവ് വാജ്‌പേയി മാധ്യമങ്ങളോട് പറഞ്ഞു.
English Summary: Uttar Pradesh: School head booked for abducting, raping teacher in Shahjahanpur