ADVERTISEMENT

പട്ന∙ ‘‘പ്രാദേശിക പാർട്ടികൾ ഇനി അധികകാലം നിലനിൽക്കില്ല.’’– ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ ഈ വാക്കുകൾ എൻഡിഎയിൽ ഒരു പൊട്ടിത്തെറിയിലാണ് കലാശിച്ചത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നേടിയ വിജയത്തിന്റെ ആഹ്ലാദത്തിനിടെയാണ് മുന്നണിയിൽ പുതിയ പ്രശ്നം ഉടലെടുത്തിരിക്കുന്നത്.

ഏറെക്കാലമായി ബിജെപിയുമായി ഉരസുന്ന ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിൽനിന്നാണ് ഈ തീപ്പൊരി. നിതീഷ് എൻഡിഎ വിടുമെന്നത് ഏറെക്കാലമായി കേൾക്കുന്ന അഭ്യൂഹമാണെങ്കിലും ഇത്തവണ ബിഹാർ മുഖ്യമന്ത്രി ഉറച്ചതീരുമാനത്തിൽ തന്നെയാണെന്നാണ് അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന. ഇതു സംബന്ധിച്ച് അന്തിമതീരുമാനം ചൊവ്വാഴ്ച പ്രഖ്യാപിക്കും. അനുരഞ്ജനശ്രമവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിതീഷ് കുമാറിനെ ഫോണിൽ വിളിച്ചെന്നാണ് വിവരം.

∙ മഹാരാഷ്ട്ര 2.0 ബിഹാറിൽ?

ജെഡിയുവിൽ നിതീഷ് കുമാറിന്റെ ആധിപത്യം തകർക്കാൻ ബിജെപി ശ്രമിക്കുന്നതായാണ് ആരോപണം. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നിതീഷ് കുമാറിനെതിരെ പ്രവർത്തിച്ചെന്നും അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാതിരിക്കാൻ കഠിനശ്രമം നടത്തിയെന്നുമാണ് ജെ‍ഡിയുവിന്റെ ആക്ഷേപം. ‘‘ബിജെപി മാത്രമേ നിലനിൽക്കൂ, പ്രാദേശിക പാർട്ടികൾ ഇല്ലാതാകും’’ എന്ന ന‍ഡ്ഡയുടെ പ്രസ്താവന ഇതിനു തെളിവായി അവർ ഉയർത്തിക്കാട്ടുന്നു.

ബിഹാർ സർക്കാരിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ‘റിമോട്ട് കൺട്രോൾ’ ഇടപെടലുകളും നിതീഷിനെ ചൊടിപ്പിക്കുന്നു. തന്റെ മന്ത്രിസഭയിൽ ഉൾപ്പെടെ അമിത് ഷായുമായി അടുത്തബന്ധമുള്ളവർ ഉണ്ടെന്ന് അദ്ദേഹം കരുതുന്നു. ഇതിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിളിച്ച പല പ്രധാന യോഗങ്ങളും നിതീഷ് കുമാർ ബഹിഷ്കരിച്ചിരുന്നു. ഞായറാഴ്ച ചേർന്ന നിതി ആയോഗ് യോഗത്തിൽനിന്നും നിതീഷ് കുമാർ വിട്ടുനിന്നു. ആരോഗ്യപ്രശ്നങ്ങൾ പറഞ്ഞാണ് ഒഴിവായത്. എന്നാൽ പട്‌നയിലെ രണ്ടു സർക്കാർ പരിപാടികളിൽ അദ്ദേഹം പങ്കെടുത്തു.

ഉദ്ധവ് താക്കറെ (ഫയൽ ചിത്രം) (Photo - Twitter / @OfficeofUT)
ഉദ്ധവ് താക്കറെ (ഫയൽ ചിത്രം) (Photo - Twitter / @OfficeofUT)

ബിജെപി കൃത്യമായി ആസൂത്രണം ചെയ്‌ത് നടപ്പാക്കിയ നീക്കത്തിൽ മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ സർക്കാർ താഴെവീണതിനു പിന്നാലെ, ബിഹാറിൽ അതിന്റെ തുടർച്ചയുണ്ടാകുമെന്ന് നിതീഷ് കണക്കുകൂട്ടുന്നതായും അണികൾ പറയുന്നു. ഉദ്ധവ് താക്കറെയെപ്പോലെ, നിതീഷ് കുമാറും തന്റെ ‘സാമ്രാജ്യം’ സംരക്ഷിക്കാനും ബിജെപിയുടെ ആക്രമണത്തെ പ്രാദേശികമായി ചെറുക്കാനും ശ്രമിക്കുന്ന നേതാവാണ്.

മഹാരാഷ്ട്രയിൽ, ഉദ്ധവ് താക്കറെയുടെ പതനത്തിനു കാരണമായത് സ്വന്തം പാർട്ടിയിൽ നിന്നുള്ള മുതിർന്ന നേതാവായ ഏകനാഥ് ഷിൻഡെയുടെ കലാപമാണ്. ബിജെപിയുമായി ചേർന്ന് പ്രവർത്തിച്ച ഏകനാഥ് ഷിൻഡെ ശിവസേനയ്‌ക്കുള്ളിൽ ഒരു വലിയ കലാപം സംഘടിപ്പിച്ചു. അതിന്റെ അനന്തരഫലമാണ് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നതിന് പുറമെ, പാർട്ടിയിലെ തന്റെ സ്ഥാനം നിലനിർത്താൻ സുപ്രീം കോടതിയിൽ പോരാടേണ്ട അവസ്ഥയിൽ‌ വരെ ഉദ്ധവ് എത്തിയത്.

ഉദ്ധവ് താക്കറെയെപ്പോലെ നിതീഷ് കുമാറിനും ബിജെപിയുമായി ആഴമേറിയതും ചരിത്രപരവുമായ ബന്ധമുണ്ട്. 2015ൽ നിതീഷ് കുമാറും ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ച് പ്രതിപക്ഷ പാർട്ടികളുമായി ചേർന്നിരുന്നു. എന്നാൽ 2017ൽ നിതീഷ് തന്നെ ആ ‘വഴിവിട്ട’ ബന്ധം ഉപേക്ഷിച്ചെങ്കിൽ ഉദ്ധവിനെ മഹാരാഷ്ട്രയിൽ ബിജെപി താഴെയിറക്കി എന്നതുമാത്രമാണ് വ്യത്യാസം.

∙ നിതീഷിന് പ്രധാനമന്ത്രി മോഹം?

ശനിയാഴ്ച ജെ‍ഡിയു വിട്ട മുൻ കേന്ദമന്ത്രി ആർ.സി.പി.സിങ്ങിന് ഇപ്പോഴത്തെ പ്രതിസന്ധിയിൽ സുപ്രധാന പങ്കുണ്ടെന്നാണ് സംസാരം. ആർ.സി.പി.സിങ്ങിന് രാജ്യസഭാ സീറ്റു നൽകാൻ പാർട്ടി വിസമ്മതിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിനു കേന്ദ്രമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. അമിത് ഷായോട് ചേർന്ന് ആർ.സി.പി.സിങ് പ്രവർത്തിക്കുന്നെന്ന സൂചനകൾക്കിടെയാണ് ജെ‍‍ഡിയു അദ്ദേഹത്തിനു രാജ്യസഭാ സീറ്റ് നിഷേധിച്ചത്.

കഴി‍ഞ്ഞയാഴ്ച സ്വന്തം പാർട്ടിതന്നെ അഴിമതി ആരോപിച്ചതോടെ ആർ.സി.പി.സിങ് ജെ‍ഡിയു വിടുകയും ചെയ്തു. ഏഴു ജന്മങ്ങളിൽ പോലും നിതീഷ് കുമാറിന് പ്രധാനമന്ത്രിയാകാൻ സാധിക്കില്ലെന്നു പ്രഖ്യാപിച്ചായിരുന്നു ആർ.സി.പി.സിങ്ങിന്റെ പടിയിറക്കം. ഇതോടെ നിതീഷ് കുമാറിന്റെ പ്രധാനമന്ത്രി മോഹവും ചർച്ചയായി.

ആർ.സി.പി. സിങ്
ആർ.സി.പി. സിങ്

എന്തായാലും കാര്യങ്ങൾ അതിവേഗം നീക്കാനാണ് നിതീഷ് കുമാറിന്റെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. ഭാവിപരിപാടികൾ ചർച്ച ചെയ്യാൻ പാർട്ടിയിലെ എല്ലാ എംഎൽഎമാരുടെയും യോഗം നിതീഷ് കുമാർ വിളിച്ചിട്ടുണ്ട്. സർക്കാർ പിരിച്ചുവിട്ട്, ഇടക്കാല തിരഞ്ഞെടുപ്പിലേക്കു നീങ്ങാൻ എംഎൽഎമാർക്കും താൽപര്യമില്ലെന്നും പുതിയ സഖ്യത്തിനാണ് മുൻഗണന നൽകുന്നതെന്നുമാണ് വിവരം.

ബിജെപിയെ പുറത്താക്കിയാൽ നിതീഷ് കുമാറിന് പിന്തുണ നൽകാൻ തയാറാണെന്നു പ്രതിപക്ഷ നേതാവും ആർജെഡി നേതാവുമായ തേജസ്വി യാദവ് അറിയിച്ചതായും റിപ്പോർട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിൽ ആർജെ‍ഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. ആർജെഡി, ജെഡിയു, കോൺഗ്രസ് പാർട്ടികൾ ചേർന്നാൽ സർക്കാർ രൂപീകരിക്കാൻ പര്യാപ്തമാണ്.

മുന്നണി വിടാതിരിക്കാൻ ചില നിർദേശങ്ങളും ജെ‍ഡിയു ബിജെപിക്കു മുൻപിൽവച്ചിട്ടുണ്ട്: കേന്ദ്രമന്ത്രിസഭയിൽ കൂടുതൽ പ്രാതിനിധ്യം (ആർ.സി.പി. സിങ് രാജിവച്ചതോടെ കേന്ദ്രമന്ത്രിസഭയിൽ ജെ‍ഡിയുവിന് അംഗങ്ങളില്ല), 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പും നടത്തണം (2025ൽ ആണ് ബിഹാറിൽ തിരഞ്ഞെടുപ്പ് നടക്കേണ്ടത്) തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. ഇത് അംഗീകരിച്ചില്ലെങ്കിൽ വീണ്ടുമൊരു സഖ്യമാറ്റത്തിനാകും ജെ‍ഡിയു തയാറാകുക.

English Summary : All Eyes On Bihar As Nitish Kumar Likely To Split From Ally BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com