ADVERTISEMENT

തിരുവനന്തപുരം/തൊടുപുഴ∙ ഇടുക്കി അണക്കെട്ടിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. നിലവിലെ ജലനിരപ്പ് 2381.78 അടിയാണ്. സംഭരണശേഷിയുടെ 82.06 ശതമാനം നിറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം കൂടിയെത്തിയാൽ ജലനിരപ്പ് ഉയരും. വൃഷ്ടിപ്രദേശത്ത് മഴ പെയ്യുന്നതും ആശങ്കയാണ്. ജലനിരപ്പ് 2383.53 അടി എത്തിയാൽ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. ആലുവ പെരിയാർ തീരത്തെ ജലനിരപ്പ് പരിശോധിച്ച ശേഷം മാത്രമേ ഷട്ടറുകൾ തുറക്കുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കിയിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 10 ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം തുറന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനാണ് വി1, വി5, വി6, വി10 എന്നീ നാല് ഷട്ടറുകൾ തുറന്നത്. ആകെ 1870 ഘനയടി ജലം പുറത്തുവിടുന്നുണ്ട്. 9066 ഘനയടിയാണ് നീരൊഴുക്ക്. പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. പെരിയാറിൽ ഇറങ്ങാൻ പാടില്ല. വെള്ളം വള്ളക്കടവ്, വണ്ടിപ്പെരിയാർ, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പൻകോവിൽ വഴി ഇടുക്കി ഡാമിലെത്തും.

പാലക്കാട് മലമ്പുഴ, കൊല്ലം തെന്മല ഡാമുകളുടെ ഷട്ടറുകളും ഉയർത്തി. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ കക്കി–ആനത്തോട് അണക്കെട്ടിലേക്കു അതിശക്തമായ നീരൊഴുക്കാണ്. ജലനിരപ്പ് റൂൾ ലെവലിലേക്കു അടുക്കുന്നു. ഞായറാഴ്ച ഉച്ചയോടെ ആനത്തോട് ഷട്ടറുകൾ ഉയർത്താനാണ് സാധ്യത. 981.456 മീറ്റർ ശേഷിയുള്ള കക്കി– ആനത്തോട് അണക്കെട്ടിൽ 974.18 മീറ്ററും 986.332 മീറ്റർ ശേഷിയുള്ള പമ്പാ അണക്കെട്ടിൽ 981.7 മീറ്ററുമാണ് ജലനിരപ്പ്. കക്കിയിൽ 74.54 ശതമാനവും പമ്പയിൽ 71.85% ശതമാനവും വെള്ളമുണ്ട്.

അതേസമയം, ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് നിയന്ത്രണ വിധേയമാണെന്ന് റവന്യുമന്ത്രി കെ.രാജൻ അറിയിച്ചു. രാത്രി കാര്യമായ മഴ പെയ്തില്ല. പെരിങ്ങൽകുത്തിൽനിന്ന് അധിക ജലം വന്നിട്ടും ജലനിരപ്പ് വലിയതോതിൽ ഉയർന്നില്ല. പരിഭ്രാന്തി വേണ്ടെന്നും മന്ത്രി പറഞ്ഞു. കണ്ണൂരിൽ നേരിയ മഴ തുടരുന്നുണ്ടെങ്കിലും വെള്ളപ്പൊക്ക ഭീഷണി ഇല്ല. കണ്ണൂർ–മാനന്തവാടി ചുരം റോഡില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. പെരിയാറിലും മൂവാറ്റുപ്പുഴയാറിലും ജലനിരപ്പ് അപകടനിലയ്ക്ക് താഴെയാണെങ്കിലും മുന്നറിയിപ്പ് തുടരുന്നു. ആലപ്പുഴയിലെ പ്രളയസാധ്യതാ മേഖലയിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. കുട്ടനാട്ടിൽ വിവിധയിടങ്ങളിൽ സ്റ്റേ ബോട്ടുകൾ തയാറാക്കിയിട്ടുണ്ട്.

English Summary: Kerala rain live updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com