ADVERTISEMENT

തിരുവനന്തപുരം∙ തൊട്ടടുത്ത വീട്ടിലെ പ്രായമായ സ്ത്രീയുമായി വഴക്കുണ്ടായതായി  വയോധികയെ  കൊലപ്പെടുത്തിയ കേസിൽ പൊലീസ് തിരയുന്ന അതിഥിത്തൊഴിലാളി ആദം അലി ഞായറാഴ്‍ച തങ്ങളോട് പറഞ്ഞതായി ആദം അലിയുടെ സഹപ്രവർത്തകരുടെ മൊഴി.  ദേഷ്യം വന്ന് താൻ ആ സ്ത്രീയെ തല്ലിയെന്നു ആദം പറഞ്ഞതായാണ് കൂടെ താമസിക്കുന്നവർ മൊഴി നൽകിയത്. ഇനി താനിവിടെ നിൽക്കുന്നില്ലെന്നു പറഞ്ഞാണ് ആദം സ്ഥലംവിട്ടത്. ഇക്കാര്യം ഉടൻ തന്നെ കെട്ടിട ഉടമയെ അറിയിച്ചെന്നും ഇതറിഞ്ഞ് സ്ഥലത്തെത്തിയപ്പോഴാണ് മനോരമയെ കാണാനില്ലെന്ന വിവരം അദ്ദേഹം അറിഞ്ഞതെന്നും ആദം അലിയുടെ സഹപ്രവർത്തകർ പൊലീസിനോട് പറഞ്ഞു. 

അതിഥിത്തൊഴിലാളികളിൽ കുറച്ചു പേർ കഴിഞ്ഞ കുറച്ചുദിവസമായി രാത്രിയിൽ മനോരമയുടെ വീടിനു സമീപത്തു നിന്ന് ഫോൺ വിളിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കസ്റ്റഡിയിൽ എടുത്തുവെന്നും കാണാതായ അതിഥിത്തൊഴിലാളിക്കായി തിരച്ചിൽ ശക്തമാക്കിയതായി കമ്മിഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. കസ്‌റ്റഡിയിലായവർക്കു കൃത്യത്തിൽ പങ്കുണ്ടോയെന്ന കാര്യം വിശദമായി പരിശോധിക്കുകയാണ്. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന പണത്തിനു പുറമേ വയോധിക അണിഞ്ഞിരുന്ന മാലയും വളകളും അക്രമി കവർന്നിട്ടുണ്ട്.      

കേശവദാസപുരം രക്ഷാപുരി മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമ (68) ആണു കൊല്ലപ്പെട്ടത്. അതിഥിത്തൊഴിലാളികൾ സ്ഥിരമായി വെള്ളമെടുക്കാൻ പോകുന്ന വീടാണ് മനോരമയുടേത്. എപ്പോഴും ഇവിടെ കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം ആദം അലി ഉൾപ്പെടെയുള്ള അതിഥിത്തൊഴിലാളികൾക്ക് ഉണ്ടായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ മനോരമയുടെ വീട്ടിൽനിന്നു നിലവിളി ശബ്ദവും ഞരക്കവും കേട്ടതായുള്ള അയൽവാസി സെയ്ബയുടെ സംശയമാണ് കൊലപാതകം പുറത്തറിയാൻ കാരണമായത്. ഒരാൾ ഉച്ചത്തിൽ നിലവിളിക്കുന്നത് കേട്ട് അയൽവാസികൾ സമീപത്തുള്ള വീടുകളിൽ കയറി പരിശോധിച്ചിരുന്നു. മനോരമയുടെ വീട്ടിൽ നിന്ന് മാത്രം ആരും ഇറങ്ങിവന്നില്ല. ഇതിനു പിന്നാലെയാണ് അയൽവാസികൾ ദിനരാജിനെ ഫോണിൽ ബന്ധപ്പെട്ടത്.

ഭർത്താവ് ദിനരാജ് സ്ഥലത്തില്ലെന്നും മനോരമ ഒറ്റയ്ക്കാണെന്നു ഉറപ്പിച്ചതിനു ശേഷമാണ് കൊലപാതകി മനോരമയുടെ വീട്ടിലെത്തിയതെന്നു പൊലീസ് പറയുന്നു. ദിനരാജ്  ശനിയാഴ്ച ബാങ്കിൽനിന്നു പിൻവലിച്ച 50,000 രൂപയാണ് കൊലപാതകി മോഷ്ടിച്ചത്. കൊല നടത്തി പണം കൈക്കലാക്കിയയാൾ വീട്ടിൽ മറ്റു നാശനഷ്ടങ്ങളൊന്നും ഉണ്ടാക്കിയിരുന്നില്ല. അതിനാൽ തന്നെ മോഷണമോ പിടിവലിയോ നടന്നതിന്റെ യാതൊരു തരത്തിലുള്ള സൂചനയും നാട്ടുകാർക്ക് ലഭിച്ചില്ല. 

English Summary: Elderly Woman Killed in Thiruvananthapuram; Body Dumped in Well: 5 in custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com