ADVERTISEMENT

ഇന്ത്യയുടെ അടിത്തറയെന്നതു ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നീ മൂല്യങ്ങളാണെന്നു ലോക്സഭ മുൻ സെക്രട്ടറി ജനറലും മലയാളിയുമായ പി.ഡി.ടി. ആചാരി. ‘‘ഏറ്റവും വലിയ ജനാധിപത്യ രാജ്യമായാണ് ലോകത്തിനു മുന്നിൽ ഇന്ത്യ അറിയപ്പെടുന്നത്. ഈയൊരു ജനാധിപത്യ വ്യവസ്ഥിതി ഇവിടെ വേരോടാൻ കാരണം ജവാഹർലാൽ നെഹ്‌റുവാണ്. പലയാളുകളും ഇക്കാര്യം വിസ്‍മരിക്കുകയാണ്. ഒരു തലമുറയും മറന്നുപോകരുതാത്ത കാര്യമാണിത്. ‍മതേതരത്വം എന്നതിനെ ചിലയാളുകൾ ഇന്ന് ആക്ഷേപഹാസ്യം പോലെയാണു കണക്കാക്കുന്നത്. മതേതരത്വം എന്നതു വെറുമൊരു വാക്കല്ല. മതേതരത്വം രാജ്യത്തു നടപ്പാക്കാൻ ശ്രമിച്ച രാഷ്ട്രീയ പ്രസ്ഥാനംതന്നെ അതേപ്പറ്റി കാര്യമായൊന്നും പറയുന്നില്ല. വികസനോന്മുഖ ഭരണത്തേക്കാൾ രാഷ്ട്രീയത്തിനാണു പലപ്പോഴും പാർട്ടികൾ ശ്രദ്ധ കൊടുക്കുന്നത്. പാർട്ടിയെ വളർത്താനാണു ശ്രമം. വികസനപരമായ അജൻഡയുണ്ടെങ്കിൽ നാടിന്റെ വികസനം തീർച്ചയായും നടന്നിരിക്കും. ജനങ്ങളുടെ പൊതുവായ വികസനം ശ്രദ്ധിക്കുന്ന പാർട്ടികൾക്ക് കേന്ദ്രത്തിൽ വ്യത്യസ്ത കക്ഷിയെന്നതു തടസ്സമുള്ള കാര്യമല്ല. മറ്റുള്ളവർ പറയുന്നതു കേൾക്കാനും അതിൽനിന്നു പാഠമുൾക്കൊള്ളാനും കഴിയുന്ന മനഃസ്ഥിതിയുണ്ടെങ്കിലേ ജനാധിപത്യം വിജയിക്കൂ’’– ആചാരിയുടെ വാക്കുകൾ. 

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ ആഘോഷിക്കുന്ന വേളയിൽ മനോരമ ഓൺലൈനിന്റെ അഭിമുഖ പരമ്പരയിൽ തന്റെ വീക്ഷണങ്ങളും നിലപാടുകളും പങ്കുവയ്ക്കുകയാണ് ഈ ദീർഘ സംഭാഷണത്തിൽ പി.ഡി.ടി. ആചാരി.

∙ രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വർഷം പൂർത്തിയാകുന്നു. ലോകത്തിനു മുന്നിൽ ഇന്ത്യ എങ്ങനെയാണു സ്വയം അടയാളപ്പെടുത്തുന്നത്?

മതേതര, ജനാധിപത്യ, റിപ്പബ്ലിക് ആയാണ് നമ്മുടെ ഭരണഘടന രാജ്യത്തെ വിഭാവനം ചെയ്തിരിക്കുന്നത്. ഈ ഒരാശയത്തെ മൂർത്തരൂപമാക്കി മാറ്റിയത് പണ്ഡിറ്റ് ജവാഹർലാൽ നെഹ്‍‌റു, ഡോ. ബി.ആർ.അംബേദ്കർ തുടങ്ങിയ പ്രഗൽഭരായ വ്യക്തികളാണ്. ഇന്ത്യ മതേതര, ജനാധിപത്യ, റിപ്പബ്ലിക് ആയി വളർന്നുവരണമെന്നതു നെഹ്‌റുവിന്റെ കാഴ്ചപ്പാടായിരുന്നു. അതിനുവേണ്ട എല്ലാ വ്യവസ്ഥകളും നമ്മുടെ ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇന്ത്യ ആധുനിക രാഷ്ട്രമായി വളർന്നുവരണം എന്നതായിരുന്നു ലക്ഷ്യം. രാജ്യത്തെ നാനാമുഖമായ വികസനങ്ങളുടെ അടിത്തറയിട്ടതു നെഹ‌്‌റുവാണ്. ശാസ്ത്രം, ബഹിരാകാശം, വ്യവസായം, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ എല്ലാ മേഖലകളിലും ഇന്ത്യ വളർന്നു മറ്റു ലോകരാജ്യങ്ങൾക്കൊപ്പം നിൽക്കണമെന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ ചെയ്തത്. നെഹ്റു പാകിയ അടിസ്ഥാനത്തിന്റെ, വികസനത്തിന്റെ ഫലം നാം ഇപ്പോൾ അനുഭവിക്കുകയാണ്. ഇതിന്റെ മുകളിലാണു രാജ്യത്തെ സർവ വികസനവും നടന്നിട്ടുള്ളത്.

വ്യാവസായിക, കാർഷിക വികസനങ്ങൾ മാറ്റിവച്ചാൽ, മതേതര ജനാധിപത്യ റിപ്പബ്ലിക് ആയി ഇന്ത്യ വളർന്നുവന്നു എന്നതാണു നെഹ്റുവിന്റെ ഏറ്റവും വലിയ സംഭാവന. അതുതന്നെയാണ് ഇന്ത്യയുടെ പ്രത്യേകതയും. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായാണ് ലോകത്തിനു മുന്നിൽ ഇന്ത്യ അറിയപ്പെടുന്നത്. ജനാധിപത്യ രാജ്യങ്ങളുടെ കണക്കെടുത്താൽ, ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമാണ് നമ്മുടേത്. ഈയൊരു ജനാധിപത്യ വ്യവസ്ഥിതി ഇവിടെ വേരോടാൻ കാരണം നെഹ്‌റുവാണ്; പലയാളുകളും ഇക്കാര്യം വിസ്‍മരിക്കുന്നു. ഒരു തലമുറയും മറന്നുപോകരുതാത്ത കാര്യമാണിത്. നമ്മുടെ അടിത്തറ തന്നെ ഈ ആശയമാണ്.

ശാസ്ത്രീയ പുരോഗതിയിൽ അദ്ദേഹം ശ്രദ്ധിച്ചു. ‘സയന്റിഫിക് ടെംപർ’ എന്ന് കൂടെക്കൂടെ പറയുമായിരുന്നു. ഭക്രാനംഗൽ അണക്കെട്ട് ഉദ്ഘാടനം ചെയ്ത സമയത്തു പറഞ്ഞത്, ആധുനിക ഇന്ത്യയുടെ ആരാധനാസ്ഥലങ്ങളാണ് ഇതൊക്കെ എന്നാണ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാട് അങ്ങനെയായിരുന്നു. ഇങ്ങനെയുള്ള കാഴ്ചപ്പാടാണു നമ്മുടെ രാജ്യത്തെ നയിച്ചത്. ധാരാളം പ്രശ്നങ്ങളുണ്ടെങ്കിലും രാജ്യം വികസനത്തിന്റെ പാതയിൽത്തന്നെയാണ്. വികസ്വര രാഷ്ട്രമായാണ് ഇന്ത്യയെ മറ്റുള്ളവർ കണക്കാക്കുന്നത്. നമ്മുടെ സമ്പദ്‍വ്യവസ്ഥ വികസിക്കുന്നുണ്ട്. ഇവിടെയുള്ള പ്രശ്നങ്ങൾ കാലാകാലങ്ങളായി ഭരിക്കുന്ന സർക്കാരുകളുടെ പ്രവർത്തനഫലമായി സൃഷ്ടിക്കപ്പെട്ടതാണ്.

nehru-gandhi
ജവാഹർ‌ലാൽ നെഹ്റുവും മഹാത്മാ ഗാന്ധിയും (ഫയൽ ചിത്രം)

∙ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ സ്വാതന്ത്ര്യസമര സേനാനികളുടെ പിൻതലമുറ നയിക്കുമ്പോൾ കാണുന്ന പ്രകടമായ വ്യത്യാസങ്ങളെന്താണ്?

നമ്മുടെ പുതിയ തലമുറയ്ക്കു സ്വാതന്ത്ര്യ സമരത്തെക്കുറിച്ചോ അതു നയിച്ച ഗാന്ധിജി ഉൾപ്പെടെയുള്ള സമരസേനാനികളെക്കുറിച്ചോ നെഹ്‌റുവിന്റെ ദർശനത്തെക്കുറിച്ചോ ഒന്നുംതന്നെ വ്യക്തമായ കാഴ്ചപ്പാടില്ല. നമ്മുടെ വിദ്യാഭ്യാസ രീതിയുടെ കുഴപ്പം കൊണ്ടായിരിക്കാം ഇത്. രാജ്യത്തിന്റെ പൂർവചരിത്രത്തെക്കുറിച്ചു വലിയ പിടിപാടില്ലാത്തവരാണു പുതിയ തലമുറ. പുതുതലമുറയിൽ പലരും ‘മോശം സ്വാധീനത്തിന്റെ’  ഇരകളാകുന്നുണ്ട്. നമ്മുടെ മനസ്സ് സങ്കുചിതമായി മാറുന്നോയെന്നാണു സംശയം. സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജി ‌രാജ്യത്തെ ജനങ്ങളെയെല്ലാം ഒരുമിപ്പിച്ചിരുന്നു. വൈകാരികമായ ഒരുമിപ്പിക്കലായിരുന്നു അത്. വൈകാരികൈക്യം ഉണ്ടാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഈ രാജ്യത്തെ ജനങ്ങളെല്ലാം ഒന്നാണ്, ആരും ഭിന്നരല്ല എന്ന ആശയത്തിലൂന്നി വികാരപരമായ ഒരുമ സൃഷ്ടിക്കാൻ ഗാന്ധിജിക്കു സാധിച്ചു.

അന്നുണ്ടാക്കിയ വൈകാരികൈക്യം ഇന്നു നഷ്ടപ്പെടുന്നോ എന്നു സംശയമുണ്ട്. മതത്തിന്റെയും മറ്റും അടിസ്ഥാനത്തിൽ ജനങ്ങൾ വിഭജിക്കപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നു. ഇടുങ്ങിയ, വിഭാഗീയ ചിന്താഗതി ശക്തിപ്പെടുന്നു. ഇതര മതത്തിനെ ഒതുക്കാനുള്ള പ്രവണതയുൾപ്പെടെ ഇപ്പോൾ കൂടുതലായി കാണാനുണ്ട്. നെഹ്‍റു ഉൾപ്പെടെയുള്ളവർ കാണിച്ചുതന്ന പാതയിൽനിന്ന് ഇന്ത്യൻ സമൂഹം മാറുന്നോ എന്ന സംശയമുണ്ട്. ആശങ്കയോടെയാണ് ഇതിനെ കാണുന്നത്. മതേതരത്വത്തിന്റെ പാതയിൽനിന്നു നമുക്കു മാറാൻ സാധ്യമല്ല. ഇക്കാര്യം പുതുതലമുറയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. തികച്ചും മതേതരത്വത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇന്ത്യയ്ക്കു നിലനിൽക്കാൻ കഴിയൂ. ഭരണകൂടത്തിനു മതമില്ല എന്നതാണു മതേതരത്വത്തിന്റെ അടിസ്ഥാനം. ഭരണകൂടം ഒരു മതത്തെയും പ്രോത്സാഹിപ്പിക്കുന്നില്ല എന്നുള്ളതാണത്.

br-ambedkar-family
ഡോ. ബി.ആർ.അംബേ‌‍‌ദ്‌കർ കുടുംബത്തോടൊപ്പം (ഫയൽ ചിത്രം)

പല മതങ്ങളുള്ള രാജ്യമാണിത്. ഒരു മതരാഷ്ട്രമായി മാറിയാൽ, ഒരു മതത്തിനു പ്രാമുഖ്യവും മറ്റു മതങ്ങൾക്കു രണ്ടാംതരം പദവിയും കൊടുക്കുന്ന സംവിധാനമാകും അത്. അങ്ങനെ വന്നാൽ രാജ്യത്തിന്റെ വൈകാരിക ഐക്യം നഷ്ടപ്പെട്ടുപോകും. ജനങ്ങൾക്ക് ഒന്നിക്കാൻ പറ്റാതെ വരും. ഐക്യത്തിന്റെ അടിസ്ഥാനത്തിൽ സമൂഹത്തിനും രാജ്യത്തിനും പുരോഗതി കൈവരിക്കാൻ കഴിയാത്ത അവസ്ഥയാകും. മതരാഷ്ട്രമെന്നതു പ്രായോഗികമായി നടപ്പാക്കാൻ സാധിക്കുന്ന കാര്യമല്ല. മതേതരത്വത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ രാജ്യത്തിനു മുന്നോട്ടുപോകാനാകൂ, നിലനിൽപുള്ളൂ എന്ന തിരിച്ചറിവ് പുതുതലമുറയ്ക്ക് ഉണ്ടാകണം. പുതിയ തലമുറ ചില ഇടുങ്ങിയ ചിന്താഗതികളുടെ ഇരകളായി മാറുന്നുണ്ട്. ഇത്തരം ചിന്തകൾ അവരുടെ മനസ്സിൽ പ്രഭാവം ചെലുത്തുന്നുണ്ട് എന്നതു സത്യമാണ്. അത് അപകടത്തിലേക്കു വഴി തെളിക്കുന്നതാണ്. ആ അപകടത്തിൽനിന്നു രക്ഷപ്പെടണമെങ്കിൽ, യുവതലമുറയുടെ മനസ്സിൽ മതേതരത്വ ആശയം വേരൂന്നിയേ പറ്റൂ.

∙ പുതുതലമുറയെ മതേതര ചിന്താഗതിയിൽനിന്നു വഴിമാറ്റാൻ രാഷ്ട്രീയ നേതൃത്വം ശ്രമിക്കുന്നുണ്ടോ? ഇക്കാര്യത്തിൽ രാഷ്ട്രീയ പാർട്ടികൾക്ക് എന്തെല്ലാം ചെയ്യാനാകും?

അങ്ങനെയൊരു ചിന്താഗതി നമ്മുടെ നാട്ടിൽ വളർന്നുവരുന്നതായിട്ടാണു കാണുന്നത്. മതത്തിന്റെ അടിസ്ഥാനത്തിൽ ഈ സമൂഹം വിഭജിക്കപ്പെടുന്നു എന്നൊരു തോന്നലുണ്ടാകുന്നുണ്ട്. ന്യൂനപക്ഷ മതവിശ്വാസികളുടെ മനസ്സിൽ ഭയാശങ്കകളുണ്ട്. ഭൂരിപക്ഷ മതത്തിന്റെ അക്രമാത്മക സ്വഭാവം കൂടിക്കൂടി വരുന്നതും കാണുന്നു. ഇതിന്റെ രാഷ്ട്രീയവശങ്ങളെക്കുറിച്ചു കൂടുതൽ പറയുന്നില്ല. ഇതുപക്ഷേ സമൂഹത്തിന് ആപൽക്കരമാണ് എന്നു പറയാതിരിക്കാൻ നിവൃത്തിയില്ല. ഈ രാജ്യം ഒരുമിച്ചു നിൽക്കേണ്ടത് ആവശ്യമാണ്. രാജ്യത്തിന്റെ ഐക്യത്തെ പരിരക്ഷിക്കാൻ ഓരോ പൗരനും പ്രതിജ്ഞാബദ്ധമാണ്. നമ്മൾ വളരണം, വികസിക്കണം, മറ്റു രാജ്യങ്ങളുടെ മുൻപിലെത്തണം എന്നതു നമ്മുടെ സ്വപ്നമാണ്. ആ സ്വപ്നം സാക്ഷാൽക്കരിക്കപ്പെടണമെങ്കിൽ രാജ്യം ഒന്നിച്ചുനിന്നേ പറ്റൂ. 

നമ്മളെല്ലാം ഒന്നാണ് എന്ന ഐക്യബോധം ജനങ്ങൾക്കിടയിൽ ഉണ്ടാകണം. ആരും ആരേക്കാളും മെച്ചമല്ല, ആരും ആരേക്കാളും മോശമല്ല, എല്ലാവരും ഒരുപോലെയാണ് എന്ന ചിന്താഗതി നമ്മുടെ മനസ്സിൽ വളർന്നുവന്നേ പറ്റൂ. ഈ ചിന്ത വളർത്തിയെടുക്കുക എന്നതാണു രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ദൗത്യം. പക്ഷേ, ആ ദൗത്യം നിറവേറ്റാൻ നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കൊന്നിനും കഴിയുന്നില്ലെന്നതു പരിതാപകരമാണ്. എല്ലാവരും അവരവരുടേതായ അജൻഡകൾ കൊണ്ട്, കൊച്ചുകൊച്ചു രാഷ്ട്രീയം കളിച്ച് മുന്നോട്ടുനീങ്ങുന്നു എന്നേയുള്ളൂ. ആർക്കും ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടില്ലാതെ മുന്നോട്ടുപോകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. 

indian-independence
ഇന്ത്യയുടെ ദേശീയപതാക.

∙ ഭിന്നതകളെല്ലാം മറന്ന്, ഇന്ത്യക്കാരിൽ വൈകാരികമായ ഐക്യം ഉറപ്പിക്കുന്നതിനു മുന്നിൽനിന്ന വ്യക്തിയാണ് ഗാന്ധിജി. നമ്മുടെ രാജ്യത്തിന് എത്രമാത്രം പ്രധാനപ്പെട്ട ശക്തിസ്രോതസ്സാണ് ഗാന്ധിജി?

ഗാന്ധിജിയുടെ എല്ലാ ആശയങ്ങളും പ്രായോഗികമായി നടപ്പാക്കാൻ പറ്റാത്തതാണ്. അപ്പോഴും ഗാന്ധി പറഞ്ഞ ഒരു കാര്യം പ്രത്യേകമായി ഓർമിക്കേണ്ടതുണ്ട്. ‘രാഷ്ട്രീയവും മതവും ഒരിക്കലും യോജിക്കാൻ പാടില്ല. രാഷ്ട്രീയം വേറെ, മതം വേറെ. മതത്തിനെ രാഷ്ട്രീയത്തിൽ കലർത്തരുത്’ എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. വളരെ ദീർഘവീക്ഷണത്തോടെ പറഞ്ഞതാണിത്. ഇത്രയധികം മതങ്ങളും വൈവിധ്യങ്ങളുമുള്ള ഈ രാജ്യത്ത് അതാപത്താണെന്ന് അദ്ദേഹം മനസ്സിലാക്കി. മതത്തിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയം നടത്താൻ പോയാൽ, അതു രാജ്യത്ത് അന്തഃഛിദ്രം വളർത്തുകയും ഐക്യം തകർക്കുകയും ചെയ്യുമെന്നു ഗാന്ധിജിക്ക് അറിയാമായിരുന്നു. മതങ്ങളുടെ അതിപ്രസരം, രാഷ്ട്രീയത്തിൽ മതങ്ങൾക്കുള്ള സ്വാധീനം എന്നിവ കുറച്ചുകൊണ്ടുവരികയാണു വാസ്തവത്തിൽ വേണ്ടത്.

Gandhiji
ഗാന്ധിജി (ഫയൽ ചിത്രം)

ഇത്രയധികം മതങ്ങളുള്ള രാജ്യത്ത്, മതത്തെ രാഷ്ട്രീയത്തിലേക്കും തിരിച്ചും കൊണ്ടുവരുന്നതു ജനങ്ങൾ തമ്മിൽ വിഘടിക്കാനും ഐക്യം തകരാനും കാരണമാകും. അതിനാലാണ്, ദീർഘവീക്ഷണമുള്ള ആളുകൾ രാജ്യം ഏതു വഴിയാണു പോകേണ്ടതെന്നു നേരത്തേ തീരുമാനിച്ചത്. മതേതരത്വം എന്നതിനെ ചിലയാളുകൾ ഇന്ന് ആക്ഷേപഹാസ്യം പോലെയാണു കണക്കാക്കുന്നത്. മതേതരത്വം എന്നതു വെറുമൊരു വാക്കല്ല. മതേതരത്വം രാജ്യത്തു നടപ്പാക്കാൻ ശ്രമിച്ച രാഷ്ട്രീയ പ്രസ്ഥാനംതന്നെ അതേപ്പറ്റി കാര്യമായൊന്നും പറയുന്നില്ല. എന്റെ അഭിപ്രായത്തിൽ, ഇന്ന് ഏറ്റവുമധികം ഭീഷണി നേരിടുന്നത് മതേതരത്വം എന്ന ആശയമാണ്. കൂടുതൽ പ്രചാരം കൊടുത്ത്, മതേതരത്വത്തെപ്പറ്റി ജനങ്ങളിലെ ചിന്താക്കുഴപ്പം മാറ്റിയെടുക്കേണ്ടതാണ്. സംഘടിതമായ പ്രചാരണം തന്നെ ഇതിനാവശ്യമാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇതു ദൗത്യമായിക്കണ്ട്, ക്യാംപസുകളിലും ജനങ്ങൾക്കിടയിലും പ്രവർത്തിക്കേണ്ടതുണ്ട്. യുവാക്കളുടെ മനസ്സ് മാറിപ്പോയിരിക്കുന്നു. യുവാക്കൾ കൂടുതൽക്കൂടുതൽ മതാത്മക ചിന്തയിലേക്കു മാറിക്കൊണ്ടിരിക്കുകയാണ്. അതൊരിക്കലും പാടില്ല. രാജ്യത്തിന്റെ ഭാവി എന്തായിരിക്കണമെന്നും മതേതരത്വം നഷ്ടപ്പെടുത്തരുത് എന്നുമുള്ള ചിന്തകൾ യുവാക്കളുടെ മനസ്സിൽ ഉറപ്പിക്കണം. 

∙ ചൂടേറിയതും കാമ്പുള്ളതുമായ ആശയങ്ങളുടെ ചർച്ചാവേദികളായിരുന്നു നമ്മുടെ നിയമനിർമാണ സഭകൾ. ഇപ്പോൾ ചർച്ചകളുടെ ഗൗരവം കുറയുകയും ബഹളമയമാകുകയും പരസ്പരമുള്ള ആക്ഷേപങ്ങളാവുകയും ചെയ്യുന്നുവെന്നു വിമർശനമുണ്ട്. ഇതെങ്ങനെയാണു രാജ്യത്തെ ബാധിക്കുക?

രാഷ്ട്രീയത്തിൽ പുതുതായി വന്ന ജീർണതയുടെ ഭാഗമാണിത്. ഒരുഭാഗത്ത് സർക്കാരുകൾ നിഷ്ക്രിയരായി മാറുന്നു. അങ്ങനെ വരുമ്പോൾ പ്രതിപക്ഷം ആക്രമസ്വഭാവമുള്ളവരാകും. 40-50 വർഷങ്ങളായി ദേശീയ രാഷ്ട്രീയം നിരീക്ഷിക്കുന്നയാളാണ് ഞാൻ. ധാരാളം മാറ്റങ്ങൾ ഇക്കാലത്തിനിടെ വന്നിട്ടുണ്ട്. പാർലമെന്റിലും നിയമസഭകളിലും ആരോഗ്യപരമായ ചർച്ചകൾ നടക്കുന്ന കാലമുണ്ടായിരുന്നു. വിഷയങ്ങളെക്കുറിച്ച് ആഴത്തിൽ പഠിച്ചാണ് അംഗങ്ങൾ ചർച്ചകളിൽ പങ്കെടുത്തിരുന്നത്. പാർലമെന്റിലൊക്കെ അത്യുത്കൃഷ്ടമായ ചർച്ചകൾ നടക്കുന്ന കാലഘട്ടമുണ്ടായിരുന്നു. എൺപതുകളുടെ അവസാനത്തോടെയാണ് ആ സ്ഥിതി മാറിയത്. പിന്നെ രാഷ്ട്രീയം മറ്റൊരു പാതയിലേക്കു മാറുകയായിരുന്നു. ഇക്കാലത്താണു രാഷ്ട്രീയ പാർട്ടികളിൽ ശക്തരായ നേതാക്കൾ വന്നത്. അധികാരം സ്വന്തം കയ്യിൽ കേന്ദ്രീകരിക്കാൻ പ്രവണതയുള്ളവരായിരുന്നു ഇവർ. ‘പഴ്സനാലിറ്റി കൾട്ട്’ സൃഷ്ടിക്കാൻ താൽപര്യമുള്ളവർ. ഇത്തരക്കാർ ഓരോ പാർട്ടിയുടെയും നേതൃത്വത്തിൽ വന്നപ്പോൾ, രാഷ്ട്രീയത്തിന്റെ ഭാവം മാറി. വ്യക്തിക്കു ചുറ്റും പാർട്ടി നിലകൊള്ളുന്ന സാഹചര്യമായി. 

പി.ഡി.ടി. ആചാരിയുടെ മകൻ രാഹുലിന്റെ വിവാഹ സൽക്കാരത്തിനെത്തിയ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് (ഫയൽ ചിത്രം)
പി.ഡി.ടി. ആചാരിയുടെ മകൻ രാഹുലിന്റെ വിവാഹ സൽക്കാരത്തിനെത്തിയ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് (ഫയൽ ചിത്രം)

ശക്തരായ നേതാക്കൾ അധികാരത്തിൽ വരുമ്പോൾ പിന്നെ നിയമസഭയും പാർലമെന്റുമൊക്കെ ദുർബലമാകുന്ന കാഴ്ചയാണു കാണുന്നത്. ഒരുകാലത്ത്, പാർലമെന്റ് എന്തുപറയുന്നു എന്നറിയാൻ ജനങ്ങൾക്ക് ആഗ്രഹമുണ്ടായിരുന്നു. പാർലമെന്റിനു സ്വന്തമായ മനസ്സുണ്ടായിരുന്നു, കാഴ്ചപ്പാടുണ്ടായിരുന്നു. വ്യത്യസ്ത പാർട്ടിക്കാരാണെങ്കിലും പാർലമെന്റ് സംവിധാനത്തിൽ അവർക്കെല്ലാം കൂട്ടായ്മയുടെ അഭിപ്രായമുണ്ടായിരുന്നു. ശക്തരായ നേതാക്കൾ വന്നതോടെ മനോഭാവം മാറി, അധികാരം കയ്യടക്കിത്തുടങ്ങി. സമീപനത്തിൽ അടിസ്ഥാനമാറ്റമുണ്ടായി. അങ്ങനെയായപ്പോൾ പാർലമെന്റിന്റെ മനസ്സ് നഷ്ടപ്പെട്ടുതുടങ്ങി. പിന്നെ, ഭരണപക്ഷം–പ്രതിപക്ഷം എന്ന അവസ്ഥ മാത്രമായി മാറി. നെഹ‌്റുവിന്റെ കാലത്ത് അങ്ങനെയായിരുന്നില്ല. പ്രതിപക്ഷം അത്ര ശക്തമല്ലാതിരുന്നിട്ടും, പാർലമെന്ററി സംവിധാനം വളർത്തിയെടുക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. അദ്ദേഹം സഭയിൽ ദിവസവും വരികയും ചർച്ചകൾ ശ്രദ്ധിക്കുകയും പ്രതിപക്ഷത്തിന് എന്താണു പറയാനുള്ളതെന്നു കേൾക്കുകയും ചെയ്യുമായിരുന്നു.

ചോദ്യങ്ങൾക്കു മന്ത്രിമാർ മറുപടി പറയുമ്പോൾ അതിലെന്തെങ്കിലും തെറ്റുണ്ടെങ്കിൽ നെഹ്‌റു തിരുത്തും. പ്രധാനമന്ത്രി സഭയിൽ മുഴുവൻ സമയം വന്നിരിക്കേണ്ടതില്ല. എന്നാൽ പാർലമെന്ററി സംവിധാനം ശക്തമാകണം എന്ന ആഗ്രഹത്തിലാണ് അദ്ദേഹം സഭയിൽ വന്നിരുന്നത്. ശക്തമായി വിമർശിച്ചാൽപോലും പ്രതിപക്ഷ നേതാക്കളെ നെഹ്‌റു കാണുകയും അനുമോദിക്കുകയും ചെയ്യുമായിരുന്നു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയ് ഒരിക്കൽ പറഞ്ഞ കാര്യം പ്രശസ്തമാണ്. നെഹ്റുവിനെ നിശിതമായി വിമർശിച്ച് വാജ്‍പേയ് സഭയിൽ പ്രസംഗിച്ചു. അതിനുശേഷം പാർലമെന്റിന്റെ ലോബിയിൽ നെഹ്റുവും വാജ്പേയിയും കാണുകയുണ്ടായി. ഒന്നാന്തരം പ്രസംഗമായിരുന്നു താങ്കളുടേത് എന്ന് വാജ്പേയിയെ നെഹ്റു അനുമോദിച്ചു. അത്തരമൊരു മനസ്സും വിശാലതയുമാണു ജനാധിപത്യത്തിന്റെ അടിസ്ഥാനം. മറ്റുള്ളവർ പറയുന്നതു കേൾക്കാനും അതിൽനിന്നു പാഠമുൾക്കൊള്ളാനും കഴിയുന്ന മനഃസ്ഥിതിയുണ്ടെങ്കിലേ ജനാധിപത്യം വിജയിക്കൂ. ഞാൻ പറയുന്നതാണു ശരി, നിങ്ങൾ പറയുന്നതെല്ലാം തെറ്റ‌്; എനിക്കു ഭൂരിപക്ഷമുണ്ട്, നിങ്ങളെ ആവശ്യമില്ല എന്നു ചിന്തിക്കുന്ന മനോഭാവമുണ്ടെങ്കിൽ‌ ജനാധിപത്യം വളരില്ല. 

∙ തന്നെ വിമർശിച്ച വാജ്പേയിയെ അഭിനന്ദിക്കാനുള്ള ഹൃദയവിശാലത നെഹ്റുവിനുണ്ടായിരുന്നു എന്നു പറഞ്ഞല്ലോ. ഇപ്പോൾ, പക്ഷേ, വിമർശനങ്ങളെ വ്യക്തിപരമായി കാണുന്ന അവസ്ഥയില്ലേ?

നേരത്തേ പറഞ്ഞ രാഷ്ട്രീയ–ചിന്താഗതിയിലെ വ്യതിയാനത്തിന്റെ ഭാഗമാണിത്. നെഹ്‌റുവും ഗാന്ധിജിയും കാണിച്ചുതന്ന പാതയിലൂടെയൊന്നുമല്ല നമ്മൾ ഇപ്പോൾ പോകുന്നത്. പ്രതിപക്ഷത്തെ കേൾക്കാനും അവർ‌ പറയുന്നതിൽനിന്നു പാഠമുൾക്കൊള്ളാനും പലപ്പോഴും ഭരിക്കുന്ന കക്ഷികൾ തയാറാകുന്നില്ല. റൂസ്സോ പണ്ടു പറഞ്ഞിട്ടുണ്: ‘താങ്കൾ പറയുന്നതിനോടു ഞാൻ യോജിക്കുന്നില്ല. പക്ഷേ താങ്കൾക്കതു പറയാനുള്ള അവകാശത്തിനുവേണ്ടി ഞാൻ മരിക്കാൻ തയാറാണ്’. അതാണു ജനാധിപത്യത്തിന്റെ അടിസ്ഥാനം. 

അടൽ ബിഹാരി വാജ്‌പേയി
അടൽ ബിഹാരി വാജ്‌‍‌പേയി (ഫയൽ ചിത്രം)

∙ Union of States എന്നാണല്ലോ കേന്ദ്ര സർക്കാരിന്റെ നിർവചനം. ഫെഡറലിസമാണ് ഇന്ത്യയുടെ ആത്മാവും. ഫെഡറലിസത്തിന്റെ ശക്തി ചോർത്താനുള്ള ശ്രമങ്ങളുണ്ടെന്ന പ്രതിപക്ഷ വിമർശനങ്ങളെ എങ്ങനെ കാണുന്നു?

ഇന്ത്യ എന്നത് യൂണിയൻ ഓഫ് സ്റ്റേറ്റ്സ് ആണെന്നാണു ഭരണഘടനയിൽ പറയുന്നത്. ഇന്ത്യ ഒരു ഫെഡറൽ രാജ്യമാണ്. പക്ഷേ, പൂർണ ഫെഡറലിസമല്ല നമ്മുടേത്. ഒരുപാട് സവിശേഷതകളുള്ള ഫെഡറലിസമാണ്. കേന്ദ്ര സർക്കാരിനു കൂടുതൽ അധികാരങ്ങൾ കൊടുത്തുകൊണ്ടുള്ള സംവിധാനം. അതോടൊപ്പം സംസ്ഥാനങ്ങൾക്കു സ്വന്തമായി നിയമങ്ങളുണ്ടാക്കാനും ഭരണം നടത്താനുമുള്ള അധികാരങ്ങളുണ്ടുതാനും. അപ്പോഴും പരമാധികാരം കേന്ദ്രത്തിനു കൊടുത്തുകൊണ്ടുള്ള ഭരണസംവിധാനമാണു രാജ്യത്തുള്ളത്. ഭരണഘടനയിൽത്തന്നെ അതിനുള്ള വ്യവസ്ഥകൾ ധാരാളമുണ്ട്. ആർട്ടിക്കിൾ 355–ാം അനുച്ഛേദത്തിൽ പറയുന്നത്, സംസ്ഥാനങ്ങളെ അന്തഃഛിദ്രത്തിൽനിന്നും വൈദേശികാക്രമണത്തിൽനിന്നും രക്ഷിക്കാനും ഭരണഘടനയനുസരിച്ചു ഭരണനടത്തിപ്പിൽ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനുള്ള ഏർപ്പാടുകൾ ചെയ്യാനും കേന്ദ്ര സർക്കാരിനു ബാധ്യതയുണ്ട് എന്നാണ്. സംസ്ഥാനങ്ങളെയെല്ലാം സംരക്ഷിക്കാനുള്ള ബാധ്യത കേന്ദ്ര സർക്കാരിനുള്ള രീതിയിലാണു ഭരണഘടന വ്യവസ്ഥ ചെയ്തിരിക്കുന്നത്.

പി.ഡി.ടി. ആചാരി പാർലമെന്റ് മന്ദിരത്തിനു മുന്നിൽ. ചിത്രം: മനോരമ
പി.ഡി.ടി. ആചാരി പാർലമെന്റ് മന്ദിരത്തിനു മുന്നിൽ. ചിത്രം: മനോരമ

ആർട്ടിക്കിൾ 256, 257 എന്നിവ പ്രകാരം കേന്ദ്ര നിയമങ്ങൾ‌ നടപ്പാക്കണമെന്നു സംസ്ഥാനങ്ങളോടു നിർദേശിക്കാൻ കേന്ദ്രത്തിന് അവകാശമുണ്ട്. പ്രതിസന്ധിയുണ്ടാകുമ്പോൾ ഒരു സംസ്ഥാനത്തിന്റെ ഭരണം ഏറ്റെടുക്കാൻ കേന്ദ്രത്തിന് അധികാരം നൽകുന്നതാണ് ആർട്ടിക്കിൾ 356. അടിയന്തരാവസ്ഥ ഏർപ്പെടുത്താനുള്ള അധികാരവും കേന്ദ്രത്തിനുണ്ട്. നിയമനിർമാണ അവകാശം എന്നുപറയുന്നത് മൂന്നു ലിസ്റ്റുകളിലായാണ്- യൂണിയൻ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, കൺകറന്റ് ലിസ്റ്റ്. പല കാര്യങ്ങളും കേന്ദ്രത്തിന്റെ മാത്രം അധികാരപരിധിയിൽ വരുന്നതും ചില കാര്യങ്ങൾ സംസ്ഥാനങ്ങളുടെ പരിധിയിലുള്ളതും വേറെ ചിലതിൽ രണ്ടു കൂട്ടർ‌ക്കും നിയമനിർമാണം നടത്താവുന്നതുമാണ്. സംസ്ഥാനവും കേന്ദ്രവും ഒരേ വിഷയത്തിൽ നിയമമുണ്ടാക്കിയാൽ, കേന്ദ്രത്തിന്റേതു വിപുലമായ നിയമമാണെങ്കിൽ അതു മാത്രമാകും പ്രാബല്യത്തിൽ വരിക. അപ്പോൾ സംസ്ഥാനത്തിന്റെ നിയമം നടപ്പിലാക്കാൻ സാധിക്കില്ല. കൺകറന്റ് ലിസ്റ്റിലെ വിഷയങ്ങളിൽ സംസ്ഥാനങ്ങൾ നിയമമുണ്ടാക്കിയാൽ, അത് കേന്ദ്ര നിയമത്തിന്റെ വ്യവസ്ഥയ്ക്ക് ഏതെങ്കിലും തരത്തിൽ എതിരാണെങ്കിൽ, നടപ്പിലാക്കാനാവില്ല. കൺകറന്റ് ലിസ്റ്റിലെ വിഷയങ്ങളിൽ സംസ്ഥാനത്തുണ്ടാക്കിയ നിയമം റദ്ദാക്കാനുള്ള അധികാരവും കേന്ദ്രത്തിനുണ്ട്. 

ഇങ്ങനെ കൂടുതൽ അധികാരം കേന്ദ്രത്തിന് കൊടുക്കാൻ കാരണമുണ്ട്. ഭരണഘടന തയാറാക്കുമ്പോൾ രാജ്യം ഗുരുതരമായ പ്രശ്നങ്ങൾ നേരിട്ട സമയമായിരുന്നു. രാജ്യത്തിന്റെ വിഭജനം, അതിന്റെ ഭാഗമായുള്ള മനുഷ്യക്കുരുതി, നിലനിൽപിനു ഭീഷണിയായ സംഭവവികാസങ്ങൾ എന്നിവ അപ്പോഴുണ്ടായിരുന്നു. അന്നത്തെ അവസ്ഥയിൽ രാജ്യത്തെ ഒരുമിച്ചു നിർത്തണമെങ്കിൽ കേന്ദ്രത്തിനു കൂടുതൽ അധികാരം വേണമെന്ന് ഭരണഘടനാ നിർമാതാക്കൾക്കു തോന്നി. ഐക്യമുള്ള രാജ്യമായിരുന്നില്ല അപ്പോൾ ഇന്ത്യ. 500–600 നാട്ടുരാജ്യങ്ങളും ബ്രിട്ടന്റെ പ്രവിശ്യകളും എല്ലാം ചേർന്നതായിരുന്നു രാജ്യം. നാട്ടുരാജ്യങ്ങൾ എന്നു പറഞ്ഞാൽ രാജ്യങ്ങൾ തന്നെയായിരുന്നു. അവയെയെല്ലാം ഒരുമിപ്പിക്കുന്നതിനു കേന്ദ്രത്തിനു കൂടുതൽ അധികാരങ്ങൾ നൽകിയേ പറ്റൂവെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു സംവിധാനമുണ്ടാക്കിയത്. 

∙ സ്വാതന്ത്ര്യത്തിന്റെ ആദ്യകാലങ്ങളിൽ പൊതുവേ കേന്ദ്രത്തിലും ഭൂരിഭാഗം സംസ്ഥാനങ്ങളിലും കോൺഗ്രസോ സഖ്യകക്ഷികളോ ആണു ഭരിച്ചിരുന്നത്. ഇപ്പോൾ ആ രീതിക്കു മാറ്റം വന്നു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളും കൂടി. വ്യത്യസ്ത കക്ഷികൾ നേതൃത്വം  നൽകുന്ന സർക്കാരുകൾ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും വരുന്നത് നാടിന്റെ വികസനത്തെ ബാധിക്കുമോ?

വികസനത്തെ അത്രയൊന്നും ബാധിക്കേണ്ട കാര്യമില്ല. തമിഴ്‌നാട്ടിലാണെങ്കിൽ അറുപതുകൾ മുതൽ ഡിഎംകെയും എഐഎഡിഎംകെയും ആണല്ലോ മാറിമാറി ഭരിക്കുന്നത്. വികസനത്തിന്റെ കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളേക്കാൾ മുന്നിലാണു തമിഴ്നാട്. ഉത്തർപ്രദേശിന്റെ കാര്യമെടുത്താൽ, ഒരു പാർട്ടിയാണു കാലങ്ങളോളം കേന്ദ്രത്തിലും സംസ്ഥാനത്തിലും ഭരിച്ചിരുന്നത്. ഇപ്പോഴും ഒരു പാർട്ടി തന്നെയാണല്ലോ രണ്ടിടത്തും. യുപിയിൽ ജനങ്ങൾക്കു മതിയായ ആശുപത്രി സൗകര്യങ്ങളില്ല, മരുന്നില്ല, വെള്ളമില്ല, വൈദ്യുതിയില്ല തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾ നിലനിൽക്കുന്നു. മനുഷ്യവികസന സൂചിക എടുത്താൽ മിക്ക കാര്യങ്ങളിലും യുപി വളരെ താഴ്ന്ന നിലയിലാണ്. വികസനോന്മുഖ സർക്കാരുകളേക്കാൾ രാഷ്ട്രീയത്തിനാണു പലപ്പോഴും ഭരണനേതൃത്വങ്ങൾ ശ്രദ്ധ കൊടുക്കുന്നത്. ഒരുപാടു വിട്ടുവീഴ്ചകൾ, കൈകടത്തലുകൾ, മത–ജാതി വിഭാഗങ്ങളുടെയും വർഗീയ ഗ്രൂപ്പുകളുടെയും ഇടപെടൽ എന്നിവ പല സംസ്ഥാനങ്ങളിലുമുണ്ട്.

M Karunanidhi, J Jayalalithaa
തമിഴ്‌നാട് മുൻ മുഖ്യമന്ത്രിമാരായ കരുണാനിധിയും ജയലളിതയും (ഫയൽ ചിത്രം)

ഭരിക്കുന്ന പാർട്ടികൾക്കു വികസനോന്മുഖ അജ‍ൻഡ എന്നതു പിൻസീറ്റിലായിരിക്കും. രാഷ്ട്രീയത്തിനാണു പ്രാധാന്യം. പാർട്ടിയെ വളർത്താനാണു ശ്രമിക്കുന്നത്. അജൻഡയുണ്ടെങ്കിൽ വികസനം തീർച്ചയായും നടന്നിരിക്കും. കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും രാഷ്ട്രീയ പാർട്ടികളാണല്ലോ ഭരിക്കുന്നത്. ജനങ്ങളുടെ പൊതുവായ വികസനം ശ്രദ്ധിക്കുന്ന പാർട്ടികൾക്കു കേന്ദ്രത്തിലെ വ്യത്യസ്ത കക്ഷിയെന്നതു തടസ്സമല്ല. കേരളത്തിൽ വ്യാവസായിക വികസനം അത്രയേറെ നടക്കില്ല. ഏതു മേഖലയാണ് നമുക്കു പ്രധാനമെന്ന് ആലോചിച്ചു കണ്ടെത്തണം. ധാരാളം സാധ്യതകളുള്ളതാണു ടൂറിസം. യൂറോപ്പിൽ പോയി കണ്ടുപഠിക്കേണ്ടതാണ് ടൂറിസം വികസനം. നിസ്സാരമായ സ്ഥലങ്ങൾപോലും മോടിപിടിപ്പിച്ച് വലിയ ടൂറിസം കേന്ദ്രങ്ങളായി മാറ്റുന്നതു നേരിട്ടു കണ്ടിട്ടുണ്ട്. അതിൽ 10 ശതമാനം സാധ്യത മാത്രമേ കേരളം ഉപയോഗിച്ചിട്ടുള്ളൂ എന്നാണു കണക്ക്. ഇങ്ങനെ സാധ്യതയുള്ള മേഖലകൾ കണ്ടെത്തി നാട്ടിൽ വികസനം കൊണ്ടുവരുന്നതിൽ തടസ്സമെന്താണെന്ന് എനിക്കു മനസ്സിലായിട്ടില്ല.

kerala-tourism
കേരളത്തിലെ വഞ്ചിവീട് (ഫയൽ ചിത്രം)

∙ സ്വാതന്ത്ര്യത്തെ മൂല്യവത്താക്കുന്നതു ഭരണഘടനയാണ്. ഈ ഭരണഘടനയിൽ പൊളിച്ചെഴുത്തുണ്ടാകുമോ എന്ന ചർച്ച സജീവമാണ്. ഭരണഘടനയുടെ സംരക്ഷണം എത്രമാത്രം പ്രാധാന്യമർഹിക്കുന്നു?

72 വർഷത്തിനിടയ്ക്കു 105 തവണ ഭരണഘടന ഭേദഗതി ചെയ്തിട്ടുണ്ട്. നിശ്ചലമായതല്ല, ചലനാത്മകമായ ഡോക്യുമെന്റ് ആണ് ഭരണഘടന എന്നതാണ് ഇതിനർഥം. കാലത്തിന്റെ ആവശ്യങ്ങളനുസരിച്ചു ഭരണഘടനയിൽ ഭേദഗതി വരുത്തേണ്ടതാണ്. അപ്പോഴും ഓർക്കേണ്ട ചില മൂല്യങ്ങളുണ്ട്. മതേതരത്വം, തുല്യത, നീതി തുടങ്ങിയ സങ്കൽപങ്ങൾ/മൂല്യങ്ങൾ കാലങ്ങൾക്ക് അതീതമാണ്. ഭരണഘടനയിലെ ഈ മൂല്യങ്ങൾ ഒരിക്കലും മാറ്റാൻ പറ്റുന്നതല്ല. കേശവാനന്ദഭാരതി കേസിൽ സുപ്രീംകോടതി പറഞ്ഞതും അതാണ്. ജനാധിപത്യം, മതേതരത്വം, റിപ്പബ്ലിക്, ഫെഡറലിസം, നിയമവാഴ്ച തുടങ്ങിയവയാണു നമ്മുടെ ഭരണഘടനയുടെ അടിസ്ഥാനഘടകങ്ങൾ. ഈ അടിസ്ഥാനഘടനയിൽ ഒരു കാലത്തും ഭേദഗതി വരുത്താൻ പാടില്ലെന്ന് സുപ്രീംകോടതി നിഷ്കർഷിച്ചിട്ടുണ്ട്.

പാർലമെന്റ് മന്ദിരം. ചിത്രം: മനോരമ
പാർലമെന്റ് മന്ദിരം. ചിത്രം: മനോരമ

മതരാഷ്ട്രമെന്ന സങ്കൽപത്തിനു ശക്തി കൈവരുന്ന കാലഘട്ടമായതിനാലാണ് ആശങ്കയ്ക്കു കാരണം. ഇന്ത്യ മതരാഷ്ട്രമായി മാറണം എന്നു വിശ്വസിക്കുന്ന പാർട്ടി അധികാരത്തിലിരിക്കുന്ന സമയമാണിത്. അതിനാലാണു ന്യൂനപക്ഷം ഉൾപ്പെടെയുള്ള ജനങ്ങളുടെയിടയിൽ ഭയാശങ്കയുള്ളത്. ലോക്സഭയിലും രാജ്യസഭയിലും ഭൂരിപക്ഷമുണ്ടെങ്കിൽ ഭരണഘടനയിൽ ഭേദഗതി വരുത്താമെന്നതാണ് ആശങ്കയ്ക്കു കാരണം. അപ്പോഴും അടിസ്ഥാന ഘടകങ്ങളിൽ മാറ്റം വരുത്താനാകില്ലെന്നാണു സുപ്രീംകോടതിയുടെ 13 അംഗ ബെഞ്ച് തീരുമാനിച്ചത്. പുതുതായി 15 അംഗ ബെഞ്ച് ചേർന്ന്, ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളിൽ മാറ്റം വരുത്താനാകില്ലെന്ന ആശയം എടുത്തുകളഞ്ഞാൽ, നേരത്തേയുള്ള വിധിന്യായത്തിന് പ്രാബല്യമില്ലെന്നു പറഞ്ഞാൽ, തീർന്നു. പിന്നെ പാർലമെന്റിനു ഭരണഘടന യഥേഷ്ടം മാറ്റിയെടുക്കാം. ഇതിനുള്ള സാധ്യതയില്ലെന്നു പറയാനാകില്ല. ഭേദഗതി വരുത്താം, ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ മാറ്റാനാകില്ല എന്നതാണ് ഇന്നത്തെ സ്ഥിതി.

∙ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടുള്ള വ്യക്തിപരമായ ഓർമകളും അനുഭവങ്ങളും പങ്കുവയ്ക്കുമോ?

രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടുന്നതിനു രണ്ടു വർഷം മുൻപാണു ഞാൻ ജനിച്ചത്. അതിനാൽ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഓർമകളൊന്നുമില്ല. അന്ന് ഇന്ത്യയുടെ ദേശീയഗാനത്തിനു പകരം, തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ദേശീയഗാനമായ ‘വഞ്ചിഭൂമിപതേ ചിരം സഞ്ചിതാഭം ജയിക്കേണം...’ എന്നായിരുന്നു സ്കൂളിൽ ചൊല്ലിയിരുന്നത്. ഇന്ത്യ റിപ്പബ്ലിക് ആയതോടെ രാജ്യത്തിന്റെ ദേശീയഗാനം എല്ലായിടത്തുമെത്തി. ഇതാണ് ഓർമയിലുള്ളത്, സ്വാതന്ത്ര്യത്തിനു മുൻപുള്ള അവസ്ഥ കണ്ടിട്ടില്ലല്ലോ.

∙ മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ സവിശേഷതകളും പരിഹരിക്കേണ്ട അപാകതകളും എന്തെല്ലാമാണ്? 

ജനാധിപത്യ സമ്പ്രദായം നമ്മൾ ബലപ്പെടുത്തണം. അതിനുപകരം ദുർബലപ്പെടുത്തുന്ന രീതിയാണ് ഇപ്പോൾ കാണുന്നത്. ജനങ്ങൾക്കു സർക്കാരിനെ വിമർശിക്കാൻ അധികാരമുണ്ട്. ആ വിമർശനം രാജ്യദ്രോഹമായി കണക്കാക്കാൻ തുടങ്ങിയാൽ വലിയ അപകടം വരുത്തിവയ്ക്കും. ജനങ്ങളുടെ സ്വാതന്ത്ര്യത്തിന്റെയും മൗലികാവകാശങ്ങളുെടയും മേലുണ്ടാകുന്ന കടന്നാക്രമണം കൂടിക്കൂടി വരുന്നുണ്ട്. ഇതാണു വലിയ വെല്ലുവിളി. എന്തിന്റെ പേരിലായാലും പൗരന്മാരുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്താനുള്ള പ്രവണത രാജ്യത്തെ ഭരണകൂടങ്ങൾക്കുണ്ട്. നെഹ്‍‌റുവിന്റെ കാലഘട്ടത്തിൽ മാത്രമാണ് അതില്ലാതിരുന്നത്. അതിനുശേഷം വന്ന മിക്കവാറും ഭരണകൂടങ്ങൾക്കെല്ലാം ഈയൊരു പ്രശ്നമുണ്ട്. മറ്റു രാജ്യങ്ങൾക്ക് ഇന്ത്യയെക്കുറിച്ചുള്ള ബഹുമാനവും മതിപ്പും കുറയ്ക്കാൻ പോന്ന അവസ്ഥയാണിത്.

∙ പ്രകടനപരതയുള്ള, ബിംബങ്ങളാൽ ആഘോഷിക്കപ്പെടുന്ന ‘പ്രച്ഛന്ന ജനാധിപത്യം’ (Pseudo Democracy) ഇപ്പോൾ കൂടുതലായി കണ്ടുവരുന്നു. ഇതു രാജ്യത്തെ ഏതുതരത്തിലാണു ബാധിക്കുക?

രാഷ്ട്രീയ പാർട്ടികളുടെ കാഴ്ചപ്പാടിലുണ്ടാകുന്ന വൈവിധ്യമാണത്. മതം പോലെയുള്ള കാര്യങ്ങളിലാണു പാർട്ടികളുടെ ഊന്നൽ. ഏറ്റവും എളുപ്പത്തിൽ മനുഷ്യനെ ആകർഷിക്കാൻ കഴിയുന്ന കാര്യം മതമാണ്. മതങ്ങൾക്കു പ്രാമുഖ്യവും സ്വാധീനവുമുള്ള രാജ്യമാണല്ലോ നമ്മുടേത്. മതങ്ങൾ സൃഷ്ടിച്ച അന്ധവിശ്വാസത്തിന്റെ വലയത്തിൽ ഇപ്പോഴും കിടക്കുകയാണ‌ു നാം. ഇവയെ യുക്തിപരമായി നോക്കിക്കാണാനുള്ള മാനസികാവസ്ഥ നമുക്കുണ്ടായിട്ടില്ല. മതത്തിന്റെ ഉപരിതലത്തിൽ മാത്രം നിലനിൽക്കുന്ന കാര്യങ്ങളെയാണ് നാം സ്വീകരിക്കുന്നത്. വളരെ ആഴത്തിലേക്കു പോയി മതത്തിന്റെ പോസ്റ്റീവായതും മനുഷ്യന്റെ ധാർമിക നിലവാരം ഉയർത്തുന്നതുമായ കാര്യങ്ങളെക്കുറിച്ചു നമ്മൾ ചിന്തിക്കാറില്ല. രാഷ്ട്രീയ പ്രവർത്തനത്തിന് ഉതകുന്ന നിലയിലുള്ള കാര്യങ്ങൾ മതത്തിൽനിന്നെടുക്കും. മതങ്ങളെ, മതവിശ്വാസങ്ങളെ, മതാചാരങ്ങളെ ഉയർത്തിപ്പിടിച്ച് അതാണ് മതം എന്ന തെറ്റിദ്ധാരണ ജനങ്ങളുടെ മനസ്സിലുണ്ടാക്കും.

Dr-Rajendra-Prasad
ഡോ. രാജേന്ദ്ര പ്രസാദ് (ഫയൽ ചിത്രം)

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഉപാധിയായാണു മതങ്ങളെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കൊണ്ടുനടക്കുന്നത്. രാഷ്ട്രത്തലവന്മാരായാലും പ്രധാനമന്ത്രിമാരായാലും മറ്റു ഭരണത്തലവന്മാരായാലും അവരെല്ലാം അവരവരുടെ മതങ്ങളുടെ ആചാരങ്ങളിൽ പൂർണമായി പങ്കുകൊണ്ട്, മതവിശ്വാസികളുടെ മനസ്സിൽ നല്ല അഭിപ്രായമുണ്ടാക്കും. പണ്ട്, ഗുജറാത്തിലെ സോമനാഥ് ക്ഷേത്രം പ‌ുനരുദ്ധരിച്ചതിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതി രാജേന്ദ്ര പ്രസാദിനു ക്ഷണം ലഭിച്ചിരുന്നു. ‘സോമനാഥ് ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് താങ്കള്‍ പങ്കെടുക്കുന്നത് ഉചിതമായി തോന്നുന്നില്ല. ഇത് ഒരു ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് പങ്കെടുക്കുന്നതിന്റെ വിഷയം മാത്രമല്ല. ഇതിന് മറ്റ് അർഥതലങ്ങള്‍ കൂടിയുണ്ട്. മതേതര ഇന്ത്യയ്ക്ക് തെറ്റായ സന്ദേശം നല്‍കും’ എന്നാണു രാജേന്ദ്ര പ്രസാദിനെഴുതിയ കത്തില്‍ നെഹ്റു അഭിപ്രായപ്പെട്ടത്. തീവ്രമായ മതവിശ്വാസം ഉണ്ടായിരുന്ന വ്യക്തിയായിരുന്നതിനാൽ നെഹ്‌റു പറഞ്ഞതു കേൾക്കാതെ രാജേന്ദ്ര പ്രസാദ് ചടങ്ങിൽ പങ്കെടുത്തു. ഉപരിതലത്തിൽ കിടക്കുന്ന ചിലതു മാത്രം പ്രകടിപ്പിക്കാനുള്ള പ്രവണതയാണിത്. ക്ഷേത്രമുണ്ടാക്കുന്നതാണ്, ആരാധനാ സ്ഥലം ഉണ്ടാക്കുന്നതാണു മതം എന്നു ജനങ്ങളെക്കൊണ്ടു വിശ്വസിപ്പിച്ച്, അതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണു പാർട്ടികൾ.

ജനാധിപത്യത്തിനു വളരെയേറെ അപകടമുണ്ടാക്കുന്ന കാര്യങ്ങളാണിത്. മതേതരത്വത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ രാജ്യത്തിനു ദീർഘകാലാടിസ്ഥാനത്തിൽ നിലനിൽക്കാൻ പറ്റൂ എന്ന കാഴ്ചപ്പാട് ജനങ്ങളിലുണ്ടാക്കേണ്ട ആവശ്യമുണ്ട്. നേരെ തിരിച്ചാണ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. സാമുദായിക മനോഭാവമുള്ളവരിൽ കൂടുതലും യുവാക്കളാണ്. അവരെയാണ് ഏറ്റവും കൂടുതൽ ഇളക്കിവിടാൻ പറ്റുന്നത്. ഉപനിഷത്ത് അടക്കമുള്ള മതഗ്രന്ഥങ്ങൾ, ബുദ്ധമതത്തിന്റെ കാഴ്ചപ്പാടുകൾ തുടങ്ങിയവയൊന്നും ബാധകമേയല്ല എന്ന രീതിയാണ്. മതങ്ങളു‍ടെ ധാർമികമായ ഉന്നത ചിന്താഗതികൾ മാറ്റിവച്ച്, ഉപരിതലത്തിൽനിന്നുകൊണ്ട് ചില ആചാരാനുഷ്ഠാനങ്ങൾ മാത്രമാണു മതം എന്നൊരു ധാരണ ജനങ്ങളുടെ മനസ്സിൽ വരുത്തുന്നു. ഇത്തരത്തിലുള്ള പ്രകടപരതയ്ക്കു രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളത്.

ചെങ്കോട്ട (ഫയൽ ചിത്രം)
ചെങ്കോട്ട (ഫയൽ ചിത്രം)

∙ ജനാധിപത്യം എന്നത് പരസ്പര ബഹുമാനത്തോടെയുള്ള കൊടുക്കൽവാങ്ങൽ കൂടിയാണല്ലോ. ഭരണസംവിധാനങ്ങൾക്കും രാഷ്ട്രീയ നേതൃത്വത്തിനുമപ്പുറം ജനാധിപത്യം ശക്തിപ്പെടുത്താൻ പൗരന് എത്രമാത്രം ഉത്തരവാദിത്തമുണ്ട്?

അത്തരമൊരു വിദ്യാഭ്യാസം നമുക്കില്ല. പൗരബോധമുള്ള സംസ്കാരവും നമുക്കില്ല. അതുണ്ടാക്കിയെടുക്കാൻ വിദ്യാഭ്യാസ സമ്പ്രദായത്തിനോ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കോ കഴിഞ്ഞിട്ടില്ല. മനുഷ്യരെ ഏറ്റവും കൂടുതലായി സ്വാധീനിക്കുന്ന രണ്ടു സംഗതികളാണു മതവും രാഷ്ട്രീയവും. ഇവ നെഗറ്റീവായ പാതയിലൂടെ സഞ്ചരിച്ചാൽ എന്തായിരിക്കും അവസ്ഥ? അതിന്റെ ഫലമാണു നമ്മൾ കാണുന്ന പ്രശ്നങ്ങളൊക്കെ. മാറിയിരുന്ന് അതിനെപ്പറ്റി ചിന്തിക്കാൻ നമുക്കു കഴിയുന്നില്ല. അതിന്റെ ചുഴിയിൽ പെട്ടിരിക്കുകയാണ്. ഒരു സമൂഹമാകെ ഈ ചുഴിയിൽ കിടന്നുകറങ്ങുമ്പോൾ അതിൽനിന്നു രക്ഷപ്പെടുകയെന്നതു വലിയ പ്രയാസമാണ്. ആ രീതിയിലൊരു ഉണർവ് രാജ്യത്തിനുണ്ടാകണം.

English Summary: PDT Achary on 75 years of Indian Independence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com