ഫയലിലുറങ്ങി ക്രിസ്റ്റീനയുടെ ജീവിതം; കോടതി പറഞ്ഞിട്ടും നീതിനിഷേധം

christina
ക്രിസ്റ്റീന
SHARE

ഫയലുകളിലെ ചുവപ്പു നാടക്കെട്ടുകളിൽ കുരുങ്ങിക്കിടക്കുന്നത് ഓരോ ജീവിതങ്ങളാണ്, ഓരോ ഫയലും ഓരോ ജീവിതമാണെ‍ന്ന് ആവർത്തിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, വഴുതക്കാട് ‘പ്രീതിൽ’ ഡി.ക്രിസ്റ്റീനയുടെ (78) ജീവിതം കേൾക്കണം, കണ്ണീർ പടർന്ന ആ ജീവിതത്തെക്കുറിച്ച് അറിയണം. ആരോഗ്യ വകുപ്പിൽ 6 വർഷം മാത്രം ജോലി ചെയ്ത ക്രിസ്റ്റീന, ഇളയ മകളുടെ ഹൃദയത്തിലെ തകരാർ പരിഹരിക്കുന്നതിന് വിദേശ ചികിത്സ ലഭ്യമാക്കാൻ, മുൻകൂർ അപേക്ഷ നൽകി അവധിയെടുത്ത് ദുബായിലേക്കു പോയി. അവധി‍ക്കുള്ള തുടർ അപേക്ഷയും നൽകി. എന്നാൽ തുടർഅപേക്ഷ ലഭിച്ചിട്ടില്ലെന്ന കാരണത്താൽ ക്രിസ്റ്റീനയെ ആരോഗ്യ വകുപ്പ് സർവീസിൽ പുനഃപ്രവേശിപ്പിച്ചില്ല. സർവീസ് കാലാവധി അവസാനിക്കാൻ രണ്ടു വർഷം ബാക്കി നിൽക്കെ പിരിച്ചു വിട്ടു. ഗുരുതര രോഗങ്ങൾക്ക് ചികിത്സയിലായ ക്രിസ്റ്റീന‍യ്ക്ക് പെൻഷനും നിഷേധിച്ചു. ആരോഗ്യവകുപ്പിന്റെ അവഗണന‍യെക്കുറിച്ച് ക്രിസ്റ്റീന പറയുന്നു...

‘‘മെഡിക്കൽ കോളജിൽ റേഡിയോഗ്രാഫറായിരിക്കെ (ഗ്രേഡ് 2), 1976 ഏപ്രിൽ 6 നാണു ദുബായിലേക്കു പോയത്. അവധി അനുവദിച്ചെന്ന് ഉറപ്പാക്കിയ ശേഷമാണ് പുറപ്പെട്ടത്. ആദ്യഘട്ടത്തിൽ 5 വർഷത്തേക്കാണു വിദേശത്തേക്കു പോയത്. തുടർ അ‍വധിക്കുള്ള അപേക്ഷകൾ 1981 ഏപ്രിൽ 4, 1986 ഫെബ്രുവരി 20 തീയതികളിൽ മേലധികാരിയായ മെഡിക്കൽ കോളജ് സൂപ്രണ്ടിന് അയച്ചു കൊടുത്തിരുന്നു. വിദേശത്തുനിന്നു ഫോണിൽ സൂപ്രണ്ട് ഓഫിസിലേക്കു വിളിച്ച് അവധി അനുവദിച്ചിട്ടുണ്ടെന്നും ഉറപ്പാക്കി. 

‘‘1992 ഓഗസ്റ്റ് 14 ന് തിരികെ ജോലിയിൽ പ്രവേശിക്കാൻ അപേക്ഷിച്ചെങ്കിലും തുടർ അവധിക്കു‍ള്ള അപേക്ഷകൾ ലഭിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി സർവീസിൽ പുനഃപ്രവേശിപ്പിച്ചില്ല. സൂപ്രണ്ടിന്റെ റിപ്പോർട്ടിനെ തുടർന്നായിരുന്നു ഇത്. ഹൈക്കോടതി ഇടപെട്ടപ്പോൾ 1994 ഏപ്രിൽ 24 ന് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് കുറ്റാരോപിത മെമ്മോ നൽകി. 1981 ഏപ്രിൽ 6 മുതൽ അനധികൃതമായി ജോലിക്കു ഹാജരാകാ‍ത്തതിനു സർവീസിൽനിന്നു പിരിച്ചു‍വിടാതിരിക്കാൻ വിശദീകരണം തേടി, 97 സെപ്റ്റംബർ 23 ന് കാരണം കാണിക്കൽ നോട്ടിസും നൽകി. അവധി അപേക്ഷ നിരസിച്ചിട്ടുണ്ടെന്നു 96 മേയ് 5 ന് അറിയിച്ചിട്ടുണ്ടെന്നും നോ‍ട്ടിസിൽ പരാമർശിച്ചിരുന്നു.

‘‘സൂപ്രണ്ട് ഓഫിസിലെ രേഖകൾ പരിശോധിച്ചും ബന്ധപ്പെട്ടവരെ ചോദ്യം ചെയ്തും ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടെങ്കിലും അവഗണിച്ചു. റൂൾ 15 പ്രകാരമുള്ള അന്വേഷണം നടത്തുകയോ കണ്ടെത്തലുകൾ അടങ്ങുന്ന റിപ്പോർട്ട് ലഭ്യമാക്കുകയോ ചെയ്തില്ല. സർവീസ് കാലാവധി 99 ജൂൺ 30ന്  അവസാനിക്കാനിരിക്കെ നടപടി പൂർത്തീകരിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ, 1981 ഏപ്രിൽ 6 മുതൽ എന്ന മുൻകാല പ്രാബല്യത്തോടെ എന്നെ സർവീസിൽനിന്നു പിരിച്ചു വിട്ടു. 

കോടതി ഉത്തരവിട്ടിട്ടും മുഖം തിരിച്ച് സർക്കാർ

‘‘പിരിച്ചു വിട്ടതിനെതിരെ അപ്പീൽ നൽകിയെങ്കിലും, 81 ഏപ്രിൽ 6 മുതൽ തുടർഅവധി‍ക്കുള്ള അപേക്ഷ അയച്ചിരുന്നു എന്നതിന്റെ തെളിവു ഹാജരാക്കാൻ കഴിയാത്തതിന്റെ കാരണം ചൂണ്ടിക്കാട്ടി നിരസിച്ചു. വർഷങ്ങൾക്കു മുൻപുള്ള ഐഎസ്ഡി കോൾ രേഖകളുടെ രസീതും വിദേശ തപാൽ ഓഫിസിൽനിന്നുള്ള രേഖകളും ഹാജരാക്കാൻ കഴിഞ്ഞില്ല. മെഡിക്കൽ കോളജ് തപാൽ ഓഫിസിലെ രേഖകളും കണ്ടെടുക്കാ‍നായില്ല. ഹൈക്കോടതിയെ വീണ്ടും സമീപിച്ചു. സർവീസിൽനിന്നു പിരിച്ചു വിട്ടത് നടപടിക്രമങ്ങൾ പാലിക്കാതെ‍യാണെന്നും റൂൾ 15 പ്രകാരം അന്വേഷണം നടത്തിയില്ലെന്നും, കാരണം കാണിക്കൽ നോട്ട‍ിസിനൊപ്പം അന്വേഷണ റിപ്പോർട്ട് നൽകിയില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

‘‘ഇതേ കാരണത്താൽ, സർവീസിൽനിന്നു പിരിച്ചു വിടാൻ നോ‍ട്ടിസ് നൽകിയിരുന്ന 2 സഹപ്രവർത്തകരുടെ അപേക്ഷ വാങ്ങി അവധി ക്രമപ്പെടുത്തി ഇതിനിടെ സർവീസിൽ പ്രവേശിപ്പിച്ചു. പിരിച്ചു വിട്ട നടപടി വിവേചനപരമാണെന്നും അപ്പീലിൻ‍മേലുള്ള ഉത്തരവ് റദ്ദാക്കിയ തീരുമാനം സർക്കാർ പുനഃപരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടെങ്കിലും എന്റെ അപ്പീൽ നിരസിച്ചു. 

‘‘അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഹർജി നൽകിയപ്പോൾ, നിയമവിരുദ്ധമായ പിരിച്ചു വിടൽ ‘ബാഡ് ഇൻ ലോ’ എന്നു രേഖപ്പെടുത്തി 2005 നവംബർ 15 ലെ സർക്കാർ ഉത്തരവ് റദ്ദാക്കി, പിരിച്ചുവിടലി‍നെതിരെ 4 മാസത്തിനകം പുതിയ അപ്പീൽ തീർപ്പാക്കാനും ഉത്തരവിട്ടു. എന്നാൽ 15 മാസത്തിനു ശേഷമാണ് അന്വേഷണത്തിന് ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടറെ (വിജിലൻസ്) ചുമതലപ്പെടുത്തിയത്.  കാരണം കാണിക്കൽ നോ‍ട്ടിസ് നൽകി 25 വർഷത്തിനു ശേഷവും പിരിച്ചുവിടൽ ഉത്തരവുണ്ടായി 24 വർഷത്തിനു ശേഷവുമാണ് അന്വേഷണം. അപ്പീൽ തീർപ്പാക്കണമെന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് അടിയന്തരമായി നടപ്പാക്കണമെന്നും പെൻഷൻ അനുവദിക്കണമെന്നും അഭ്യർഥിച്ച് ഏപ്രിൽ 18 ന് സർക്കാരിനെ സമീപിച്ചെങ്കിലും അത് അവഗണിച്ചു. ആരോഗ്യ മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പുനഃപരിശോധനാ ഹർജി നൽകിയെങ്കിലും ഫലമുണ്ടായില്ല. 

പെൻഷ‍നെങ്കിലും അനുവദിക്കുമോ?

‘‘അവധി അപേക്ഷകൾ മെഡിക്കൽ കോളജ് സൂപ്രണ്ട് ഓഫിസിലെ ചിലർ മുക്കുകയായിരുന്നു. വിദേശത്തുനിന്ന് ആവശ്യപ്പെട്ട സാധനങ്ങൾ നൽകാത്തതിന്റെ പ്രതികാരമാണിത്. രണ്ടു മക്കളാണ് എനിക്ക്. 2 വർഷം മുൻപ് ഇളയ മകൾ മരിച്ചു. മൂത്ത മകൾ അധ്യാപികയാണ്. സർക്കാർ സർവീസിൽനിന്നു വിരമിച്ച ഭർത്താവ് സെൽ‍ദോർ മാത്രമാണ് ഇപ്പോൾ എന്റെ ആശ്രയം. 1992 ഓഗസ്റ്റ് 14 മുതൽ തിരികെ സർവീസിൽ പ്രവേശിപ്പിച്ചിരുന്നു‍വെങ്കിൽ 7 വർഷം കൂടി എനിക്ക് സർവീസ് കാലയളവു കിട്ടുകയും പെൻഷന് അർഹയാ‍വുകയും ചെയ്യുമായിരുന്നു. ഈ കാലയളവു കൂടി കണക്കാക്കി പെൻഷ‍നെങ്കിലും എനിക്ക് അനുവദിക്കുമോ? മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കനിയുമോ?.’’

പെൻഷൻ അനുവദിക്കാൻ കഴിയില്ല: ആരോഗ്യ വകുപ്പ്

അവധിക്ക് അപേക്ഷിക്കുന്നതിനും അവധി നീട്ടുന്നതിനും സർക്കാർ നിശ്ചയിച്ച നടപടിക്രമങ്ങളിൽ ക്രിസ്റ്റീന ഗുരുതര വീഴ്ച വരുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നും അതിനാൽ പെൻഷൻ അനുവദിക്കാൻ കഴിയില്ലെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

English Summary: Health department denies pension and allowance to Christina

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA