ADVERTISEMENT

അടിമാലി ∙ അടിമാലി - കുമളി ദേശീയ പാതയിൽ കല്ലാർകുട്ടി  പുതിയ പാലത്തിനു സമീപം പനംകുട്ടി റോഡിൽ മഴവെള്ളപ്പാച്ചിലിൽ റോഡ് തകർന്നു. ഇതേത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. മഴ കനത്താൽ പാതയുടെ ഈ ഭാഗം പൂർണമായും ഇടിയുമെന്ന  സാഹചര്യമാണുള്ളത്. 2018ലെ പ്രളയത്തിൽ ഇവിടം പുഴയെടുത്തിരുന്നു. അതിനുശേഷം ഒരു വർഷം മുൻപാണ് നിർമാണം പൂർത്തിയാക്കിയത്. അതേസമയം, പുഴയിൽ പാതയുടെ കട്ടിങ് സൈഡിലുള്ള വൻ പാറക്കെട്ടിൽ നിന്നും കല്ല് പൊട്ടിച്ചു കടത്തിയിരുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇതാണ് പാതയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടിയതെന്നാണ് വിമർശനം.

വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയാണ് ശക്തമായ വെള്ളത്തിന്റെ കുത്തൊഴുക്കിൽ റോഡ് തകരാൻ തുടങ്ങിയത്. മുതിരപ്പുഴ ആറിന്റെ ഭാഗമായ ഇതിലൂടെയാണ് കല്ലാർകുട്ടി അണക്കെട്ടിൽ നിന്നുള്ള ഷട്ടറുകൾ തുറന്നു വിടുന്ന വെളളവും ഒഴുകുന്നത്. മഴ കനത്തതോടെ അണക്കെട്ടിന്റെ ഷട്ടറുകൾ 3 ദിവസമായി തുറന്നിരിക്കുകയാണ്. വെള്ളത്തിന്റെ ഒഴുക്ക് തുടർന്നാൽ ഏതു നിമിഷവും റോഡിന്റെ ശേഷിക്കുന്ന ഭാഗവും ഒലിച്ചു പോകുമെന്നാണ് ആശങ്ക.

ഈ സാഹചര്യത്തിലാണ് അടിമാലിയിൽ നിന്നുള്ള  പൊലീസ് ഉദ്യോഗസ്ഥരെത്തി ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചത്. ഇതു വഴി കടന്നുപോകേണ്ട ചെറു വാഹനങ്ങൾ കല്ലാർകുട്ടി പുതിയ പാലം വഴി കമ്പിളികണ്ടത്ത് എത്തി പനംകുട്ടി ചപ്പാത്തിലൂടെ കടന്ന് പാംബ്ല കവലയിൽ എത്തും വിധം ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. വലിയ വാഹനങ്ങൾ പുതിയപാലം - മുരിക്കാശേരിയി വഴി കരിമ്പനിൽ എത്തും വിധമാണ് ക്രമീകരണം.

English Summary: Traffic Blocked In Adimaly - Kumily National Highway After Road Collapses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com