ADVERTISEMENT

കൊച്ചി ∙ എറണാകുളം ജില്ലയിൽ മഴ ശക്തമായിരിക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവത്തിൽ ജില്ലാ കലക്ടർക്കെതിരെ ഹൈക്കോടതിയിൽ ഹർജി. അവധി പ്രഖ്യാപിക്കാൻ മാർഗരേഖകൾ ഉൾപ്പടെ വേണമെന്ന ആവശ്യവുമായാണ് ഹർജി. എറണാകുളം സ്വദേശിയും അഭിഭാഷകനുമായ എം.ആർ. ധനിൽ ആണ് ഹർജി നൽകിയിരിക്കുന്നത്. സംഭവത്തിൽ കലക്ടർ രേണു രാജിനോടു റിപ്പോർട്ടു തേടണമെന്നു ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അവധി പ്രഖ്യാപനത്തിലെ ആശയക്കുഴപ്പം പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കിയെന്നു ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. സമൂഹമാധ്യമങ്ങളിലൂടെ അവധി അറിയിക്കുന്നതിനു വ്യക്തമായ മാർഗരേഖ തയ്യാറാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട് .

അതിനിടെ, എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയത് അന്വേഷിക്കുമെന്ന് റവന്യൂമന്ത്രി കെ. രാജൻ അറിയിച്ചു. സാഹചര്യം നോക്കി സ്കൂളുകള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിക്കുന്നതാണ് ഉചിതമെന്നും മന്ത്രി വ്യക്തമാക്കി. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതിൽ ആശയക്കുഴപ്പമുണ്ടാക്കി എന്നു ചൂണ്ടിക്കാട്ടി എറണാകുളം കലക്ടർക്കെതിരെ ബാലാവകാശ കമ്മിഷനിലും പരാതി ലഭിച്ചിട്ടുണ്ട്.

ഇന്നു രാവിലെ വിദ്യാർഥികൾ വാഹനങ്ങളിൽ സ്കൂളുകളിലേക്കു പുറപ്പെട്ട ശേഷം കലക്ടർ അവധി പ്രഖ്യാപിച്ചത് കനത്ത വിമർശനത്തിനു വഴിവച്ചിരുന്നു. എറണാകുളം കലക്ടറിന്റെ ഫെയ്സ്ബുക് പേജിൽ കടുത്ത വിമർശനങ്ങളും ആക്ഷേപങ്ങളുമാണ് രക്ഷിതാക്കളുടെ ഭാഗത്തു നിന്നുണ്ടായത്. ഇതോടെ അപകടങ്ങൾ ഒഴിവാക്കാനാണ് അവധി പ്രഖ്യാപിച്ചതെന്നും ക്ലാസ് തുടരാമെന്നു വിശദീകരണം വന്നെങ്കിലും സ്കൂളുകൾ വിദ്യാർഥികളെ തിരിച്ചയച്ചു തുടങ്ങിയിരുന്നു.

ജോലിക്കാരായ മാതാപിതാക്കളിൽ പലരും കുട്ടികളെ സ്കൂളിൽ അയച്ച ശേഷം ജോലിക്കു പോകുമ്പോഴാണ് അവധി വിവരം അറിയുന്നത്. കുട്ടികൾ തിരികെ വന്നാൽ ഒറ്റയ്ക്കായി പോകുമെന്നു വന്നതോടെ പലരും ആശങ്കയിലുമായി. ഇതിനിടെ സ്കൂളുകളിൽ വിദ്യാർഥികൾക്കായി പ്രഭാത ഭക്ഷണം ഒരുക്കിയതു നഷ്ടമാകുന്ന സാഹചര്യവുമുണ്ടായി.

English Summary: Plea in high court against late announcement of holiday in Ernakulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com