ADVERTISEMENT

ന്യൂഡൽഹി∙ കറുത്ത വസ്ത്രം ധരിച്ച് കോൺഗ്രസ് നേതാക്കൾ നടത്തിയ പ്രതിഷേധം രാമക്ഷേത്ര വിരുദ്ധ സന്ദേശമാണ് നൽകുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തി രണ്ടു വർഷം പൂർത്തിയായ ദിനത്തിലാണ് കോൺഗ്രസ് ഇത്തരത്തിൽ കറുപ്പണിഞ്ഞ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും അമിത് ഷാ പറഞ്ഞു. 2020 ഓഗസ്റ്റ് 5നാണ് അയോധ്യയിൽ രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തിയത്. 

‘‘എല്ലാ ദിവസവും എന്തിനാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. കോൺഗ്രസിന് ഗൂഢതാൽപര്യങ്ങളുണ്ട്. ഇന്ന് എൻഫോഴ്സ്ന്റ് ഡയറക്ടറേറ്റ് ആരെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ല. റെയ്ഡുകൾ നടത്തിയിട്ടില്ല. പിന്നെ എന്തിനാണ് സമരം നടത്തിയതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. 550 വർഷമായി നിലനിൽക്കുന്ന പ്രശ്നത്തിന് സമാധാനപരമായി പരിഹാരം കണ്ടെത്തി, നരേന്ദ്ര മോദി രാമജന്മഭൂമിക്ക് ശിലാസ്ഥാപനം നടത്തിയ ദിവസമാണിന്ന്. കോൺഗ്രസിന്റെ പ്രീണനനയം രാജ്യത്തിനും കോൺഗ്രസിനും നല്ലതല്ല.’’– അമിത് ഷാ പറഞ്ഞു. 

വിലക്കയറ്റം, തൊഴിലില്ലായ്മ, ജിഎസ്ടി വർധന എന്നിവയ്ക്കെതിരെയാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ‘ചലോ രാഷ്ട്രപതി ഭവൻ’ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു. പാർലമെന്റിൽനിന്ന് രാഷ്ട്രപതി ഭവനിലേക്കു കോൺഗ്രസ് എംപിമാർ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. ഒരു മണിക്കൂർ നീണ്ട സംഘർഷത്തിനൊടുവിൽ രാഹുൽ ഗാന്ധിയടക്കമുള്ളവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. നിരോധനാജ്ഞ ലംഘിച്ചതിനാണ് അറസ്റ്റ്. ഇവരെ കിങ്‍സ്‌വേ ക്യാംപ് പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. ആറ് മണിക്കൂറിന് ശേഷം വൈകിട്ടോടെ ഇവരെ വിട്ടയയ്ക്കുകയായിരുന്നു. 

English Summary: Congress Protest Today Sends Anti-Ram Temple Message: Amit Shah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com