‘എല്ലാം കാണിച്ചു നിന്നോണ്ടാണ് അവൻ കുളിക്കണത് സാറേ..’; എംവിഡിയും ‘ട്രോള്‍വഴിയിൽ’!

mvd-troll-video
എംവിഡിയുടെ പേജിലെ ട്രോൾ വിഡിയോയിൽനിന്ന്.
SHARE

കോട്ടയം ∙ നിയമലംഘനത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി കേരള പൊലീസ് പുറത്തിറക്കുന്ന ട്രോൾ വിഡിയോകൾക്കു പിന്നാലെ, ശ്രദ്ധ നേടി മോട്ടർവാഹന വകുപ്പിന്റെ ട്രോൾ വിഡിയോകളും. റോഡിലെ നിയമലംഘനത്തിന്റെ ഗൗരവവും ഭവിഷ്യത്തുകളും സംബന്ധിച്ച് ജനത്തെ ബോധവൽക്കരിക്കുന്നതിനായാണ് മോട്ടർ വാഹന വകുപ്പും ട്രോളുകളുടെ വഴിയിലേക്ക് ഇറങ്ങിയത്. ഇതിനകം മോട്ടർ വാഹന വകുപ്പിന്റെ ഫെയ്സ്ബുക് പേജിൽ പങ്കുവച്ച ട്രോൾ വിഡിയോകൾ സൂപ്പർ ഹിറ്റാണ്.

‘നിയമ ലംഘനങ്ങൾ റീൽസ് ആക്കുന്നവരോട്’ എന്ന പേരിൽ പങ്കുവച്ച രസകരമായ ട്രോൾ വിഡിയോയാണ് ഇക്കൂട്ടത്തിലെ ‘നവാഗതൻ’. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നതിനായി രണ്ടു യുവാക്കൾ ചേർന്ന് തയാറാക്കിയ റീൽസാണ് ഈ ട്രോളിന് ആധാരം. നടുറോഡിലൂടെ ഓടുന്ന ബൈക്കിൽ സഞ്ചരിക്കുന്ന യുവാക്കളിൽ, പിന്നിലിരിക്കുന്നയാൾ ബൈക്ക് ഓടിക്കുന്നയാളെ ‘ലൈവായി കുളിപ്പിക്കു’ന്ന വിഡിയോയാണിത്.

ഹെൽമറ്റ് ഉൾപ്പെടെയുള്ള യാതൊരു മുൻകരുതലുമില്ലാതെയാണ് ഇരുവരുടെയും സഞ്ചാരം. നടുവിൽ വച്ചിരിക്കുന്ന ബക്കറ്റിൽനിന്ന് കപ്പിൽ വെള്ളം കോരിയൊഴിച്ചാണ് പൊതുവഴിയിലെ കുളി. വഴിയരികിൽ നിൽക്കുന്ന ഓട്ടോക്കാരും ബസ് സ്റ്റോപ്പിൽ നിൽക്കുന്ന കുട്ടികളുമെല്ലാം ഈ കാഴ്ച കണ്ട് മിഴിച്ചുനിൽക്കുന്നത് വിഡിയോയിൽ കാണാം.

യുവാക്കളുടെ ‘കുളി വിഡിയോ’യും നിവിൻ പോളി നായകനായ ‘ആക്ഷൻ ഹീറോ ബിജു’ എന്ന സിനിമയിലെ ഒരു രംഗവും കോർത്തിണക്കിയാണ് ട്രോൾ വിഡിയോ തയാറാക്കിയിരിക്കുന്നത്. പിന്നീട് ഇരുവരും പൊലീസ് സ്റ്റേഷനിൽ നിൽക്കുന്ന ദൃശ്യമാണ് ‘ക്ലൈമാക്സ്’. ബൈക്ക് ഓടിച്ച യുവാവിന്റെ ലൈസൻസ് റദ്ദാക്കിയെന്ന അറിയിപ്പും വിഡിയോയിലുണ്ട്.

mvd-air-horn

∙ ഹോണിനെ പ്രണയിച്ച പെൺകുട്ടി

‘ഹോണിനെ പ്രണയിച്ച പെൺകുട്ടി’ എന്ന പേരിലുള്ള ഒരു ട്രോൾ വിഡിയോയും എംവിഡിയുടെ ഫെയ്സ്ബുക് പേജിൽ കാണാം. എയർ ഹോണുമായി ബന്ധപ്പെട്ട നിയമലംഘനത്തെക്കുറിച്ച് ബോധ്യപ്പെടുത്താനാണ് ഇത്തരമൊരു വിഡിയോ തയാറാക്കിയത്. കാറിൽ യാത്ര ചെയ്യുന്ന പെൺകുട്ടിയുടെ ‘പ്രോത്സാഹനം’ ഏറ്റെടുത്ത് നടുറോഡിലൂടെ തുടർച്ചയായി എയർ ഹോൺ അടിച്ച് വാഹനമോടിക്കുന്ന ടോറസ് ഡ്രൈവറുടെ വിഡിയോയെ അധികരിച്ച് തയാറാക്കിയതാണ് ഈ ട്രോൾ. പെണ്‍കുട്ടിയെയും ഡ്രൈവറെയും വിളിച്ചുവരുത്തി ബോധവല്‍ക്കരണം നല്‍കി. ജൂലൈ എട്ടിന് പോസ്റ്റ് ചെയ്ത ഈ ട്രോൾ വിഡിയോ ഇതിനകം പതിനായിരത്തോളം പേരാണ് ലൈക്ക് ചെയ്തത്. ഈ വിഡിയോയ്ക്കൊപ്പം നൽകിയിരിക്കുന്ന കുറിപ്പ് ഇങ്ങനെ: 

‘കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ ആളുകൾ കണ്ട ഒരു വിഡിയോ ആണ് തുടക്കം. ഹോണിനെ പ്രണയിച്ച പെൺകുട്ടി എന്ന തലക്കെട്ടിൽ ചില മാധ്യമങ്ങൾ ഇതിന് പ്രചാരം നൽകിയിരുന്നു. എന്നാൽ യഥാർഥത്തിൽ ഹോണിനെ പ്രണയിക്കാൻ സാധിക്കുമോ? അതും എയർ ഹോണിനെ !!!

വാഹനങ്ങളിൽ അനുവദനീയമായ ഹോണുകളുടെ ഡെസിബൽ റേഞ്ചിനേക്കാൾ വളരെ ഡെസിബൽ കൂടിയ ഇവയുടെ ശബ്ദം കേൾവിശക്തിയെ വളരെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. വളരെ സമീപത്തായി കൂടുതൽ നേരം കേൾക്കുകയാണെങ്കിൽ അത് കേൾവി ശക്തി തന്നെ ഇല്ലാതാക്കും. വലിയ വാഹനങ്ങളിലാണ് ഇതിന്റെ ഉപയോഗം കൂടുതൽ കണ്ടുവരുന്നത്. മോട്ടർ സൈക്കിൾ പോലുള്ള ചെറിയ വാഹനങ്ങളുടെ ശ്രദ്ധ കിട്ടാൻ വേണ്ടിയാണ് എന്നതാണ് ഇതുപയോഗിക്കുന്നവരുടെ വാദം. എന്നാൽ ഇവയുടെ ഉപയോഗം വഴി താൻ ഉൾപ്പെടുന്ന പൊതുസമൂഹത്തിന്റെ കേൾവി ശക്തിയും, ശ്രദ്ധയും തന്നെയാണ് ഇല്ലാതാക്കുന്നത് എന്ന് ഇവർ മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം.

വലിയ വാഹനങ്ങളിൽ ഇവയുടെ ഉപയോഗം ബ്രേക്ക് സിസ്റ്റത്തിലെ എയർ ബൈപാസ് ചെയ്താണ്. ഇത് വാഹനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിഷയമാണ് എന്ന് പറയേണ്ടതില്ലല്ലോ!!! കൂടാതെ ഇവ വാഹനങ്ങളിൽ ഘടിപ്പിക്കുന്നതുപോലും നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്‌. അപ്പോൾ പിന്നെ ഇവയുടെ ഉപയോഗത്തെക്കുറിച്ച് ചോദിക്കേണ്ട കാര്യമില്ലല്ലോ...

English Summary: Viral Troll Videos In MVD's FB Page

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}