ADVERTISEMENT

ജോര്‍ജ് ആറാമന്റെ പ്രജയായി ബ്രിട്ടിഷ് ഇന്ത്യയില്‍ ഞാന്‍ ജനിക്കുമ്പോള്‍ സ്വാതന്ത്ര്യം 106 ദിവസം അകലെയായിരുന്നു. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം സ്വാതന്ത്ര്യദിനം ബ്രിട്ടിഷ് ഭരണം അവസാനിച്ചതിന്റെ വാര്‍ഷികസ്മരണയായി ആഘോഷിച്ചുതുടങ്ങി. അന്ന് നാടെങ്ങും ദേശീയപതാക പാറിക്കളിക്കുമെന്നു മാത്രമല്ല ത്രിവര്‍ണം ജനങ്ങള്‍ക്ക് സ്വന്തമായിത്തീരുകയും ചെയ്യും. സ്വാതന്ത്ര്യദിനം പ്രമാണിച്ച് പത്രങ്ങളില്‍ പ്രത്യേക ഫീച്ചറുകള്‍ ഉണ്ടാകും. ഔദ്യോഗിക സ്വഭാവമുള്ള ലേഖനങ്ങള്‍ വായിച്ചാണ് സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും സ്വാതന്ത്ര്യ പ്രാപ്തിയെക്കുറിച്ചും പലതും അറിഞ്ഞത്. അതോടൊപ്പം റിപ്പബ്ലിക് ദിനവും ആഘോഷിക്കപ്പെട്ടു തുടങ്ങി. അർഥമറിഞ്ഞപ്പോള്‍ സ്വാതന്ത്ര്യ ദിനത്തേക്കാള്‍ പ്രധാനപ്പെട്ട ദിനം റിപ്പബ്ലിക് ദിനമാണെന്ന തിരിച്ചറിവുണ്ടായി. സ്വാതന്ത്ര്യം സമ്പാദിച്ച ജനതയുടെ പരമാധികാരപ്രഖ്യാപനമാണ് റിപ്പബ്ലിക് ദിനത്തില്‍ നടന്നത്. ഇവ രണ്ടിനേക്കാളും പ്രധാനപ്പെട്ടതാണ് നവംബര്‍ 26 ന്റെ ഭരണഘടനാദിനം എന്ന ധാരണയും കാലക്രമത്തില്‍ എനിക്കുണ്ടായി. സവിശേഷമായ സംഭവങ്ങളുടെ ആചരണം ചരിത്രത്തിന്റെ ഓര്‍മപ്പെടുത്തലാണ്. ചരിത്രത്തിന് ആവര്‍ത്തന സ്വഭാവമുള്ളതിനാല്‍ ഓര്‍മപ്പെടുത്തല്‍ പ്രധാനപ്പെട്ടതാണ്. 1757 ആവര്‍ത്തിക്കാതിരിക്കുന്നതിന് നാം 1947 ഓര്‍മയില്‍ സൂക്ഷിക്കുന്നു.

ജവാഹർലാൽ നെഹ്റുവും ലാൽ ബഹദൂർ ‌ശാസ്ത്രിയും.
ജവാഹർലാൽ നെഹ്റുവും ലാൽ ബഹദൂർ ‌ശാസ്ത്രിയും.

ദരിദ്രരാഷ്ട്രമെന്നാണ് എന്റെ കുട്ടിക്കാലത്ത് ഇന്ത്യ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. പാഠപുസ്തകങ്ങളിലും ആ പരാമര്‍ശമുണ്ടായിരുന്നു. രണ്ടു നൂറ്റാണ്ട് നീണ്ടുനിന്ന ബ്രിട്ടിഷ് ഭരണത്തിന്റെ ബാക്കിപത്രം ദാരിദ്ര്യമാണെന്ന ധാരണയുണ്ടായി. പിഎല്‍ 480 അനുസരിച്ച് അമേരിക്കയില്‍നിന്ന് ധാന്യക്കപ്പലുകള്‍ എത്തിയില്ലെങ്കില്‍ ക്ഷാമം എന്ന അവസ്ഥയുണ്ടായി. മദ്രാസ് തുറമുഖത്ത് ഭക്ഷ്യമന്ത്രി സി.സുബ്രഹ്മണ്യം അമേരിക്കന്‍ കപ്പലിനെ സ്വീകരിക്കുന്ന വാര്‍ത്ത ദ് ഹിന്ദുവില്‍ അന്നത്തെ വാര്‍ത്തകള്‍ എന്ന പംക്തിയില്‍ ഈയിടെ കണ്ടു. അതേ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലാണ് ഇന്ത്യയില്‍ ഹരിതവിപ്ലവമുണ്ടായത്. നമുക്ക് ആവശ്യമുള്ളതിലധികം ധാന്യം ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞ വിപ്ലവമായിരുന്നു നോര്‍മന്‍ ബൊര്‍ലോഗ് എന്ന കനേഡിയന്‍ കാര്‍ഷികശാസ്ത്രജ്ഞന്‍ സാധ്യമാക്കിയത്. ജയ് ജവാന്‍ ജയ് കിസാന്‍ എന്ന അഭിവാദ്യം രാഷ്ട്രത്തിന്റെ മന്ത്രോച്ചാരണമാക്കിക്കൊണ്ട് പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രി പടക്കളത്തിലും വയലേലകളിലും വിജയഗാഥ രചിച്ചു.

അഞ്ഞൂറിലേറെ നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ചുകൊണ്ടും കിഴക്കും പടിഞ്ഞാറും പാക്കിസ്ഥാന്‍ എന്ന പേരില്‍ വിസ്തൃതമായ പ്രദേശങ്ങള്‍ കൈയൊഴിഞ്ഞുകൊണ്ടുമാണ് സ്വതന്ത്രഭാരതത്തിന്റെ ഭൂപടം വരയ്ക്കപ്പെട്ടത്. രാജാക്കന്മാരെ അധികാരം കൈയൊഴിയാന്‍ പ്രേരിപ്പിച്ച മഹായത്നത്തില്‍ പട്ടേലിനൊപ്പം ചേര്‍ത്തുവയ്ക്കപ്പെട്ട പേരാണ് വി.പി.മേനോന്‍. മലയാളിയായ വി.പി.മേനോന്റെ അവിശ്വസനീയമായ നേട്ടം അക്കാലത്ത് പ്രചുരപ്രചാരം നേടിയ ലെജന്‍ഡായിരുന്നു. അതിനേക്കാള്‍ പ്രധാനപ്പെട്ടതായിരുന്നു പാക്കിസ്ഥാനില്‍നിന്നെത്തിയ അഭയാര്‌ഥികളുടെ പ്രശ്നം. എണ്‍പത് ലക്ഷം അഭയാർഥികളാണ് അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയത്. ഓസ്ട്രേലിയ എന്ന വിസ്തൃതമായ ഭൂഖണ്ഡത്തിലെ ജനങ്ങളുടെ എണ്ണവും ഇത്രതന്നെ വരുമായിരുന്നു എന്നറിയുമ്പോള്‍ പ്രശ്നത്തിന്റെ അതിതീവ്രത മനസ്സിലാകും.

സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം ഇന്ത്യയില്‍ നടന്ന മഹാദ്ഭുതമാണ് ഭരണഘടനയുടെ രചന. മുന്നൂറു പ്രതിനിധികള്‍ മൂന്നു വര്‍ഷം സമ്മേളിച്ച് രൂപം കൊടുത്തതാണ് നമ്മുടെ ഭരണഘടന. നമുക്കുവേണ്ടി നമ്മള്‍തന്നെ തയാറാക്കിയതാണത്. ചമയങ്ങള്‍ക്കും ചാരുതയ്ക്കുമപ്പുറം സമാരാധ്യമായ സത്തയാണ് ഭരണഘടനയെ സവിശേഷമാക്കുന്നത്. മാനവികതയുടെ സനാതനമായ ഭാഷയിലാണ് അത് എഴുതപ്പെട്ടിരിക്കുന്നത്. ഏറിയാല്‍ ഏഴു കൊല്ലമാണ് ഭരണഘടനയ്ക്ക് ഐവര്‍ ജെന്നിങ്സ് ആയുസ്സ് കല്‍പിച്ചത്. ഏതാണ്ട് സമകാലീനമായി സിലോണിനുവേണ്ടി അദ്ദേഹം തയാറാക്കിയ ഭരണഘടനയ്ക്ക് അത്രയും ആയുസ്സുണ്ടായില്ല. പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കെന്ന നിലയില്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷം ആഘോഷിക്കാന്‍ ഇന്ത്യയ്ക്ക് അവസരം ലഭിച്ചത് ഈ ഭരണഘടനയുടെ പിന്‍ബലത്തിലാണ്.

ക്യാബിനറ്റ് സമ്പ്രദായത്തിലുള്ള പാര്‍ലമെന്‍ററി ജനാധിപത്യത്തിന് നാം ബ്രിട്ടനോടു കടപ്പെട്ടിരിക്കുന്നു. ലോകമെങ്ങുമുള്ള പാര്‍ലമെന്‍റുകളുടെ മാതാവെന്നാണ് ബ്രിട്ടിഷ് പാര്‍ലമെന്‍റ് അറിയപ്പെടുന്നത്. അതിനപ്പുറം ബ്രിട്ടിഷ് മാതൃകയിലേക്ക് നാം നീങ്ങിയിരുന്നുവെങ്കില്‍ നമുക്ക് ഔദ്യോഗികമതവും രാജാവും ഉണ്ടാകുമായിരുന്നു. മൊണാര്‍ക്കിയിലേക്കു നീങ്ങാതെ റിപ്പബ്ലിക്കന്‍ ചര്യയെ ആശ്ലേഷിച്ചതുകൊണ്ട് നമുക്ക് തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്‍റുണ്ടായി. രാജഭരണവുമായി പൊതുവില്‍ പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്ന ഇന്ത്യന്‍ ജനതയ്ക്ക് ഒരു രാജാവിനെ സ്വീകരിക്കാന്‍ പ്രയാസമുണ്ടാകുമായിരുന്നില്ല. ജനപ്രീതിയില്‍ ഒപ്പം നിര്‍ത്താന്‍ മറ്റാരുമില്ലാത്ത സാഹചര്യത്തില്‍ നെഹ്റുവിനെ വേണമെങ്കില്‍ രാജാവോ ചക്രവര്‍ത്തിയോ ആയി അഭിഷേകം ചെയ്യാമായിരുന്നു.

നെഹ്റു ജനാധിപത്യവാദിയായിരുന്നു. പാര്‍ലമെന്‍ററി ജനാധിപത്യത്തില്‍ രാജാവിനെക്കാള്‍ ശക്തനാണ് പാര്‍ലമെന്‍റിനോട് ഉത്തരവാദിത്തമുള്ള പ്രധാനമന്ത്രിയെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എണ്ണത്തില്‍ പ്രഥമസ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യന്‍ ജനാധിപത്യത്തെ ശ്രേഷ്ഠമാക്കുന്നതിനുള്ള മഹായജ്ഞത്തിലാണ് നെഹ്റു ഏര്‍പ്പെട്ടത്. പാര്‍ലമെന്‍റില്‍ അംഗീകാരമില്ലാത്ത ശുഷ്കമായ പ്രതിപക്ഷത്തെ അദ്ദേഹം ചേര്‍ത്തുപിടിച്ചു. അവര്‍ക്കു പറയാന്‍ അവസരം കൊടുത്തു. അവര്‍ പറഞ്ഞതു കേട്ടു. പ്രതിപക്ഷത്തിന്റെ ദുര്‍ബലാവസ്ഥയില്‍, പ്രതിപക്ഷത്തിന്റെ ചുമതല അക്കാലത്ത് ഏറ്റെടുത്തത് പത്രങ്ങളായിരുന്നു. വിമര്‍ശനങ്ങളെ നെഹ്റു സഹിഷ്ണുതയോടെ ഉള്‍ക്കൊണ്ടു. സാര്‍വദേശീയരംഗത്ത് അദ്ദേഹം ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തി. ഇന്ത്യ ദരിദ്രരാഷ്ട്രമാണെന്നു വായിക്കുമ്പോഴും ഇന്ത്യയുടെ സുവര്‍ണകാലം ആസന്നമായിരിക്കുന്നുവെന്ന ശുഭപ്രതീക്ഷ ഞങ്ങള്‍ക്കുണ്ടായി.

ജവാഹർലാൽ നെഹ്റുവും മഹാത്മാ ഗാന്ധിയും
ജവാഹർലാൽ നെഹ്റുവും മഹാത്മാ ഗാന്ധിയും

നെഹ്റുവിന്റെ സമഗ്രാധിപത്യത്തില്‍ നിലനില്‍ക്കുന്ന ഏകകക്ഷിഭരണം ഇന്ത്യന്‍ ജനാധിപത്യത്തെ അപകടത്തിലാക്കുമെന്ന് രാജാജി പറഞ്ഞപ്പോള്‍ രാഷ്ട്രം വിശ്വസിച്ചു. അദ്ദേഹം സ്ഥാപിച്ച സ്വതന്ത്രാ പാര്‍ട്ടിക്കും മറ്റ് പ്രാദേശിക പ്രതിപക്ഷപാര്‍ട്ടികള്‍ക്കും നല്ല വേരോട്ടമുണ്ടായി. എന്നിട്ടും തിരഞ്ഞെടുപ്പില്‍ ജനം നെഹ്റുവിനൊപ്പം നിന്നു. രണ്ടാമത്തെ പൊതുതിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മാത്രമാണ് വ്യത്യസ്തമായ അവസ്ഥയുണ്ടായത്. ആ യാഥാർഥ്യവുമായി പൊരുത്തപ്പെടാതെ പുത്രിയായ കോണ്‍ഗ്രസ് പ്രസിഡന്‍റിന്റെ ഇംഗിതത്തിനു വഴങ്ങി ജനാധിപത്യ സര്‍ക്കാരിനെ നെഹ്റു പിരിച്ചുവിട്ടു. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായപ്പോള്‍ ജനാധിപത്യത്തെ അടിയന്തരാവസ്ഥയെന്ന കരിമ്പടത്തിലാക്കി. ഇത്തരം അപഭ്രംശങ്ങള്‍ എല്ലാ ജനാധിപത്യങ്ങളിലും സംഭവിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യത്തിന്റെ അർധരാത്രിയില്‍ എല്ലാ ശ്രദ്ധയും ജവാഹര്‍ലാല്‍ നെഹ്റുവില്‍ കേന്ദ്രീകരിച്ചു. അധികാരക്കൈമാറ്റത്തിന് സാക്ഷിയോ കാര്‍മികനോ ആകാന്‍ മഹാത്മാ ഗാന്ധി ഉണ്ടായിരുന്നില്ല. എഴുപത്തിയേഴുകാരനായ ഗാന്ധി കല്‍ക്കട്ടയില്‍ 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഉപവാസത്തിലായിരുന്നു. അർധനഗ്നനായ ആ ഫക്കീര്‍ നഗ്നപാദനായി ബംഗാള്‍ ഗ്രാമങ്ങളിലൂടെ സാന്ത്വനത്തിന്റെ വാക്കും സ്പര്‍ശവുമായി നടന്നു. ഏഴാഴ്ച നീണ്ട ബംഗാള്‍ യാത്രയ്ക്കുശേഷം അദ്ദേഹം ബിഹാറിലേക്കും യുപിയിലേക്കും പിന്നെ പഞ്ചാബിലേക്കും കടന്നു. വിഭജനവും ലഹളയും സൃഷ്ടിച്ച മുറിവുകള്‍ ഉണക്കുന്നതിനുള്ളതായിരുന്നു ആ യാത്ര. ഡല്‍ഹിയില്‍ അതവസാനിക്കുമ്പോള്‍ അദ്ദേഹത്തെ കാത്തിരുന്നത് നാഥുറാം ഗോഡ്സെയുടെ വെടിയുണ്ടകളായിരുന്നു. മോസസിനെപ്പോലെ ഗാന്ധിജിക്കും വാഗ്ദത്തഭൂമിയില്‍ ഇടമുണ്ടായിരുന്നില്ല. 168 ദിവസങ്ങള്‍ മാത്രമായിരുന്നു താന്‍ സൃഷ്ടിച്ച സ്വാതന്ത്ര്യത്തിന്റെ ഭൂമിയില്‍ അദ്ദേഹത്തിന് ജീവിക്കാനായത്.

ഇന്ത്യ എന്ന അവിശ്വസനീയമായ വിസ്മയത്തിന്റെ തുടക്കം വൈരുധ്യങ്ങള്‍ നിറഞ്ഞതായിരുന്നു. വൈരുധ്യങ്ങളുടെ സമന്വയത്തിലൂടെയാണ് സ്വതന്ത്ര ഇന്ത്യ എഴുപത്തിയഞ്ചാം വര്‍ഷത്തില്‍ എത്തിനില്‍ക്കുന്നത്. നാനാത്വത്തിലെ ഏകത്വവും ഏകത്വത്തിലെ നാനാത്വവും അനായാസം അപഗ്രഥിക്കാനാവില്ല. ഉള്‍ക്കൊള്ളുന്നതിലൂടെയാണ് ഇന്ത്യ നിലനില്‍ക്കുന്നത്. സ്വീകാരമാണ്, നിരാസമല്ല നമ്മുടെ തത്ത്വശാസ്ത്രം.

English Summary: Sebastian Paul on 75 years of Indian Independence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com