ADVERTISEMENT

നിലമ്പൂർ ∙ ആദിവാസി വിദ്യാർഥികളിൽ പത്താം ക്ലാസ്സ് വിജയ ശതമാനത്തിൽ പ്രകടമായ കുറവു മറികടക്കാൻ പണിയഭാഷയിൽ വിഡിയോ പാഠഭാഗമൊരുക്കി നിലമ്പൂർ മാനവേദൻ വിഎച്ച്എസ്എസ്. ഈ സ്കൂളിലെ ഫിസിക്സ് അധ്യാപകൻ സുരേഷ് മാസ്റ്ററാണ് വേറിട്ട ഈ ആശയം നടപ്പാക്കിയത്. ശാസ്ത്രപാഠങ്ങൾ ഗോത്രഭാഷയിലേക്ക് മൊഴിമാറ്റാൻ ചുങ്കത്തറ പളളിക്കുത്ത് സ്വദേശിനിയും ഞെട്ടിക്കുളം ജവഹർ ഭാരതി ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡിഎഡ് വിദ്യാർഥിനി പി.എസ്. ശ്യാമിനി കൂടി പിന്തുണ നൽകിയതോടെയാണ് വിഡിയോ പാഠഭാഗങ്ങൾ ഒരുങ്ങിയത്. 

education-cd-paniya-language
സുരേഷ് മാസ്റ്ററും, പി.എസ്. ശ്യാമിനിയും.

 

കേരളത്തിലെ പല ആദിവാസി ഭാഷകളും അതിവേഗം അപ്രത്യക്ഷമാകുന്ന സാഹചര്യത്തിലാണ് ഈ ആശയത്തിന് മികവേറുന്നത്. കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗമാണ് പണിയർ. പണിയ ഭാഷയുടെ പദസമ്പത്തും പ്രൗഢമായ വാമൊഴി സാഹിത്യ സമ്പത്തും എടുത്തു പറയേണ്ട പ്രത്യേകതയും. ലിപി ഇല്ലാത്ത ഭാഷയായ പണിയ മലയാളത്തിന്റെ ഭാഷഭേദമായാണ്പൊതുവേ കണക്കാക്കുന്നതെങ്കിലും കന്നഡ, തുളു, തമിഴ്, കുടക് ഭാഷ പദങ്ങളും ഇതിൽ കടന്നുവരുന്നുണ്ട്. 

paniya-language-script
ശാസ്ത്രപാഠത്തിന്റെ മലയാളം സ്ക്രിപ്റ്റ് പണിയഭാഷയിലേക്കു മൊഴിമാറ്റിയപ്പോൾ.

 

cd-launch-paniya
സിഡി പ്രകാശനം സുരേഷ് മാസ്റ്റർക്കു നൽകി സമഗ്രശിക്ഷാ കേരള ബ്ലോക്ക് പ്രോജക്റ്റ് കോഓർഡിനേറ്റർ മനോജ് കുമാർ നിർവഹിച്ചപ്പോൾ.

പൊതുസമൂഹത്തിൽ പണിയർ മലയാളം സംസാരിക്കുമെങ്കിലും വീട്ടിലും കോളനിയിലും  ഭൂരിപക്ഷം പേരും ആശയവിനിമയത്തിന് പണിയ ഭാഷ തന്നെയാണ് ഉപയോഗിക്കുന്നത്.  ആദിവാസി വിദ്യാർഥി ക്ലാസ്സ് റൂമിൽ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഭാഷപരമായ ഈ വേർതിരിവ്. വടിവൊത്ത മലയാളത്തിലുള്ള പാഠഭാഗവതരണങ്ങൾ പല ആദിവാസി വിദ്യാർഥികൾക്കും പ്രയാസമുണ്ടാക്കുന്നതു മനസ്സിലാക്കിയാണ് അധ്യാപകൻ സുരേഷ് മാസ്റ്റർ പുതുവഴി തേടിയത്.

 

‘‘വളരെ എളുപ്പത്തിലും അനായാസമായും ആശയരൂപീകരണത്തിന് ഇത്തരം വിദ്യാർഥികളെ സഹായിക്കേണ്ടത് അവരുടെ സംസാര ഭാഷയിൽ പഠന ആശയങ്ങൾ ആവിഷ്കരിച്ചു കൊണ്ടാണ്. ഈ ശ്രമത്തിന്റെ ഭാഗമായാണ്  ശാസ്ത്ര പഠനം അനായാസമാക്കാൻ പത്താം ക്ലാസ്സ് ഊർജതന്ത്രത്തിലെ പ്രധാന ആശയങ്ങൾ പണിയ ഭാഷയിൽ അവതരിപ്പിച്ചത്.’’ – സുരേഷ് മാസ്റ്റർ പറഞ്ഞു.

 

മുൻ വർഷങ്ങളിൽ ഫിസിക്സ് ലളിതമായി അവതരിപ്പിക്കാൻ വിവിധ പഠന തന്ത്രങ്ങൾ ഈ അധ്യാപകൻ ആവിഷ്കരിച്ചിരുന്നു. തന്റെ സ്കൂളിലെ ആദിവാസി വിദ്യാർഥികളുടെ പ്രയാസം മനസ്സിലാക്കിയതാണ് പണിയഭാഷയിലെ വിഡിയോ പാഠഭാഗത്തിന് പ്രചോദനമായത്. നിലമ്പൂർ സ്വദേശിയാണ് സുരേഷ് മാസ്റ്റർ. നിലമ്പൂർ ബിആർസിയിലെ ചടങ്ങിൽ സമഗ്ര ശിക്ഷാ കേരള ബ്ലോക്ക് പ്രോജക്ട് കോഓർഡിനേറ്റർ മനോജ് കുമാർ പണിയഭാഷയിലെ പാഠങ്ങൾ ഉൾപ്പെടുത്തിയ സിഡിയുടെ പ്രകാശനം നിർവഹിച്ചു.

 

English Summary: Nilambur Manavedan VHSS launch education video in tribal language

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com