നിലമ്പൂർ ∙ അബുദാബിയിൽ വ്യവസായിയായിരുന്ന കോഴിക്കോട് സ്വദേശി പാറമ്മൽ ഹാരിസിന്റെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും. അബുദാബി പൊലീസ് ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസിലാണ് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്താന്‍ നിലമ്പൂര്‍ കോടതി ഉത്തരവിട്ടത്. മൈസൂരു സ്വദേശിയായ പാരമ്പര്യ വൈദ്യനെ നിലമ്പൂരിലെ വീട്ടിൽ മാസങ്ങളോളം പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഷൈബിൻ അഷ്റഫിന്റെ സുഹൃത്തായിരുന്നു ഹാരിസ്. ഹാരിസിനെ ഷൈബിൻ അഷ്റഫിന്റെ സംഘം കൊലപ്പെടുത്തിയതാണെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും പോസ്റ്റ്മോർട്ടം നടത്തുന്നത്.
കോഴിക്കോട് കുന്നമംഗലം ഈസ്റ്റ് മലയമ്മ സ്വദേശിയാണ് ഹാരിസ്. അതേസമയം, ഹാരിസിനൊപ്പം കൊല്ലപ്പെട്ട ചാലക്കുടി സ്വദേശി ഡെന്‍സി ആന്‍റണിയുടെ മരണത്തിലും പൊലീസിനു കൂടുതല്‍ തെളിവുകള്‍ ആവശ്യമുണ്ട്. അബുദാബി പൊലീസ് കൂടുതല്‍ അന്വേഷണങ്ങളൊന്നും നടത്താതെയാണ് ഹാരിസിന്‍റെ മരണം ആത്മഹത്യയാണെന്ന് എഴുതി തള്ളിയത്. ഹാരിസ് 2020ല്‍ അബുദാബിയില്‍വെച്ച് കൈമുറിച്ച് ആത്മഹത്യ ചെയ്തതായി ഷൈബിന്‍ നേരത്തെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
∙ പിന്നിൽ ഷൈബിൻ?
അബുദാബിയിൽ വ്യവസായിയായിരുന്ന ഹാരിസ്, അദ്ദേഹത്തിന്റെ മാനേജരായ മലയാളി യുവതി എന്നിവരുടെ മരണം ആസൂത്രിത കൊലപാതകമാണെന്നു കഴിഞ്ഞ ദിവസം വ്യക്തമായിരുന്നു. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരൻ, നിലമ്പൂരിൽ മൈസൂരു സ്വദേശിയായ നാട്ടുവൈദ്യന്റെ കൊലപാതകത്തിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. നാട്ടുവൈദ്യന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന സത്യം ചുരുളഴിഞ്ഞത്.
ഹാരിസ്, ചാലക്കുടി സ്വദേശിനി എന്നിവരെ 2020 മാർച്ച് 5ന് ആണ് ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹാരിസ് കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തെന്ന നിഗമനത്തിൽ അബുദാബി പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. ലഹരിമരുന്ന് കേസിൽ ഷൈബിന് അബുദാബിയിൽ പ്രവേശനവിലക്കുണ്ട്. കേസിനു പിന്നിൽ ഹാരിസാണെന്ന ഷൈബിൻ സംശയിച്ചിരുന്നു. ഹാരിസിന്റെ മുൻ ഭാര്യയുമായുള്ള ഷൈബിന്റെ അടുപ്പം ഇരുവർക്കുമിടയിൽ ശത്രുത വർധിപ്പിച്ചു. തുടർന്ന് ഷൈബിൻ കേരളത്തിലിരുന്ന് കൊലപാതക പദ്ധതി തയാറാക്കിയെന്നാണു പൊലീസ് പറയുന്നത്.
ഇതിനായി ഹാരിസ് താമസിച്ചിരുന്ന ഫ്ലാറ്റിനു മുകളിലായി ബന്ധുവിന്റെ പേരിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്തു. തുടർന്ന് തന്റെ കൂട്ടാളികളെ ചാർട്ടേഡ് വിമാനത്തിൽ അവിടെയെത്തിച്ചു.കൊലപാതകം നടന്ന ദിവസം, ഷൈബിന്റെ കൂട്ടാളിയായ ഷഫീഖ് കെട്ടിടത്തിലെ പാക്കിസ്ഥാൻ സ്വദേശിയായ സുരക്ഷാ ജീവനക്കാരനെ തന്ത്രപൂർവം ഭക്ഷണത്തിന് മാളിലേക്ക് കൂട്ടിക്കൊണ്ടുപോയി. സിസിടിവി ക്യാമറ ഇല്ലാത്ത ഭാഗത്തുകൂടി മറ്റുള്ളവർ ഹാരിസിന്റെ ഫ്ലാറ്റിനടുത്തെത്തി. ഹാരിസ് വാതിൽ തുറന്നതും എല്ലാവരും അകത്തേക്ക് ഇടിച്ചുകയറി. സെക്രട്ടറിയായ യുവതിയും ഫ്ലാറ്റിലുണ്ടായിരുന്നു. ഷഫീഖ്, ഷ ബീബ്, അജ്മൽ, നൗഷാദ് എന്നിവരാണ് ഫ്ലാറ്റിൽ കയറിയത്.
∙ ഷൈബിൻ എല്ലാം ലൈവായി കണ്ടു
ഷൈബിൻ എല്ലാം ലൈവായി കണ്ടു അബുദാബിയിൽ കൊലപാതകം നടക്കുമ്പോൾ നാട്ടിൽനിന്നു മൊബൈലിലൂടെ ഷൈബിൻ ലൈവായി കൂട്ടാളികൾക്കു നിർദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. അന്വേഷണം വഴിതെറ്റിപ്പിക്കാനുള്ള ആസൂത്രിത നീക്കങ്ങളാണു നടത്തിയത്. യുവതിയുടെ കവിളിൽ ഹാരിസിനെക്കൊണ്ട് അടിപ്പിച്ചു. കഴുത്തുപിടിച്ച് ഞെരിപ്പിച്ചു. ഹാരിസിന്റെ കൈവിരലടയാളം കവിളിലും കഴുത്തിലും പതിയാൻ വേണ്ടിയായിരുന്നു ഇത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹാരിസിനെ മദ്യം കുടിപ്പിക്കുകയും ആപ്പിൾ കടിപ്പിക്കുകയും ചെയ്തു. വിരൽ, പല്ല് എന്നിവയുടെ അടയാളം പതിയാൻ വേണ്ടിയായിരുന്നു ഇത്. ശേഷം കൈഞരമ്പു മുറിച്ച് ഹാരിസിനെ ബാത്ത് ടബിൽ തളളി.
ഒരാൾ നിലത്തുവീണ രക്തത്തിൽ ഹാരിസിന്റെ ചെരിപ്പ് ധരിച്ച് മുറിയിലൂടെ നടക്കുകയും ചെയ്തു. മദ്യലഹരിയിൽ നടത്തിയ അതിക്രമത്തിൽ യുവതി കൊല്ലപ്പെട്ടപ്പോൾ പിടിക്കപ്പെടുമെന്ന് ഭയന്ന് ഹാരിസ് ആത്മഹത്യ ചെയ്തെന്ന നിഗമനത്തിലാണ് അബുദാബി പൊലീസ് എത്തിയത്. ഹാരിസിന്റെ കുടുംബം പരാതിയുമായെത്തിയപ്പോൾ ഷൈബിൻ ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു.
English Summary: Kozhikode Harris Death, Re-Post Mortem Today