കണ്ണൂർ ∙ മുൻ കെപിസിസി ജനറൽ സെക്രട്ടറി പി.രാമകൃഷ്ണന്റെ സ്മരണയ്ക്കായി തലശ്ശേരി ജവാഹർ കൾച്ചറൽ ഫോറം സംസ്ഥാന തലത്തിൽ ഏർപ്പെടുത്തിയ പത്രപ്രവർത്തക അവാർഡ് (22,222 രൂപ) മലയാള മനോരമ കണ്ണൂർ യൂണിറ്റിലെ സ്പെഷൽ കറസ്‌പോണ്ടന്റ് കെ.ജയപ്രകാശ് ബാബുവിന്. സ്വർണക്കള്ളക്കടത്തിന്റെ ഉള്ളറകളിലേക്കു വെളിച്ചം വീശുന്ന ‘കനകം മൂലം കാരിയർ മൂലം’ എന്ന അന്വേഷണാത്മക പരമ്പരയ്ക്കാണ് അവാർഡ്.
ജില്ലാതല അവാർഡിനു കേരളകൗമുദി കണ്ണൂർ യൂണിറ്റിലെ സ്പെഷൽ കറസ്‌പോണ്ടന്റ് ഒ.സി.മോഹൻരാജ് (11,111 രൂപ), പ്രാദേശിക ദൃശ്യമാധ്യമ അവാർഡിന് കണ്ണൂർ വിഷനിലെ ഷൽന (5,555 രൂപ) എന്നിവർ അർഹരായി. ഓഗസ്റ്റ് 14ന് 3 മണിക്ക് തലശ്ശേരി പെപ്പർ പാലസിൽ നടക്കുന്ന സമ്മേളനത്തിൽ മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ അവാർഡ് സമ്മാനിക്കും.
English Summary: K Jayaprakash Babu wins P Ramakrishnan memorial journalist award