ADVERTISEMENT

തിരുവനന്തപുരം∙ കുറ്റം വെളിപ്പെടുത്താതെ സമൻസ് അയച്ച് വിളിപ്പിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി പൗരാവകാശ ലംഘനമാണെന്ന ആരോപണവുമായി മുൻ ധനമന്ത്രി തോമസ് ഐസക്. റിസർവ് ബാങ്കിന് ഇതുവരെ കണ്ടെത്താൻ കഴിയാത്ത എന്തു നിയമലംഘനമാണ് ഇഡി കണ്ടെത്തിയതെന്നു വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമായാണ് ഇഡി പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ പാപ്പരാക്കാനാണ് ബിജെപിയുടെ ശ്രമം. ഇഡിയുടെ സർക്കാർ വിരുദ്ധ നടപടികൾക്കെതിരെ നിയമപോരാട്ടവും ജനത്തെ അണിനിരത്തിയുള്ള പോരാട്ടവും തുടരുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

‘‘നേരിട്ട് ഹാജരാകാനുള്ള സമൻസ് റദ്ദാക്കണം, പിൻവലിക്കണം. ഇതാണ് എന്റെ ആവശ്യം. കാരണം വ്യക്തമാക്കിയാൽ നിയമാനുസൃതമായി പോകുന്നതിനു യാതൊരു എതിർപ്പുമില്ല. അതൊന്നും ചെയ്യാതെ ഏകപക്ഷീയമായി രണ്ട് സമൻസാണ് അയച്ചത്. ചെയ്ത കുറ്റമെന്താണെന്ന് രണ്ട് സമൻസിലും പറയുന്നില്ല. ഫെമ നിയമവുമായി ബന്ധപ്പെട്ടാണെന്ന് പറയുന്നു. ഞാൻ ഫെമ നിയമം ലംഘിച്ചോ? കിഫ്ബി ലംഘിച്ചിട്ടുണ്ടോ?’ – തോമസ് ഐസക് ചോദിച്ചു.

‘‘ഫെമ നിയമം ലംഘിച്ചിട്ടുണ്ടെന്നാണ് അവരുടെ നിലപാടെങ്കിൽ അക്കാര്യം ആദ്യം ചൂണ്ടിക്കാട്ടേണ്ടത് റിസർവ് ബാങ്കല്ലേ? ആർബിഐ അല്ലേ ഇതിന് എൻഒസി തന്നത്? ആർബിഐ അല്ലേ മസാലബോണ്ടുകളുടെ റജിസ്ട്രേഷൻ നമ്പർ തന്നത്? അതിനുശേഷം മൂന്നു വർഷവും ഇതുമായി ബന്ധപ്പെട്ട് ആർബിഐക്ക് റിപ്പോർട്ട് നൽകിയിട്ടില്ലേ? അപ്പോഴൊന്നും ഈ പറയുന്ന പ്രശ്നങ്ങൾ അവർക്ക് തോന്നിയിട്ടില്ലല്ലോ? പിന്നെ എങ്ങനെയാണ് ഇവർക്കു മാത്രം അത്തരമൊരു തോന്നൽ?

ഇതേ സംഭവത്തിൽ കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി അന്വേഷണം നടക്കുകയല്ലേ? കിഫ്ബിയുടെ എത്ര മുതിർന്ന ഓഫിസർമാരെ വിളിച്ചുവരുത്തി. ഇതെല്ലാം കഴിഞ്ഞിട്ടും തെറ്റ് എന്താണെന്നു പറയാൻ കഴിയാത്ത അന്വേഷണമാണെങ്കിൽ, ഇഡിക്കു മുന്നിൽ ഹാജരാകാൻ ആവശ്യപ്പെടുന്നത് എന്റെ പൗരാവകാശത്തിന്റെ ധ്വംസനമാണ്. പ്രത്യേക ലക്ഷ്യമൊന്നുമില്ലാതെ എവിടെനിന്നെങ്കിലും എന്തെങ്കിലും കിട്ടുമെന്നു കരുതിയുള്ള അന്വേഷണ പര്യടനം പാടില്ലെന്ന് സുപ്രീംകോടതി വിധിച്ചിട്ടുള്ളതാണ്. ആര്‍ക്കും കുതിര കയറാന്‍ നിന്നുകൊടുക്കാന്‍ പറ്റില്ല. എന്താണ് എന്റെ തെറ്റെന്ന് അറിയിക്കണം. അതിന് പറ്റിയില്ലെങ്കില്‍ നോട്ടിസ് പിന്‍വലിക്കണം. അവര്‍ അത് ചെയ്യണമെന്നില്ല. അതുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്’’ – തോമസ് ഐസക് വിശദീകരിച്ചു.

‘‘കേരളത്തെ പാപ്പരാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. അത് പറ്റില്ല. കേരളം പാപ്പരാകില്ല. കാരണം ഒരു സംസ്ഥാന സര്‍ക്കാരിന്റെ വരുമാനത്തില്‍ പ്രധാനപ്പെട്ടതൊന്നും കേന്ദ്രത്തിന് ഇല്ലാതാക്കാനാകില്ല. വായ്പ തരാതിരിക്കാന്‍ മാത്രമാണ് അവര്‍ക്ക് സാധിക്കുക.

കിഫ്ബിയെ കുറിച്ച് ആദ്യമായി പറഞ്ഞത് 2011ലെ ബജറ്റിലാണ്. നിർഭാഗ്യവശാൽ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടായില്ല. പകരം യുഡിഎഫ് വന്നു. ഇതോടെ ആ അഞ്ചു വര്‍ഷം കിഫ്ബി അടച്ചുമൂടപ്പെട്ടു. അതിനുശേഷം എല്‍ഡിഎഫ് വന്നപ്പോഴാണ് കിഫ്ബി പ്രാവര്‍ത്തികമായത്. ഉമ്മന്‍ ചാണ്ടിയുടെ കാലത്തെ ആ അഞ്ച് വര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ കേരളം ഇന്നു മാറിപ്പോകുമായിരുന്നു. വേറൊരു കേരളമായി മാറാന്‍ കഴിയുമായിരുന്നു. ഈ സംസ്ഥാനത്തിന്റെ വികസനത്തിന് മുടക്കം ഉണ്ടാക്കിയവരാണ് പ്രതിപക്ഷത്തിരിക്കുന്നവര്‍. അവര്‍ ഇപ്പോള്‍ ഇഡിക്കൊപ്പമാണ്. കേരളത്തിലും കേന്ദ്രത്തിലും അവര്‍ക്ക് വ്യത്യസ്ത നിലപാടാണ്’’ – തോമസ് ഐസക് ചൂണ്ടിക്കാട്ടി.

‘‘ഇഡി നീക്കത്തെ നിയമപരമായും ജനങ്ങളെ അണിനിരത്തിയും നേരിടണമെന്നാണ് സിപിഎം തീരുമാനിച്ചിട്ടുള്ളത്. സര്‍ക്കാരിനെതിരെയുള്ള കുതന്ത്രങ്ങളെ എങ്ങനെ പ്രതിരോധിക്കാമെന്നത് സംസ്ഥാന കമ്മിറ്റിയുടെ പ്രധാന ചര്‍ച്ചാവിഷയമാണ്. ജനങ്ങള്‍ കൂടെയുണ്ടെങ്കില്‍ ഒരു ഇഡിയെയും പേടിക്കേണ്ടതില്ലല്ലോ’ – തോമസ് ഐസക് പറഞ്ഞു.

English Summary: Dr. Thomas Isaac Speaks on ED Notice and KIIFBI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com