ADVERTISEMENT

ഹോങ്കോങ് ∙ യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ തയ്‌വാൻ സന്ദർശനത്തിനു തൊട്ടുപിന്നാലെ ചൈന തയ്‌വാനു ചുറ്റും ആറു ദിവസത്തെ സൈനിക അഭ്യാസം ആരംഭിച്ചു. തയ്‌വാൻ തങ്ങളുടെ ഭാഗമാണെന്നാണു ചൈനയുടെ നിലപാട്. നാൻസി പെലോസിയുടെ സന്ദർശനത്തിനു കടുത്ത തിരിച്ചടി നൽകുമെന്നു ചൈന വ്യക്തമാക്കിയിട്ടുണ്ട്. ചൈനയെ നിരന്തരം വിമർശിക്കുന്ന പെലോസി തയ്‌വാനിൽ കാലുകുത്തിയതിനു പിന്നാലെയാണു ദ്വീപിനെ ചുറ്റി ആറു സ്ഥലങ്ങളിൽ ചൈന സൈനിക അഭ്യാസം തുടങ്ങിയത്. ദ്വീപിനു നേർക്ക് മിസൈലുകൾ തൊടുക്കുമോ എന്നും ദ്വീപിനെ പൂർണമായി ഒറ്റപ്പെടുത്തുമോ എന്നും ഇതുവരെ വ്യക്തമായിട്ടില്ലെന്ന് വിദഗ്ധരെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പെലോസി സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങി.

യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ വാഹനവ്യൂഹം ന്യൂ തായ്പെയ് നഗരത്തിലെ ജിങ് മെയ് വൈറ്റ് ടെററർ മെമ്മോറിയൽ പാർക്കിലേക്ക് എത്തുന്നു. (Photo by Sam Yeh / AFP)
യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ വാഹനവ്യൂഹം ന്യൂ തായ്പെയ് നഗരത്തിലെ ജിങ് മെയ് വൈറ്റ് ടെററർ മെമ്മോറിയൽ പാർക്കിലേക്ക് എത്തുന്നു. (Photo by Sam Yeh / AFP)

അതേസമയം, യുഎൻ ചട്ടങ്ങൾ ലംഘിച്ചാണ് ചൈനയുടെ സൈനികാഭ്യാസമെന്ന് തയ്‌വാൻ പ്രതികരിച്ചു. തങ്ങളുടെ സമുദ്രാതിർത്തിയിൽ ചൈന അതിക്രമിച്ചു കയറിയെന്നും വ്യോമ, നാവിക ഗതാഗതത്തിനു ഭീഷണി ഉയർത്തിയെന്നും തയ്‌വാൻ വ്യക്തമാക്കി. ചൈനയുടെ നാവിക, വ്യോമ സേനകൾക്കൊപ്പം റോക്കറ്റ്, സ്ട്രറ്റാജിക് സപ്പോർട്ട്, ജോയിന്റ് ലൊജിസ്റ്റിക്സ് സപ്പോർട്ട് സേനകളും ഉൾക്കൊള്ളുന്ന സംയുക്ത സേനാ അഭ്യാസമാണു നടക്കുന്നതെന്നു ചൈനയുടെ ഈസ്റ്റേൺ തിയറ്റർ കമാൻഡ് അറിയിച്ചു. തയ്‌വാന്റെ തെക്കു കിഴക്ക്, തെക്കു പടിഞ്ഞാറ്, വടക്ക് ഭാഗങ്ങളിലെ കടലിലാണ് അഭ്യാസം.

യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയും തയ്‌വാൻ പ്രസിഡന്റ് സായ് ഇങ് വെന്നും. (Photo by Handout / Taiwan Presidential Office / AFP)
യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയും തയ്‌വാൻ പ്രസിഡന്റ് സായ് ഇങ് വെന്നും. (Photo by Handout / Taiwan Presidential Office / AFP)

യുദ്ധമുണ്ടായാൽ ദ്വീപിനെ ഒറ്റപ്പെടുത്തുന്നത് എങ്ങനെയെന്ന പരിശീലനം ചൈനീസ് സൈന്യം നടത്തുകയാണെന്നാണ് വ്യക്തമാകുന്നതെന്ന് ഹോങ്കോങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രതിരോധ വിദഗ്ധൻ സോങ് ഴോങ്പിങ് പറയുന്നു. ‘‘തയ്‌വാനുമായി യുദ്ധമുണ്ടാകാമെന്ന സാഹചര്യത്തിൽ, പരിശീലനം നേടുന്നതിനു വേണ്ടിയാണ് ഇത്തരം അഭ്യാസങ്ങൾ. പതിവിൽനിന്നു വ്യത്യസ്തമായി ഇത്തവണ അഭ്യാസങ്ങൾ എവിടെയൊക്കെയാണെന്നു വ്യക്തമാകുന്ന ഭൂപടം ഉൾപ്പെടെയാണു ചൈനയുടെ ഔദ്യോഗിക മാധ്യമം സിൻഹുവ ന്യൂസ് ഏജൻസി വിവരം പുറത്തുവിട്ടത്’’ – ഴോങ്പിങ് പറയുന്നു.

ചൈനയുടെ നിരന്തര ഭീഷണിയിലാണ് തയ്‌വാനെന്നു വ്യക്തമാക്കുന്ന മ്യൂറൽ പെയിന്റിങ്. 2020 ഒക്ടോബർ 21ന് തയ്‌വാനിലെ കിൻമെന്‍ ദ്വീപിൽനിന്നുള്ള ചിത്രം. (Photo by Sam Yeh / AFP)
ചൈനയുടെ നിരന്തര ഭീഷണിയിലാണ് തയ്‌വാനെന്നു വ്യക്തമാക്കുന്ന മ്യൂറൽ പെയിന്റിങ്. 2020 ഒക്ടോബർ 21ന് തയ്‌വാനിലെ കിൻമെന്‍ ദ്വീപിൽനിന്നുള്ള ചിത്രം. (Photo by Sam Yeh / AFP)

തയ്‌വാൻ കടലിടുക്കിൽ മറ്റാർക്കും അവകാശമില്ലെന്നു വ്യക്തമാക്കുകയാണ് ഇതിലൂടെ ചൈന ഉദ്ദേശിക്കുന്നത്. ‘‘എന്താണോ ആവശ്യം അതു ചൈനയ്ക്കു ലഭിച്ചു കഴിഞ്ഞാൽ പിന്നെ മേഖലയിലെ രാജ്യങ്ങളുടെ സ്ഥിരതയ്ക്കും സുരക്ഷയ്ക്കും മേഖലയിലെ സമ്പദ്‌വ്യവസ്ഥയ്ക്കും അതു ഭീഷണിയാണ്’’ – തയ്‌വാനിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. തയ്‌വാൻ വിഷയത്തിൽ നാൻസി പെലോസി ചൈനയെ കുടുക്കിയിരിക്കുകയാണെന്ന അഭിപ്രായമാണ് സിംഗപ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സുരക്ഷാ വിദഗ്ധൻ കോളിൻ കോയുടേത്. ‘‘യുദ്ധം ഒഴിവാക്കണമെന്നാണ് ചൈന തീരുമാനിക്കുന്നതെങ്കിലും കാര്യങ്ങൾ കൈവിട്ടുപോകാൻ സാധ്യതയുണ്ട്’’ – എസ്. രാജരത്നം സ്കൂൾ ഓഫ് ഇന്റർനാഷനൽ സ്റ്റഡീസിലെ അധ്യാപകൻ കൂടിയായ കോ കൂട്ടിച്ചേർത്തു.

യുഎസ്എസ് റൊണാൾഡ് റീഗൻ ഉൾപ്പെടെയുള്ള യുഎസിന്റെ യുദ്ധക്കപ്പലുകൾ. 2019 ഒക്ടോബർ ഏഴിലെ ചിത്രം. (Photo by Erwin Jacob V. MICIANO / Navy Office of Information / AFP)
യുഎസ്എസ് റൊണാൾഡ് റീഗൻ ഉൾപ്പെടെയുള്ള യുഎസിന്റെ യുദ്ധക്കപ്പലുകൾ. 2019 ഒക്ടോബർ ഏഴിലെ ചിത്രം. (Photo by Erwin Jacob V. MICIANO / Navy Office of Information / AFP)

തയ്‌വാന് ചുറ്റുമുള്ള 12 നോട്ടിക്കൽ മൈൽ കടൽമേഖല ദ്വീപിന്റെ ഭാഗമാണ്. ഇതിലേക്കുള്ള അതിക്രമിച്ചുകയറൽ രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നാണ് തയ്‌വാന്‍ പറയുന്നു. 1996ൽ ദ്വീപിൽ ആദ്യമായി പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന സമയത്ത് ഇതുപോലൊരു പ്രതിസന്ധി ഉടലെടുത്തിരുന്നു. മൂന്നാം തയ്‌വാൻ കടലിടുക്ക് പ്രതിസന്ധിയെന്നാണ് അത് അറിയപ്പെട്ടിരുന്നത്. അന്ന് സംഘർഷം ഒഴിവാക്കാൻ യുഎസ് രണ്ട് വിമാനവാഹിനിക്കപ്പലുകളെയാണ് കടലിടുക്കിലേക്ക് അയച്ചത്. പക്ഷേ, അന്നത്തെ ചൈനയല്ല ഇന്നത്തെ ചൈന. സൈനികപരമായും സാമ്പത്തികപരമായും മുൻപന്തിയിൽനിൽക്കുന്ന ചൈനയുടെ നേർക്കു പണ്ടത്തെ നയം പിന്തുടർന്ന് യുഎസിനു ചെല്ലാൻ പറ്റില്ല.

നാൻസി പെലോസിയുടെ സന്ദർശനത്തിനെതിരെ പ്രതിഷേധിക്കുന്ന തയ്‌വാനിലെ ചൈനീസ് അനുകൂലി. (Photo by Sam Yeh / AFP)
നാൻസി പെലോസിയുടെ സന്ദർശനത്തിനെതിരെ പ്രതിഷേധിക്കുന്ന തയ്‌വാനിലെ ചൈനീസ് അനുകൂലി. (Photo by Sam Yeh / AFP)

യുഎസ്എസ് റൊണാൾഡ് റീഗനും 4 യുദ്ധക്കപ്പലുകളും ഉൾപ്പെടെ ഏഴാം കപ്പൽപ്പടയെ തയ്‌വാന്റെ കിഴക്ക് ഫിലിപ്പീൻസ് കടലിൽ യുഎസ് നാവികസേന വിന്യസിച്ചിട്ടുണ്ട്. പതിവു വിന്യാസങ്ങളുടെ ഭാഗമായാണ് നടപടിയെന്നാണു നാവിക ഉദ്യോഗസ്ഥൻ ഇതേക്കുറിച്ച് അറിയിച്ചത്. എന്നാൽ ചൈനയുടെ സൈനിക അഭ്യാസങ്ങളെക്കുറിച്ച് ഹവായിലുള്ള ഇന്തോ – പസഫിക് കമാൻഡ് പ്രതികരിച്ചിട്ടില്ല. അതേസമയം, ദ്വീപിന് ഇത്രയടുത്ത് ചൈന നടത്തുന്ന സൈനിക അഭ്യാസം യുഎസ്, തയ്‌വാൻ സേനകൾ അവസരമായും കാണുന്നുണ്ട്. ചൈനയുടെ സൈനിക സംവിധാനത്തെക്കുറിച്ചും വിവരസാങ്കേതിക വിദ്യയെക്കുറിച്ചും കൂടുതൽ മനസ്സിലാക്കാൻ ഇരു സേനകൾക്കും സാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. (Photo by Selim CHTAYTI / POOL / AFP)
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. (Photo by Selim CHTAYTI / POOL / AFP)

English Summary: Risks mount from China drills near Taiwan during Pelosi visit - analysts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com