ഗോഡൗണുകളിൽ ധാന്യം ചോർന്നാൽ ബാധ്യത സർക്കാരിന്; മാസം 80 ലക്ഷത്തോളം നഷ്ടം

HIGHLIGHTS
  • ഉദ്യോഗസ്ഥരുടെ ബാധ്യത ഒഴിവാക്കി ഭക്ഷ്യവകുപ്പ്
  • വർഷം 10 കോടി വരെ ബാധ്യത
  • അഴിമതിക്കു കളമൊരുങ്ങുമെന്ന് ആശങ്ക
supplyco-wheat
ചിത്രം∙ മനോരമ
SHARE

തിരുവനന്തപുരം∙ ഭക്ഷ്യ വകുപ്പിന്റെ ഗോഡൗണുകളിൽ സൂക്ഷിക്കുന്ന ധാന്യങ്ങളിൽ കുറവുണ്ടായാൽ അതിന്റെ സാമ്പത്തിക ബാധ്യത പൂർണമായും സർക്കാരിന്റെ ചുമലിൽ. കൈകാര്യം ചെയ്യുമ്പോൾ സ്റ്റോക്കിൽ വരുന്ന കുറവ് ഇതുവരെ ഉദ്യോഗസ്ഥരുടെ വ്യക്തിഗത ബാധ്യതയായിരുന്നു.  ഇതൊഴിവാക്കിയും ഇങ്ങനെ സംഭവിക്കുന്ന കുറവ് കൈകാര്യ കിഴിവായി സർക്കാരിന്റെ ബാധ്യതയിൽ വകയിരുത്തിയും ഭക്ഷ്യസെക്രട്ടറി ഉത്തരവിട്ടു.

സർക്കാരിനു വർഷം 10 കോടിയോളം രൂപയുടെ ബാധ്യതയുണ്ടാക്കുന്നതാണു തീരുമാനം. കുറവു വരുന്ന ധാന്യത്തിന്റെ ബാധ്യത സർക്കാർ ഏറ്റെടുക്കുന്നതു സത്യസന്ധരായ ഉദ്യോഗസ്ഥർക്കു പരിരക്ഷയാകുമെങ്കിലും തീരുമാനം ദുരുപയോഗം ചെയ്താൽ ഉദ്യോഗസ്ഥ തലത്തിൽ അഴിമതിക്കു കളമൊരുങ്ങും.

2021 ജൂലൈയിൽ സപ്ലൈകോ സിഎംഡി ഭക്ഷ്യവകുപ്പിനു നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.  ഇപ്പോഴത്തെ ഭക്ഷ്യ സെക്രട്ടറി പി.എം.അലി അസ്ഗർ പാഷയായിരുന്നു അന്നു സപ്ലൈകോ സിഎംഡി. കേന്ദ്രത്തിൽനിന്ന് എഫ്സിഐ ഗോഡൗണിലെത്തുന്ന ഭക്ഷ്യധാന്യങ്ങൾ റേഷൻ കടകളിലേക്കുള്ള വിതരണത്തിനായി നേരെ ഇവിടേക്കാണ് എത്തുന്നത്. ഇതൊഴിവാക്കി, കുറഞ്ഞത് 0.3 ശതമാനമെങ്കിലും കൈകാര്യ കിഴിവ് അനുവദിക്കണമെന്നായിരുന്നു സപ്ലൈകോ സിഎംഡിയുടെ ശുപാർശ. 0.3 ശതമാനം അനുവദിച്ചാൽ സർക്കാരിനു മാസം 1.19 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും കണക്കുകൂട്ടിയിരുന്നു.

യഥാർഥത്തിലുള്ള കുറവ് അല്ലെങ്കിൽ 0.2 ശതമാനം കൈകാര്യ കിഴിവ്, ഗോഡൗൺ ആരംഭിച്ച കാലം മുതൽ പ്രാബല്യത്തോടെ അനുവദിക്കണമെന്നായിരുന്നു പൊതുവിതരണ ഉപഭോക്തൃ കമ്മിഷണറുടെ ശുപാർശ. ഇത് അംഗീകരിച്ചാണ് 0.2 ശതമാനം കൈകാര്യ കിഴിവ് അനുവദിക്കുന്നതിന് കമ്മിഷണറെ ചുമതലപ്പെടുത്തി ഭക്ഷ്യസെക്രട്ടറിയുടെ ഉത്തരവ്. 50 കിലോഗ്രാം ധാന്യമടങ്ങിയ ചാക്കിൽ  100 ഗ്രാം വരെ കുറവുവരാം. മാസം പരമാവധി 80 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണു കണക്കുകൂട്ടുന്നത്. എന്നാൽ മുൻകാല പ്രാബല്യം എന്ന ആവശ്യം അംഗീകരിച്ചിട്ടില്ല.

എഫ്സിഐ ഗോഡൗണിൽനിന്ന് എൻഎഫ്എസ്എ ഗോഡൗണിലെത്തുന്ന ധാന്യം ചാക്ക് തുറക്കാതെയാണു റേഷൻ കടകളിലേക്കു നൽകുന്നത്. അതുകൊണ്ടുതന്നെ ചാക്ക് പൊട്ടിക്കുമ്പോഴുള്ള നഷ്ടം ഇവിടെ സംഭവിക്കുന്നില്ല. എന്നാൽ, കൊളുത്ത് ഉപയോഗിച്ചു ചാക്ക് തൂക്കുമ്പോഴും മറ്റും നഷ്ടം സംഭവിക്കുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.

എഫ്സിഐ ഗോഡൗണുകളിൽ 0.4 ശതമാനം കൈകാര്യ കിഴിവു നൽകുമ്പോഴാണ് ഇവിടെ 0.2 ശതമാനം നൽകാൻ തീരുമാനിച്ചതെന്നു ഭക്ഷ്യസെക്രട്ടറി അലി അസ്ഗർ പാഷ പറഞ്ഞു. അളവിൽ  സ്വാഭാവികമായി സംഭവിക്കുന്ന കുറവിന് ഉദ്യോഗസ്ഥർ നഷ്ടം സഹിക്കുന്ന സാഹചര്യം ഒഴിവാക്കുകയാണു ലക്ഷ്യം. അഴിമതി കാണിക്കുന്നവരെ കണ്ടെത്താൻ കൃത്യമായ സംവിധാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English Summary: Food Department order on loss of grains in Godowns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}