ADVERTISEMENT

നോയിഡ ∙ യുവതിയെ അപമാനിച്ചെന്ന കേസിൽ ആരോപണവിധേയനായ കിസാൻ മോർച്ച നേതാവ് ശ്രീകാന്ത് ത്യാഗി അറസ്റ്റിൽ. ബിജെപിയുടെ പോഷക സംഘടനയായ കിസാൻ മോർച്ചയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമെന്നാണു സമൂഹമാധ്യമങ്ങളിൽ ത്യാഗി സ്വയം വിശേഷിപ്പിക്കുന്നത്. എന്നാൽ, പാർട്ടിയുമായോ പോഷക സംഘടനകളുമായോ ത്യാഗിക്കു ബന്ധമില്ലെന്നാണു പ്രാദേശിക ബിജെപി നേതൃത്വത്തിന്റെ നിലപാട്.

ഒളിവിലിരിക്കെ, ഭാര്യയെയും അഭിഭാഷകനെയും ത്യാഗി കണ്ടുമുട്ടുന്ന സ്ഥലത്തെക്കുറിച്ചു പൊലീസിനു രഹസ്യവിവരം ലഭിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. അനധികൃത നിർമാണമെന്നു ചൂണ്ടിക്കാട്ടി നോയിഡ ഹൗസിങ് സൊസൈറ്റിയിലെ താമസക്കാരനായ ത്യാഗിയുടെ വീടിന്റെ ഒരു ഭാഗം ജില്ലാ ഭരണകൂടം പൊളിച്ചു നീക്കിയിരുന്നു. ത്യാഗിക്കെതിരെ കേസെടുത്തതിനു പിന്നാലെ പരാതിക്കാരിയായ യുവതിയുടെ മേൽവിലാസം തേടി നിരവധി ബിജെപി പ്രവർത്തകരാണു സ്ഥലത്തെത്തിയത്.

ത്യാഗിയുടെ അറസ്റ്റിനു മുൻപ്, ഇയാളുടെ ഭാര്യയെ രാവിലെ ആറോടെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബന്ധുക്കളും കസ്റ്റഡിയിലാണ്. പരാതിക്കാരിയുടെ താമസസ്ഥലത്തേക്ക് എത്തിയ ത്യാഗിയുടെ 6 അനുയായികളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച നോയിഡയിലായിരുന്നു കേസിനാസ്‌പദമായ സംഭവം. സെക്ടര്‍-93 ബിയിലെ ഗ്രാന്‍ഡ് ഒമാക്‌സ് സൊസൈറ്റിയില്‍ ത്യാഗിയും യുവതിയും തമ്മില്‍ തര്‍ക്കമുണ്ടായി. നോയിഡയിലെ സെക്ടർ 93 ബി സെക്ടറിലെ പാർക്കിനടുത്ത് ശ്രീകാന്ത് ത്യാഗി നട്ട മരവുമായി ബന്ധപ്പെട്ടായിരുന്നു വഴക്ക്.

പൊതുസ്ഥലം കയ്യേറിയാണ് ത്യാഗി മരം നട്ടതെന്നായിരുന്നു സ്ത്രീയടക്കമുള്ളവരുടെ പരാതി. 2019ല്‍ ത്യാഗി തന്റെ വീടിന്റെ ബാല്‍ക്കണി വലുതാക്കിയതെന്നും അപാർട്‌മെന്റിന്റെ കോമണ്‍ ലോണ്‍ ഏരിയയില്‍ തൈകള്‍ നട്ടുപിടിപ്പിച്ചിരുന്നതായും യുവതിയെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്‌തു. ത്യാഗി നട്ട മരം സുരക്ഷാഭീഷണി ഉയർത്തുന്നതായി യുവതി ഉൾപ്പെടെയുള്ളവർ പരാതിപ്പെട്ടു. മരം മുറിച്ചു നീക്കണമെന്നുമായിരുന്നു സ്ത്രീ ഉൾപ്പെടെയുള്ളവരുടെ ആവശ്യം.

മരത്തിൽ തൊട്ടാൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നു ഭീഷണി മുഴക്കിയതിനു ശേഷം ത്യാഗി കയ്യിൽ പിടിച്ചു വലിക്കുകയും പിടിച്ചു തള്ളുകയും ചെയ്‌തതായി സ്ത്രീ പരാതിപ്പെട്ടു. തന്നെയും ഭർത്താവിനെയും കുട്ടികളെയും വളരെ മോശം വാക്കുകൾ ഉപയോഗിച്ച് ത്യാഗി അധിക്ഷേപിച്ചുവെന്നും യുവതി പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിനു പിന്നാലെ ത്യാഗി ഒളിവിൽപോയിരുന്നു.

English Summary: 'BJP worker' Shrikant Tyagi, who assaulted Noida woman, held in UP's Meerut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com