ADVERTISEMENT

സീതത്തോട് ∙ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന സ്ഥലത്തുനിന്നും ആളുകൾ സുരക്ഷിത സ്ഥലത്തേയ്ക്കു മാറി താമസിക്കണമെന്ന് മന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു. മുണ്ടൻപാറയിൽ റോഡിൽ രൂപപ്പെട്ട വിള്ളൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. അതേസമയം മന്ത്രി വിള്ളൽ കണ്ടെത്തിയ സമീപത്തെ വീടു സന്ദർശിച്ചില്ലെന്ന ആക്ഷേപവുമായി നാട്ടുകാരിൽ ചിലരും രംഗത്തെത്തി.

‘‘ഇതിനോടകം മൂന്നു നാലു കുടുംബങ്ങൾ ഇവിടെ നിന്ന് മാറിയിട്ടുണ്ട്. ബാക്കിയുള്ളവരും അടിയന്തരമായി മാറണം. ഒന്നുകിൽ ബന്ധുവീടുകളിൽ അല്ലെങ്കിൽ ക്യാപുകളിൽ. ഈ പ്രദേശത്തിന്റെ ചില പ്രശ്നങ്ങൾ പറയുന്നുണ്ട്. കുന്നിന്റെചരുവിലാണ് ഈ പ്രദേശം. വിള്ളൽ പല സ്ഥലത്തുമുണ്ടെന്ന് പറയുന്നുണ്ട്. കിണറുകളിലെ വെള്ളത്തിന്റെ ശക്തിയും ഒഴുക്കും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതെല്ലാം കൂടി ശാസ്ത്രീയമായി ഒരു പഠനം നടത്തണമെന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ഒരു ടീം രൂപീകരിച്ചു കഴിഞ്ഞു. ഇതു സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ നൽകും. ശാസ്ത്രീയമായ പഠനം അതിനെ തുടർന്ന് നടത്തും.’’ – സ്ഥലം സന്ദർശിച്ച ശേഷം മന്ത്രി പറഞ്ഞു.

Veena George | Mundanpara
മുണ്ടൻപാറയിൽ റോഡിൽ രൂപപ്പെട്ട വിള്ളൽ മന്ത്രി വീണ ജോർജ് സന്ദർശിക്കുന്നു. ചിത്രം: എബി കുര്യൻ പനങ്ങാട് ∙ മനോരമ

കെ.യു.ജനീഷ് കുമാർ എംഎൽഎ, കലക്ടർ ഡോ.ദിവ്യ എസ്. അയ്യർ, ജില്ലാ പ‍ഞ്ചായത്ത് അംഗം ലേഖ സുരേഷ്, പഞ്ചായത്ത് പ്രസിഡന്റ് പി.ആർ.പ്രമോദ്, പഞ്ചായത്ത് അംഗങ്ങളായ ജോബി ടി.ഈശോ, ഡപ്യൂട്ടി കലക്ടർ ജേക്കബ് ടി.ജോർജ്, തഹസീൽദാർ രാമദാസ്, ദുരന്ത നിവാരണ ഡപ്യൂട്ടി തഹസിൽദാർ അനീഷ് ജോർജ്, സോയിൽ കൺസർവേഷൻ ഓഫിസർ കെ.സി.ഹരിലാൽ, ഓവർസിയർമാരായ എസ്.അനിൽകുമാർ, ഡി.രാജീവ്, തവസ് കണ്ണൻ തുടങ്ങിയവരും മന്ത്രിക്കൊപ്പം സ്ഥലം സന്ദർശിച്ചു.

അതേസമയം തൊഴുത്തിലും പരിസരത്തും മറ്റും വിളളൽ പടർന്നതായി കണ്ടെത്തിയ സമീപത്തെ വീട്ടിൽ മന്ത്രിയും സംഘവും പരിശോധന നടത്താനെത്തിയില്ലെന്ന പരിഭവവുമായി ഈ വീട്ടുടമസ്ഥനായ പൊടിമോനും ഭാര്യ പൊടിമോളും രംഗത്തുവന്നു. മന്ത്രിയും സംഘത്തെയും കാത്ത് നിന്നെങ്കിലും റോഡിലെ വിള്ളൽ മാത്രം കണ്ടശേഷം മന്ത്രിയും സംഘവും മടങ്ങുകയായിരുന്നുവെന്നാണ് ഇവർ സ്ഥലത്തെത്തിയ മാധ്യമപ്രവർത്തകരോട് വിഷമം പങ്കുവച്ചത്. അപകടസാധ്യതയുള്ള മേഖലയിൽ നിന്ന് ജനത്തെ മാറ്റി പുനരധിവസിപ്പിക്കാൻ സർക്കാർ തയാറാകണമെന്ന് സമീപവാസികളും ആവശ്യപ്പെട്ടു.

English Summary: Minister Veena George visits Mundanpara where crack was found in land

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com