ADVERTISEMENT

തിരുവനന്തപുരം∙ ജനറൽ വിഭാഗത്തിലും എസ്‌സി / എസ്ടി വിഭാഗത്തിലും നഗരസഭയ്ക്കു സ്വന്തമായി സ്പോർട്സ് ടീം രൂപീകരിക്കുന്നതായി അറിയിച്ച മേയർ ആര്യ രാജേന്ദ്രനെതിരെ വൻ വിമർശനം. കായിക രംഗത്ത് ജാതി തിരിച്ച് വിഭജനം ഇതുവരെ ഉണ്ടായിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. സമൂഹമാധ്യമമായ ഫെയ്സ്‌ബുക്കിൽ ഇട്ട കുറിപ്പിലാണ് മേയർ ഇക്കാര്യങ്ങൾ അറിയിച്ചത്. അതേസമയം, കുറിപ്പിൽ കമന്റായി വൻ പ്രതിഷേധമാണ് ഉയരുന്നത്. വർഗീയത തുലയട്ടെ എന്ന മുദ്രാവാക്യം കേൾക്കുമ്പോൾ ചിരി വരുന്നുവെന്നും ഇതു ചോദ്യം ചെയ്യാനുള്ള രാഷ്ട്രീയബോധം മേയർക്കുണ്ടായില്ലേയെന്നും മറ്റുമുള്ള പരിഹാസ കമന്റുകളും കുറിപ്പിനുകീഴിൽ വന്നിട്ടുണ്ട്.

അതേസമയം, കുറിപ്പ് വിവാദമായതിനെത്തുടർന്ന് മറ്റൊരു പോസ്റ്റിലൂടെ മേയർ വിശദീകരണം നൽകിയിട്ടുണ്ട്. ‘സദുദ്ദേശപരമായി നഗരസഭ എടുത്ത തീരുമാനത്തെ തെറ്റിദ്ധാരണജനകമായി വ്യാഖ്യാനിക്കപ്പെട്ടത് ഖേദകരമാണ്.  നഗരത്തിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്നതും കായിക അഭിരുചി ഉള്ളതുമായ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ട്രയൽസ് നടത്തിയാണ് പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നത്. ഇതിലേക്കായി വാർഷിക പദ്ധതിയുടെ ഭാഗമായി ജനറൽ ഫണ്ട് ഉപയോഗിച്ചും എസ്‌സി ഫണ്ട് ഉപയോഗിച്ചും പദ്ധതികൾ നടപ്പിലാക്കി വരുന്നു. ഇത്തരത്തിൽ സർക്കാർ മാനദണ്ഡം അനുസരിച്ച് ജനറൽ /എസ്‌സി ഫണ്ടുകൾ ഉപയോഗിക്കുമ്പോൾ കൂടുതൽ കുട്ടികൾക്ക് അവസരം നൽകാൻ സാധിക്കുന്നു എന്നതാണ് പ്രത്യേകത. ഓരോ കായിക ഇനത്തിലും ആൺകുട്ടികളിൽ നിന്നും 25 പേരെയും പെൺകുട്ടികളിൽ നിന്നും 25 പേരെയാണ് തിരഞ്ഞെടുക്കുന്നത് . തിരഞ്ഞെടുക്കപ്പെടുന്ന മുഴുവൻ കുട്ടികൾക്കും ഒരുമിച്ച് പരിശീലനം നൽകി ഓരോ ഇനത്തിലും നഗരസഭയുടെ ഓരോ ടീം രൂപീകരിക്കുക എന്നതാണ് ആശയം.’ – മേയർ വിശദീകരിച്ചു.

സ്പോർട്സ് ടീമിനെക്കുറിച്ചുള്ള ആര്യ രാജേന്ദ്രന്റെ കുറിപ്പ്:

നഗരസഭയ്ക്കു സ്വന്തമായി സ്പോർട്സ് ടീം
നഗരത്തിലെ കായികതാരങ്ങളുടെയും കായിക പ്രേമികളുടെയും ചിരകാലാഭിലാഷം യാഥാർഥ്യമാവുകയാണ്. ഫുട്ബോൾ, ഹാൻഡ് ബോൾ, വോളിബോൾ, ബാസ്കറ്റ് ബോൾ, അത്ലറ്റിക്സ് എന്നീ കായിക ഇനങ്ങളിൽ നഗരസഭാ ഔദ്യോഗികമായി ടീം ഉണ്ടാക്കും. ഇന്നലെ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സിലക്‌ഷൻ ക്യാംപ് സന്ദർശിച്ചു. 25 കുട്ടികളാണ് ഓരോ ടീമിലും ഉണ്ടാവുക. ജനറൽ വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും, എസ് /എസ്ടി വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും ആണ് ഓരോ കായിക ഇനത്തിലും ഉണ്ടാവുക. ഇവർക്കാവശ്യമായ പരിശീലനം നഗരസഭ നൽകുകയും തലസ്ഥാനത്തടക്കം നടക്കുന്ന വിവിധ കായികമത്സരങ്ങളിൽ ഈ ടീം നഗരസഭയെ പ്രതിനിധീകരിച്ചു പങ്കെടുക്കും. ഇതൊരു സ്ഥിരം സംവിധാനമാക്കാനാണ് ആലോചിക്കുന്നത്. അതിനു വിപുലമായ പദ്ധതി നഗരസഭ ആസൂത്രണം ചെയ്യും. അതിന് വേണ്ടി കായിക താരങ്ങളുമായും കായികപ്രേമികളുമായും കായികരംഗത്തെ വിദഗ്ധരുമായും സ്പോർട്സ് കൗൺസിൽ ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളുമായും ഉടൻ ചർച്ച നടത്തും. തുടർന്ന് ബൃഹത്തായ ഒരു പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കും.
നമ്മുടെ കുട്ടികളുടെ കായികമായ കഴിവുകളെ കണ്ടെത്തി അവർക്ക് എല്ലാവിധ പിന്തുണയും നൽകി നാടിന്റെ അഭിമാനങ്ങളായി അവരെ മാറ്റി തീർക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. അതിനാവശ്യമായതെല്ലാം നഗരസഭ ചെയ്യാൻ പരിശ്രമിക്കുകയാണ്. എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
#SmartTrivandrum
#TransparentDevelopment

ആര്യയുടെ വിശദീകരണ കുറിപ്പ്: 

കഴിഞ്ഞ ദിവസം നഗരസഭയുടെ സ്പോർട്സ് ടീം രൂപീകരണവുമായി ബന്ധപ്പെട്ട് ഇട്ട പോസ്റ്റിനെ സംബന്ധിച്ചു ചില തെറ്റിദ്ധാരണകൾ ഉണ്ടായതായി ശ്രദ്ധയിൽപ്പെട്ടു. സദുദ്ദേശപരമായി നഗരസഭ എടുത്ത തീരുമാനത്തെ തെറ്റിദ്ധാരണജനകമായി വ്യാഖ്യാനിക്കപ്പെട്ടത് ഖേദകരമാണ്. കേരളത്തിൽ തന്നെ ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം പതിവ് രീതികളിൽനിന്നു മാറി ഒരു പടികൂടി മുന്നിലോട്ട് നമ്മുടെ കായിക രംഗത്തെ നയിക്കാൻ ഒരു പദ്ധതി ആസൂത്രണം ചെയ്യുന്നത്. നഗരസഭയോ ഞാനോ ഉദ്ദേശിക്കാത്ത തരത്തിലാണു വ്യാഖ്യാനങ്ങൾ എന്നതിനാൽ അതേ സംബന്ധിച്ച് ഒരു വിശദീകരണം ആവശ്യമാണെന്നു തോന്നുന്നു.

തിരുവനന്തപുരം നഗരസഭ ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വർഷങ്ങളായി കളരി (ജനറൽ) കളരി (എസ്‌സി) എന്ന പ്രോജക്ട് ഹെഡിൽ ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ് ബോൾ, അത്‌ലറ്റിക്സ് എന്നീയിനങ്ങളിൽ കായിക പരിശീലനം നടപ്പിലാക്കി വരുന്നു. നഗരത്തിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്നതും കായിക അഭിരുചി ഉള്ളതുമായ വിദ്യാർഥി, വിദ്യാർഥിനികളെ ട്രയൽസ് നടത്തിയാണ് പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നത്. ഇതിലേക്കായി വാർഷിക പദ്ധതിയുടെ ഭാഗമായി ജനറൽ ഫണ്ട് ഉപയോഗിച്ചും എസ്‌സി ഫണ്ട് ഉപയോഗിച്ചും പദ്ധതികൾ നടപ്പിലാക്കി വരുന്നു. ഇത്തരത്തിൽ സർക്കാർ മാനദണ്ഡം അനുസരിച്ച് ജനറൽ /എസ്‌സി ഫണ്ടുകൾ ഉപയോഗിക്കുമ്പോൾ കൂടുതൽ കുട്ടികൾക്ക് അവസരം നൽകാൻ സാധിക്കുന്നു എന്നതാണു പ്രത്യേകത. ഓരോ കായിക ഇനത്തിലും ആൺകുട്ടികളിൽനിന്നും 25 പേരെയും പെൺകുട്ടികളിൽനിന്നും 25 പേരെയാണ് തിരഞ്ഞെടുക്കുന്നത് . തിരഞ്ഞെടുക്കപ്പെടുന്ന മുഴുവൻ കുട്ടികൾക്കും ഒരുമിച്ച് പരിശീലനം നൽകി ഓരോ ഇനത്തിലും നഗരസഭയുടെ ഓരോ ടീം രൂപീകരിക്കുക എന്നതാണ് ആശയം.

ഇതിന്മേൽ ഇനിയും ചർച്ചകളും വിപുലീകരണവും ആവശ്യമാണ് എന്നും, അതിനായി നഗരത്തിലെ കായിക പ്രേമികളുമായും വിദഗ്ധരുമായും ചർച്ച നടത്തുമെന്നും നേരത്തെ സൂചിപ്പിച്ചിരുന്നു. അങ്ങനെ അതിവിപുലമായ ഒരു പദ്ധതിയായി ഇതു മാറുമെന്ന ആത്മവിശ്വാസമാണ് ഞങ്ങൾക്കുള്ളത്. അത്തരം ഒരു പദ്ധതിയെ വിവാദത്തിൽപ്പെടുത്തി തകർക്കാൻ ശ്രമിക്കുന്നതു ശരിയായ നിലപാടല്ല. അതുകൊണ്ട് ഈ വിശദീകരണത്തോടെ ഈ വിവാദം അവസാനിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നു.

English Summary: Thiruvananthapuram Mayor Arya Rajendran faces heat on her FB post about a sports team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com