ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ 23 വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യോനങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ജനവാസ മേഖലകളും കൃഷിയിടങ്ങളും പൊതു സ്ഥാപനങ്ങളും പരിസ്ഥിതി ലോല മേഖലയിൽനിന്ന് (ഇഎസ്‌സെഡ്) ഒഴിവാക്കാനായി കേന്ദ്രത്തിനു സമർപിച്ച ഭേദഗതി നിർദേശങ്ങൾക്ക് സർക്കാർ അംഗീകാരം നൽകി. വകുപ്പിന്റെ നടപടികൾക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി ഉത്തരവിറക്കിയതോടെ, ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ജനവാസമേഖല ഉൾപ്പെടെയുള്ള സ്ഥലം പരിസ്ഥിതി ലോല മേഖലയാക്കാനുള്ള 2019ലെ ഉത്തരവ് ഫലത്തിൽ റദ്ദാകും.

പരിസ്ഥിതി ലോല മേഖല സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കുന്നതിനു മുന്നോടിയായാണ് ഉത്തരവിറക്കിയത്. വിഷയത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് സുപ്രീംകോടതിയാണ്.

സംരക്ഷിത പ്രദേശങ്ങളുടെ അതിർത്തികളോടു ചേർന്നു കിടക്കുന്ന ഒരു കിലോമീറ്റർ വരെ പ്രദേശങ്ങളിൽ ആവശ്യമെങ്കിൽ ജനവാസമേഖലകളെ കൂടി ഉൾപ്പെടുത്തി പരിസ്ഥിതി ലോലമേഖലയാക്കുന്നതിന് 2019 ഒക്ടോബറിൽ സർക്കാർ അനുമതി നൽകിയിരുന്നു. പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് സംസ്ഥാന സർക്കാർ തയാറാക്കി സമർപിച്ച കരട് നിർദേശങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തപ്പോൾ ജനവാസമേഖലകൾ ഒഴിവാക്കണമെന്ന ആവശ്യമുയർന്നു. 2020ൽ വനംമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് ജനവാസമേഖലകളെ ഒഴിവാക്കാൻ തീരുമാനിച്ചു. പുതിയ നിർദേശങ്ങൾ കേന്ദ്ര സർക്കാരിനു സമർപ്പിച്ചു.

എന്നാൽ, സംരക്ഷിത വന മേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖല ഉണ്ടായിരിക്കണമെന്ന് ജൂൺ മൂന്നിനു സുപ്രീംകോടതി ഉത്തരവിട്ടു. ജനവാസ കേന്ദ്രങ്ങളിൽ പൂജ്യവും മറ്റു പ്രദേശങ്ങളിൽ ഒരു കിലോമീറ്ററുമായി പരിസ്ഥിതി ലോല മേഖല നിശ്ചയിക്കണമെന്ന കേരളത്തിന്റെ ശുപാർശ കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയിലിരിക്കെയാണ് കോടതി വിധിയുണ്ടായത്.

വ്യവസ്ഥകളിൽ പൊതു താൽപര്യം കണക്കിലെടുത്ത് ഇളവ് അനുവദിക്കാൻ കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയവും കേന്ദ്ര ഉന്നതാധികാര സമിതിയും നൽകുന്ന ശുപാർശയുടെ അടിസ്ഥാനത്തിൽ സുപ്രീംകോടതി തീരുമാനമെടുക്കുമെന്നും ഉത്തരവിലുണ്ടായിരുന്നു. ഉത്തരവ് ഒട്ടേറെ ജനവാസ മേഖലകളെ ബാധിക്കുമെന്ന് ഇതോടെ ആശങ്ക ഉയർന്നു. സംസ്ഥാനത്തെ പല വന്യജീവി സങ്കേതങ്ങൾക്കുള്ളിലും ചുറ്റുമായും ജനം താമസിക്കുന്നുണ്ട്. കോടതി ഉത്തരവിനെ തുടർന്ന് ഒഴിപ്പിക്കൽ നടപടികളിലേക്കു കടക്കേണ്ടി വന്നാൽ പ്രശ്നങ്ങൾക്കിടയാക്കുമെന്ന് സർക്കാര്‍ വിലയിരുത്തി.

ജനത്തെ ബാധിക്കാത്ത തരത്തിൽ പ്രശ്നപരിഹാരത്തിനു ശ്രമിക്കുന്നതായി സർക്കാർ നിയമസഭയെയും അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാരിനു സമർപ്പിച്ച ഭേദഗതി നിർദേശങ്ങൾ അംഗീകരിച്ച് ഉത്തരവിറക്കിയത്. വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കുന്നതിനു വനംവകുപ്പിനെ ചുമതലപ്പെടുത്തി.

English Summary: New order on buffer zone from Kerala government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com