ADVERTISEMENT

ആലപ്പുഴ ∙ ബുധനാഴ്ച സമൂഹമാധ്യമങ്ങളിൽ വൈറലായ ‘കരുതൽ പോസ്റ്റി’നു പിന്നാലെ, വ്യാഴാഴ്ചയും ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുമ്പോൾ കുട്ടികൾക്ക് ശ്രദ്ധേയമായ നിർദേശങ്ങളുമായി ആലപ്പുഴ ജില്ലാ കലക്ടർ വി.ആർ.കൃഷ്ണ തേജ. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചുകൊണ്ട് ഫെയ്സ്ബുക്കിൽ പങ്കുവച്ച ലഘു കുറപ്പിലാണ് കലക്ടർ വീണ്ടും കുട്ടികളോടുള്ള കരുതൽ പ്രകടമാക്കിയത്. ‘ഇന്നലെ പറഞ്ഞതൊന്നും മറക്കല്ലേ’യെന്ന ഓർമപ്പെടുത്തലോടെയാണ് കലക്ടർ ഇന്നും കുറിപ്പു പങ്കുവച്ചത്.

‘പ്രിയപ്പെട്ട കുട്ടികളെ, നാളെയും അവധിയാണ് കേട്ടോ. എന്നുവച്ച് ഇന്നലെ പറഞ്ഞതൊന്നും മറക്കല്ലേ... മഴക്കാലമായതു കൊണ്ട് തന്നെ അച്ഛനമ്മമാർ ജോലിക്കു പോകുമ്പോൾ അവരുടെ ബാഗിൽ കുട, മഴക്കോട്ട്‌ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം കേട്ടോ... പോകുന്നതിനു മുൻപ് അവരെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണം. ഞങ്ങൾ ഇവിടെ കാത്തിരിക്കുന്നെന്നും സൂക്ഷിച്ചു വണ്ടി ഓടിച്ച് വൈകിട്ട് നേരത്തെ വരണമെന്നും സ്നേഹത്തോടെ പറയണം. നല്ല ശീലങ്ങൾ പാലിക്കണം. മിടുക്കരാകണം. ഒരുപാട് സ്‌നേഹത്തോടെ, നിങ്ങളുടെ പ്രിയപ്പെട്ട കലക്ടര്‍ മാമന്‍’ – കൃഷ്ണ തേജ കുറിച്ചു.

നേരത്തെ, കലക്ടറായി ചുമതല ഏറ്റെടുത്തതിനു പിന്നാലെ ആദ്യ ഉത്തരവിൽ തന്നെ കുട്ടികൾക്ക് അവധി അനുവദിച്ച് ഫെയ്സ്ബുക്കിൽ കുറിച്ച വാക്കുകളാണ് വൈറലായത്. 

‘പ്രിയ കുട്ടികളെ, ഞാന്‍ ആലപ്പുഴ ജില്ലയില്‍ കലക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങള്‍ക്കു വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ്. നാളെ നിങ്ങള്‍ക്ക് ഞാന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നു കരുതി വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ. നമ്മുടെ ജില്ലയില്‍ നല്ല മഴയാണ്. എല്ലാവരും വീട്ടില്‍ത്തന്നെ ഇരിക്കണം. അച്ഛനമ്മമാർ ജോലിക്ക് പോയിട്ടുണ്ടാകും. അവരില്ലെന്നു കരുതി പുറത്തേക്കു ഒന്നും പോകരുത്. പകര്‍ച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം. കൃത്യസമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്നു കരുതി മടി പിടിച്ച് ഇരിക്കാതെ പാഠഭാഗങ്ങള്‍ മറിച്ചു നോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ... സ്നേഹത്തോടെ’ - ഇതായിരുന്നു വൈറലായ ആദ്യ കുറിപ്പ്.

English Summary: FB post of Alappuzha district collector V.R.Krishna Teja

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com