ADVERTISEMENT

തന്റെ കുഞ്ഞനിയൻ മുഹമ്മദ് വേദനകളെ അതിജീവിച്ച് കരുത്തോടെ എഴുന്നേറ്റുനിൽക്കുമെന്ന ഉറപ്പോടെ, വേദനകളില്ലാത്ത ലോകത്തേക്ക് അഫ്ര യാത്രയായി. സ്പൈനൽ മസ്കുലർ അട്രോഫിയെന്ന (എസ്എംഎ) അപൂർവ ജനിതക രോഗം ബാധിച്ച മാട്ടൂൽ സ്വദേശി അഫ്ര റഫീഖ് (16) ഇനി കേരളമൊരുക്കിയ മഹാകാരുണ്യത്തിന്റെ മരണമില്ലാത്ത ഓർമയായി ജ്വലിക്കും.‌‌‌

sma muhammed afra
അഫ്രയെ അവസാനമായി കാണാൻ മാട്ടൂലിലെ വീട്ടിലെത്തിയപ്പോൾ കരയുന്ന അധ്യാപിക ഭാരതി. ചിത്രം: ഹരിലാൽ • മനോരമ

മാട്ടൂൽ സഫ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയാണ്. റഫീഖ്–മറിയുമ്മ ദമ്പതികളുടെ മൂത്തമകളാണ്. സഹോദരങ്ങൾ: അൻസില, മുഹമ്മദ്. 

sma muhammed afra
അഫ്രയുടെ മൃതദേഹം മാട്ടൂൽ സെൻട്രലിലെ വീട്ടിലെത്തിച്ചപ്പോൾ.

അസുഖത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ 4.48ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാടിനെയാകെ കണ്ണീരിലാഴ്ത്തിയാണ് അഫ്ര യാത്രയായത്. അഫ്ര അസുഖബാധിതയായി ആശുപത്രിയിലാണെന്നു കേട്ടതോടെ പ്രാർഥനയിലായിരുന്നു മാട്ടൂൽ ഗ്രാമം.

താനൊരുക്കിയ തണലിൽ കുഞ്ഞനുജൻ മുഹമ്മദ് ഇനി എഴുന്നേറ്റുനിൽക്കുമെന്ന പ്രതീക്ഷ നൽകിയാണ് അവൾ വേദനയില്ലാത്ത ലോകത്തേക്ക് മടങ്ങിയത്. പുഞ്ചിരിയോടെ മാത്രം ക്ലാസിലിരിക്കുന്ന അഫ്രയുടെ വിയോഗം സഹപാഠികളെയും അധ്യാപകരെയുമെല്ലാം തീരാവേദനയിലാഴ്ത്തി.

sma muhammed afra
അഫ്രയുടെ മൃതദേഹം മാട്ടൂൽ സെൻട്രലിലെ വീട്ടിലേക്ക് കൊണ്ടുപോകുന്നു.

അഫ്രയുടെ വിയോഗവാർത്ത അറിഞ്ഞതു മുതൽ വീട്ടിലേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു. കരച്ചിലടക്കാൻ പലരും പ്രയാസപ്പെട്ടു. ഒന്നര വയസ്സുകാരൻ അനുജന്റെ ചികിത്സയ്ക്കായി വിലയേറിയ മരുന്ന് ഇറക്കുമതി ചെയ്യാൻ ഇതേരോഗം ബാധിച്ച അഫ്ര വീൽചെയറിലിരുന്നുകൊണ്ട് കഴിഞ്ഞവർഷം നടത്തിയ അഭ്യർഥന നാടൊന്നാകെ ഏറ്റെടുത്തിരുന്നു.

sma muhammed afra
അഫ്രയെ അവസാനമായി കാണാനെത്തിയവർ.

18 കോടി രൂപയുടെ മരുന്നു വാങ്ങാനായി 46.78 കോടി രൂപ നൽകിയാണ് അഫ്രയുടെ അഭ്യർഥനയ്ക്കു നാട് മറുപടി നൽകിയത്. 7.70 ലക്ഷം ആളുകൾ മുഹമ്മദ് ചികിത്സാ സഹായ കമ്മിറ്റിയുടെ അക്കൗണ്ടിലേക്കു പണമയച്ചു. കോടികളുടെ പുണ്യം പെയ്തിറങ്ങിയ അഫ്രയുടെ വീട് ഇതോടെ ശ്രദ്ധകേന്ദ്രമായി.

sma muhammed afra
അഫ്രയുടെ വിയോഗവാർത്തയറിഞ്ഞ് വീട്ടിലെത്തിയ നാട്ടുകാരും ബന്ധുക്കളും.

തുടർന്നും എസ്എംഎ രോഗികൾക്കു മരുന്നെത്തിക്കാൻ കേരളം ഒന്നിക്കുന്നതിന് അഫ്രയുടെ വാക്കുകൾ പ്രചോദനമായി. കഴിഞ്ഞ ഓഗസ്റ്റ് 23ന് മുഹമ്മദിന് സോൾജെൻസ്മ എന്ന ജീൻ തെറപ്പി മരുന്ന് കുത്തിവച്ചു.

sma muhammed afra
അഫ്രയുടെ അനിയൻ മുഹമ്മദ്. ചിത്രം: ഹരിലാൽ • മനോരമ

അഫ്രയ്ക്കും എസ്എംഎ രോഗത്തിനുള്ള ചികിത്സ കോഴിക്കോട് മിംസ് ആശുപത്രിയിൽ തുടരുകയായിരുന്നു. മൂന്നുദിവസം മുൻപാണ് അഫ്രയ്ക്കു പനി ബാധിച്ചത്. പനി ഗുരുതരമായതോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽനിന്നു കോഴിക്കോട്ടേക്കു മാറ്റി.

sma muhammed afra
അഫ്രയുടെ വിയോഗവാർത്തയറിഞ്ഞ് ദുഃഖിതയായി നിൽക്കുന്ന വീട്ടമ്മ.

തിങ്കളാഴ്ച പുലർച്ചയോടെ സ്ഥിതി വഷളായി. മകളുടെ ആരോഗ്യസ്ഥിതി മോശമായതറിഞ്ഞ് പിതാവ് റഫീഖ് അബുദാബിയിൽനിന്ന് എത്തിയിരുന്നു. സാമൂഹിക, രാഷ്ട്രീയ മേഖലയിലെ ഒട്ടേറെ പ്രമുഖർ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.

English Summary: Afra sister Muhammad died of spinal muscular atrophy in Mattool kannur- Photo Feature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com