കൊച്ചി∙ വൈപ്പിൻകാർക്ക് ഈ ഓണത്തിനു പൂക്കളമൊരുക്കാൻ ചെണ്ടുമല്ലി തമിഴ്നാട്ടിൽനിന്നു വരേണ്ട!. 30 കർഷകരുടെ കൂട്ടായ്മയിൽ അരയേക്കർ ഭൂമിയിലാണ് ഇവിടെ പൂക്കൃഷി പുരോഗമിക്കുന്നത്. ഓണവിപണി ലക്ഷ്യമിട്ടു സർക്കാരിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായാണ് ഇവിടെ പൂന്തോട്ടം ഒരുക്കുന്നത്. വൈപ്പിൻ ബ്ലോക്കിലെ എടവനക്കാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് കൃഷി പുരോഗമിക്കുന്നത്. ഓണം എത്തുമ്പോഴേക്കും വിളവെടുപ്പു പൂർത്തിയാക്കുകയാണ് കർഷകരുടെ ലക്ഷ്യം.

അത്തത്തിനു പൂക്കൾ പഞ്ചായത്തിൽതന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളതെന്നു പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽ സലാം പറയുന്നു. ഓണക്കാലത്തു പൂക്കളത്തിലെ താരമാണു ചെണ്ടുമല്ലി. എപ്പോഴും തമിഴ്നാട്ടിൽ നിന്നെത്തുന്ന ചെണ്ടുമല്ലിക്ക് ഈ ദിവസങ്ങളിൽ തൊട്ടാൽ പൊള്ളുന്ന വിലയാണ്. ഇതിന് ഒരു പരിധിവരെ പരിഹാരമാണ് പഞ്ചായത്ത് ലക്ഷ്യമിട്ടിരിക്കുന്നത്.
കർഷകർക്കു വേണ്ട പരിശീലനവുമായി കൃഷിഭവൻ ഉദ്യോഗസ്ഥരും മുന്നിൽ നിന്നു. കൂടാതെ നല്ലയിനം ഹൈബ്രിഡ് തൈകളും ജൈവ വളവും സബ്‌സിഡി നിരക്കിൽ നൽകിയതോടെ പഞ്ചായത്തിലെ കർഷകരുടെ സ്വപ്നം വിരിഞ്ഞുതുടങ്ങി. പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കർഷകർക്ക് ചെണ്ടുമല്ലി തൈകളും വളവും കൃഷിഭവൻ നൽകിയത്. 5500 ചെണ്ടുമല്ലി തൈകളാണ് പദ്ധതിയുടെ ഭാഗമായി കർഷകർക്ക് കൃഷിഭവൻ നൽകിയത്. ജൂണിലാണ് എല്ലാവരും കൃഷി ആരംഭിച്ചത്.
പഞ്ചായത്തിലെ അനിഷ സുജേഷ് വട്ടത്തേരിയുടെ 20 സെന്റിലെ ചെണ്ടുമല്ലികൃഷി വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിലെ വിളവെടുപ്പു നടക്കും. ഓണം എത്തുമ്പോഴേക്കും വിളവെടുപ്പു പൂർത്തിയാക്കി മുഴുവൻ ചെണ്ടുമല്ലിയും വിപണിയിൽ എത്തിക്കുന്നതിനാണ് തീരുമാനം.

English Summary : Marigold cultivation in Vypin