ADVERTISEMENT

ഭോപ്പാൽ ∙ മധ്യപ്രദേശിലെ ജബൽപുരിൽ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ എട്ടു മരണം. മരിച്ചവരിൽ മൂന്ന് ആശുപത്രി ജീവനക്കാരും ഉൾപ്പെടുന്നു. ഒൻപതു പേർക്കു ഗുരുതരമായി പരുക്കേറ്റു. ഇതിൽ രണ്ടു പേർ ഐസിയുവിലാണ്. തീപിടിത്തമുണ്ടാകുമ്പോൾ മുപ്പത്തിയഞ്ചോളം പേർ ആശുപത്രിയിലുണ്ടായിരുന്നു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

മരിച്ചവരിൽ ആശുപത്രി ജീവനക്കാരായ ന്യൂ കാഞ്ചൻപുർ സ്വദേശി വീർ സിങ്(30), സത്ന നാരായൺപുരിലെ സ്വാതി വർമ(24), നർസിങ്പുർ സ്വദേശി മഹിമ ജാതവ്(23) എന്നിവരെ തിരിച്ചറിഞ്ഞു. മഥോട്ട പത്താൻ റോഡിലെ ദുർഗേഷ് സിങ്(42), ഖമാപുരിലെ തൻമയ് വിശ്വകർമ(19) എന്നിവരെയും തിരിച്ചറിഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

ജബൽപുർ വിജയ് നഗറിൽ പ്രവർത്തിക്കുന്ന ന്യൂ ലൈഫ് മൾട്ടിസ്പെഷൽറ്റി ഹോസ്പിറ്റലിലാണ് തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടരയോടെ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ ആശുപത്രിയുടെ മൂന്നു നിലകെട്ടിടം പൂർണമായും കത്തിയമർന്നു.

നിരവധി ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആശുപത്രിയിൽ കുടുങ്ങിയവർക്കായുളള രക്ഷാപ്രവർത്തനം പൂർത്തിയായതായും ഇവിടെ ചികിൽസയിലുണ്ടായിരുന്ന രോഗികളെ സമീപത്തെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായും ജബൽപുർ ചീഫ് പൊലീസ് സൂപ്രണ്ട് അഖിലേഷ് ഗൗർ പറഞ്ഞു.

തീപിടിത്തത്തിൽ എട്ടു പേർ മരിച്ചതായി ജബൽപുർ ജില്ലാ കലക്ടർ ഡോ. ടി. ഇളയരാജ സ്ഥിരീകരിച്ചു. ഷോർട്ട് സർക്യുട്ടാണ് തീപിടിത്തത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനമെന്ന് ജബൽപുർ എസ്‌പി സിദ്ധാർഥ് ബഹുഗുണ അറിയിച്ചു. മുപ്പതു കിടക്കകൾ ഉള്ള ആശുപത്രിയിൽ ഉച്ചതിരിഞ്ഞ് വൈദ്യുതി നിലച്ചതായും തുടർന്ന് ജനററേറ്റർ പ്രവർത്തിപ്പിക്കവേ ഷോർട് സർക്യുട്ട് ഉണ്ടായെന്നുമാണ് വിവരം.

മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതവും ഗുരുതരമായി പരുക്കേറ്റവർക്ക് അര ലക്ഷം രൂപ വീതവും നൽകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ട്വിറ്ററിലൂടെ അറിയിച്ചു. പരുക്കേറ്റവരുടെ പൂർണ ചികിൽസയും സർക്കാർ ഏറ്റെടുക്കും. ആശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. ലോക്സഭാ സ്പീക്കർ ഓം ബിർല, കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവർ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.

English Summary: Massive fire breaks out at a hospital in Jabalpur, Madhya Pradesh - Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com