റേഷൻ വേണോ? പണം നൽകി ദേശീയ പതാക വാങ്ങണം; വിഡിയോ പങ്കിട്ട്, വിമർശിച്ച് വരുൺ ഗാന്ധി

1248-varun-gandhi
ബിജെപി എംപി വരുൺ ഗാന്ധി: ചിത്രം: ട്വിറ്റർ @varungandhi80
SHARE

ചണ്ഡിഗഡ്∙ ബിജെപി ഭരിക്കുന്ന ഹരിയാനയിലെ കർണാലിൽ ‘ഹർ ഘർ തിരംഗ’ (ഓരോ വീട്ടിലും ത്രിവർണ പതാക) ക്യാംപെയ്‌നിന്റെ ഭാഗമായി റേഷൻ കാർഡ് ഉടമകളെ ദേശീയ പതാക വാങ്ങാൻ നിർബന്ധിക്കുന്നതായി പരാതി.  ബിജെപിയുടെ യുപിയിലെ പിലിബിത്തിൽ  നിന്നുള്ള ലോക്സഭാ എംപി വരുൺ ഗാന്ധിയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ പങ്കിട്ട് പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ‘ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഓഗസ്റ്റ് 13 മുതൽ 15 വരെ ഹർ ഘർ തിരംഗ ക്യംപെയ്ന്‍ സംഘടിപ്പിക്കുന്നത്. 20 രൂപ നൽകി ദേശീയപതാക വാങ്ങാൻ തയാറായില്ലെങ്കിൽ ധാന്യത്തിന്റെ വിഹിതം നിഷേധിക്കുന്നതായാണ് പരാതി.

രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നത് ദരിദ്രർക്ക് ഭാരമായി മാറുകയാണെങ്കിൽ അത് നിർഭാഗ്യകരമാണെന്ന് വരുൺ ഗാന്ധി ട്വീറ്റ് ചെ‌യ്‌തു. ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ കുടികൊള്ളുന്ന ത്രിവർണ്ണ പതാകയുടെ വില ഒരു നേരത്തെ അന്നത്തിനു വേണ്ടി പോലും ബുദ്ധിമുട്ടുന്നവന്റെ ഭക്ഷണ വിഹിതത്തിൽ നിന്ന് ഈടാക്കുന്നത്  ലജ്ജാകരമാണെന്നു വരുൺ ഗാന്ധി വിമർശിച്ചു. ഹരിയാനയിലെ കർണാലിൽ നിന്നുള്ള പ്രാദേശിക ഓൺലൈൻ മാധ്യമമാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വിട്ടത്. 

വരുൺ ഗാന്ധി പങ്കുവച്ച വിഡിയോയിൽ ദേശീയപതാക വാങ്ങിയില്ലെങ്കിൽ റേഷൻ തരില്ലെന്ന് റേഷൻ കടയിലെ ജീവനക്കാരൻ പറഞ്ഞതായി ഒരാൾ പരാതിപ്പെടുന്നത് കാണാം. ഗത്യന്തരമില്ലാതെ 20 രൂപ നൽകി ദേശീയപതാക വാങ്ങുകയായിരുന്നുവെന്നു അദ്ദേഹം പറയുന്നു. ദേശീയപതാക വാങ്ങാത്തവർക്ക് റേഷൻ നൽകേണ്ടതില്ലെന്നു മുകളിൽ നിന്ന് തങ്ങൾക്ക് ഉത്തരവ് ഉണ്ടെന്നു ജീവനക്കാരൻ പറയുന്നത് വിഡിയോയിൽ വ്യക്‌തമാണ്. ഞങ്ങളോട് എന്താണ് മുകളിൽ നിന്ന് നിർദേശിച്ചത്, അതാണ് ചെയ്യുന്നത്– ജീവനക്കാരൻ പറഞ്ഞു. ദേശീയപതാക  അടിച്ചേൽപ്പിക്കുന്ന രീതിയെ കുറിച്ച് നിരവധി സ്ത്രീകളും പരാതി പറഞ്ഞു. 

വിഡിയോ വൈറലായതിനു പിന്നാലെ റേഷൻ വിതരണക്കാരന്റെ ലൈസൻസ് റദ്ദാക്കിയതായി ഡപ്യൂട്ടി കമ്മിഷണർ അനിഷ് യാദവ് മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങളുടെ സൗകര്യത്തിനു വേണ്ടിയാണ് റേഷൻ കടകൾ വഴി ദേശീയപതാക വിതരണം ചെയ്യുന്നതെന്നും ഇഷ്ടമുണ്ടെങ്കിൽ മാത്രം പണം നൽകി ദേശീയപതാക വാങ്ങിയാൽ മതിയെന്നും അനിഷ് യാദവ് പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങൾ ശ്രദ്ധയിൽപെട്ടാൽ അധികൃതരെ അറിയിക്കണമെന്നും ഡപ്യൂട്ടി കമ്മിഷണർ പറഞ്ഞു. 

‘ഹർ ഘർ തിരംഗ’ യുടെ ഭാഗമായി ഓഗസ്റ്റ് 13 മുതൽ 15 വരെ എല്ലാ വീടുകളിലും ത്രിവർണ പതാക ഉയർത്താനോ പ്രദർശിപ്പിക്കാനോ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. സമീപകാലത്ത് വിവിധ വിഷയങ്ങളിൽ പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന നിലപാടാണ് ബിജെപി എംപിയായ വരുൺ ഗാന്ധി സ്വീകരിക്കുന്നത്. വരുൺ അഗ്നിപഥ് പദ്ധതിക്കെതിരെ ശക്തമായ പ്രതിരോധം ഉയർത്തിയത് ബിജെപിയെ വെട്ടിലാക്കിയിരുന്നു. ബിജെപിയുടെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്ന എംപിക്കെതിരെ കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമർ ഉൾപ്പെടെയുള്ളവർ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. 

English Summary: Shameful: Varun Gandhi On No National Flag, No Ration Video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സ്നേഹിക്കാനല്ല മനുഷ്യന്‍ ഭൂമിയില്‍ പിറക്കുന്നത് | Shine Tom Chacko Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}